കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം മാതൃകാപരം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയറ്റിലെ നവകൈരളി ഹാളിൽ നടന്ന ചടങ്ങിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രസിദ്ധീകരിച്ച ക്ഷേമദർപ്പണം കൈപ്പുസ്തകം, നവീകരിച്ച സോഫ്റ്റ്‌വെയർ എന്നിവയുടെ പ്രകാശനവും തയ്യൽ തൊഴിലാളി ആനുകൂല്യ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ ബോർഡിൽ 7,66,201 അംഗങ്ങളും 117,985പെൻഷൻകാരും ഉണ്ട്. പെൻഷന് പുറമെ വിവാഹ ധനസഹായം, പ്രസവ ധനസഹായം, ചികിത്സാ ധനസഹായം, റിട്ടയർമെന്റ് ആനുകൂല്യം തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങൾ ബോർഡ് നൽകി വരുന്നുണ്ട്.
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ 10 ഗുണഭോക്താക്കൾക്കുള്ള മരണാനന്തര ധനസഹായമായ 4,68,28 രൂപ മരണപ്പെട്ടവരുടെ ആശ്രിതർക്ക് വിതരണം ചെയ്തു.
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചരിത്രം, നിയമം, ചട്ടങ്ങൾ എന്നിവയിൽ നാളിതുവരെ വരുത്തിയിട്ടുള്ള ഭേദ ഗതികൾ ക്രോഡീകരിക്കുകയും തയ്യൽ തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട ബോർഡിന്റെ ഓഫീസ് നടപടിക്രമങ്ങളെ സംബന്ധിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ നിന്നും പുറപ്പെടുവിക്കുന്ന സർക്കുലറുകൾ എന്നിവ ലളിതമായ ഭാഷയിൽ രേഖപ്പെടുത്തിയാണ് ''ക്ഷേമ ദർപ്പണം' എന്ന പേരിലുള്ള ഒരു കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. വെബ് സൈറ്റ് നവീകരണം കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എലിസബത്ത് അസീസി അധ്യക്ഷയായ ചടങ്ങിൽ ലേബർകമീഷണർ സഫ്ന നസറുദ്ദീൻ സ്വാഗതവും സിഇഒ ആർ പ്രമോദ് നന്ദിയും പറഞ്ഞു










0 comments