ദേശീയപാത അതോറിറ്റിയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം
പെട്രോൾ പമ്പുടമകകളിലെ ശുചിമുറി യാത്രക്കാർക്ക് ഉപയോഗിക്കാം:ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: യാത്രക്കാർക്കും മറ്റുള്ളവർക്കും ദേശീയപാതയിലെ പെട്രോൾ പമ്പുകകളിലെ ശുചിമുറി ഏത് സമയവും ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഇന്ധനം നിറയ്ക്കാനെത്തുന്നവർക്ക് മാത്രം അനുവദിക്കണമെന്ന് പമ്പുടമകൾക്ക് തിരിച്ചടിയാണ് വിധി. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. പമ്പുകളുടെ വാതിൽക്കൽ ശുചിമുറി സൗകര്യവും വെള്ളവുെമാക്കെ ലഭ്യമാണെന്ന ബോർഡ് വയ്ക്കാനും കോടതി നിർദേശം നൽകി.
പമ്പുകളിലെ ശുചിമുറികൾ പൊതുശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇവർക്ക് അനുകൂലമായിരുന്നില്ല സിംഗിൾ ബെഞ്ച് വിധി. ഇതിനെതിരെയാണ് പമ്പുടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ദേശീയപാതകളിൽ ശുചിമുറി സൗകര്യം ഏർപ്പെടുത്തേണ്ടത് ദേശീയപാത അതോറിറ്റിയുടെ ജോലിയാണ്. എന്നാൽ ദേശീയപാതകളിലൊന്നും ശുചിമുറികളില്ല. അവ അടച്ചിട്ടിരിക്കുകയാണ്. പുറംരാജ്യങ്ങളിലൊക്കെ പോയാൽ ഒരു നിശ്ചിത ദൂരം ദേശീയപാതകളിലൂടെ സഞ്ചരിച്ചാൽ വിശ്രമിക്കാനും ശുചിമുറി ഉപയോഗിക്കാനുമൊക്കെ സൗകര്യമുണ്ടാകും. ഇവിടെ അതൊന്നുമില്ല. അതുകൊണ്ടു തന്നെ ദേശീയപാതകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ ഭാരം കൂടി പെട്രോൾ പമ്പുടമകൾ അനുഭവിക്കേണ്ടി വരുന്നുവെന്നും അത് മോശം കാര്യമാണെന്നും കോടതി പറഞ്ഞു.
അതേസമയം, മറ്റു സ്ഥലങ്ങളിലെ പമ്പുകളിൽ യാത്രക്കാർക്കും ശുചിമുറി ഉപയോഗിക്കാൻ പറ്റണം. പൊതുജനങ്ങൾക്ക് ഈ സൗകര്യം അനുവദിക്കണോ എന്നത് പെട്രോൾ പമ്പുടമകളുടെ വിവേചനാധികാരമാണെന്നും കോടതി വ്യക്തമാക്കി.










0 comments