കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം സമാപിച്ചു
print edition കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസിവിരുദ്ധ നിലപാടുകൾ തിരുത്തണം

തിരൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസിവിരുദ്ധ നിലപാടുകൾ തിരുത്തണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാർ നടപ്പാക്കിയ പ്രവാസി ക്ഷേമ പദ്ധതികളോട് യുഡിഎഫ് സർക്കാർ മുഖംതിരിക്കുകയാണ്. ബജറ്റിൽ പ്രവാസി ക്ഷേമത്തിന് തുക വകയിരുത്തിട്ടിയില്ല.
പ്രവാസി പെൻഷൻ പദ്ധതിക്ക് തുക അനുവദിക്കാത്തതിനാൽ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പ്രവാസി മിഷൻ പ്രവാസി ഡിവിഡന്റ് പദ്ധതികൾ പുനരാരംഭിക്കണം, ഔട്ട് പാസ് ലഭിച്ച പ്രവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കുക, ഐസിഡബ്ല്യു ഫണ്ടും എമിഗ്രേഷൻ ഫണ്ടുകളും പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനത്തിൽ പൊതു ചർച്ച നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി സൈതാലിക്കുട്ടി ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ സംസാരിച്ചു. തിരൂർ റിങ് റോഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ സമാപിച്ചു.
പ്രവാസികളുടെ കരുത്ത് വിളിച്ചോതി
കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ കരുത്ത് വിളിച്ചോതി കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളന റാലി. സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് ആയിരങ്ങളാണ് പ്രകടനത്തിൽ പങ്കെടുത്തത്. ബാന്റ് വാദ്യത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തിരൂർ റിങ് റോഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ സമാപിച്ചു. ലാലാ ഹർദയാൽ നഗറിൽ നടന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി.
കെ വി അബ്ദുൾ ഖാദർ, വി പി അനിൽ എന്നിവർ സംസാരിച്ചു. അക്ബർ ട്രാവൻസ് എംഡി ഡോ. അബ്ദുൾ നാസറിനെയും ഖത്തറിലെ വ്യവസായി കല്ലൻ ഉസ്മാനേയും പിണറായി വിജയൻ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന സെക്രട്ടറി ബാദുഷ കടലുണ്ടി സ്വാഗതവും ജില്ലാ സെക്രട്ടറി വി കെ റൗഫ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് കെ സി സജീവ് തൈക്കാട്, നന്ദിനി മോഹനൻ, കെ കെ പ്രീതി, സി കെ കൃഷ്ണദാസ്, സി പി റസാക്ക് എന്നിവർ നേതൃത്വം നൽകി.










0 comments