print edition പ്രതിപക്ഷത്തെ ഭയന്ന് സർക്കാർ

തിരുവനന്തപുരം: ആദ്യ സമ്മേളനത്തിൽതന്നെ പ്രതിപക്ഷത്തിന് പ്രസംഗിക്കാനും വിഷയം അവതരിപ്പിക്കാനുള്ള അവകാശത്തെയും ഇല്ലാതാക്കാൻ സർക്കാർ നീക്കം. പ്രതിപക്ഷ നേതാവിനടക്കം പ്രസംഗിക്കാൻ ചട്ടവിരുദ്ധമായി സമയം നൽകുന്നുവെന്ന തെറ്റായ പ്രചാരണമാണ് ചില മാധ്യമങ്ങളും ഭരണപക്ഷ അംഗങ്ങളും നടത്തുന്നത്.
ചൊവ്വാഴ്‌ച പ്രതിപക്ഷ നേതാവിന്റെ പ്രസംഗം രേഖയിൽനിന്ന് നീക്കിയത് ഇതിന്റെ ഭാഗം.
പ്രതിപക്ഷ നേതാവിന്റെയോ പ്രതിപക്ഷാംഗങ്ങളുടെയോ അവകാശങ്ങളോ സമയമോ ലംഘിച്ച ചരിത്രമല്ല സഭയിലുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭയിൽ പത്തുമിനിറ്റ് മാത്രം സഭ ചേർന്ന ദിവസങ്ങളിലും കൂടുതൽ സമയം സംസാരിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനാണ്. അതേ ആളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ കടുത്ത അസ്വസ്ഥതയോടെ എഴുന്നേറ്റതും പ്രസംഗം രേഖകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടതും. പ്രതിപക്ഷത്തുള്ളവർക്ക് സംസാരിക്കാൻ സമയം കൊടുക്കുന്നതിൽ ദീർഘകാലത്തെ നിയമസഭാ പരിചയമുള്ള മന്ത്രിമാരുൾപ്പെടെ എതിർപ്പുമായി രംഗത്തെത്തി.
ഭരണപക്ഷത്തെ ആരെങ്കിലും ശബ്ദിച്ചാൽ പോലും ‘തന്റെ പ്രസംഗം ആസൂത്രിതമായി തടസ്സപ്പെടുത്തുന്നു ’ എന്നാണ് വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വിലപിച്ചത്. എണ്ണത്തിലെ വണ്ണംവച്ച് പ്രതിപക്ഷ അവകാശങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് സൂചിപ്പിച്ച് യുഡിഎഫ് പത്രവും സമയക്കണക്കിൽ അവാസ്തവം പ്രചരിപ്പിക്കുന്നു. ഇത് ശിരസാവഹിച്ചമട്ടായിരുന്നു ചൊവ്വാഴ്‌ചത്തെ സർക്കാർ നടപടികൾ.









0 comments