തീർഥാടകപ്രവാഹം തുടരുന്നു; സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം

ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലിൽ ദർശനത്തിനായി കാത്തുനിൽക്കുന്നവർക്ക് ദേവസ്വം ബോർഡ് വളന്റിയർമാർ ബിസ്‌കറ്റ് നൽകുന്നു / ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ
ശബരിമല: ശബരിമലയിൽ ഇടമുറിയാതെ തീർഥാടകപ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് ഇന്നും തിരക്ക് നിയന്ത്രണ വിധേയം. പരാതികളില്ലാതെ സുഗമായി ദർശനം നടത്തിയാണ് തീർഥാടകർ മലയിറങ്ങുന്നത്. മണ്ഡലകാല ഉത്സവത്തിന് തുടക്കം കുറിച്ച് എട്ട് ദിവസം പിന്നിടുമ്പോൾ ഏഴ് ലക്ഷത്തിലധികം തീർഥാടകർ സന്നിധാനത്തെത്തി.
ഞായറാഴ്ച വൈകിട്ട് ഏഴുവരെ 69,295 പേരാണ് മലചവിട്ടിയത്. സ്‌പോട്ട് ബുക്കിങ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിനനുസരിച്ച് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. വൈകിട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11,516 പേരാണ് സ്‌പോട്ട് ബുക്കിങ് വഴി ദർശനത്തിനെത്തിയത്.
കൃത്യമായ ക്രമീകരണം നടത്തിയതോടെ വലിയ നടപ്പന്തലിൽ കാത്തുനിൽക്കാതെ തന്നെ തീർഥാടകർക്ക് പതിനെട്ടാംപടി ചവിട്ടാനായി. അവലോകന യോഗ തീരുമാന പ്രകാരം താൽക്കാലിക ജീവനക്കാരേയും ശുചീകരണ തൊഴിലാളികളെയും നിയമിക്കാനുള്ള അപേക്ഷ ദേവസ്വം ബോർഡ് ക്ഷണിച്ചു. ഇവരുടെ നിയമനത്തോടെ കൂടുതൽ സൗകര്യങ്ങൾ തീർഥാടകർക്ക് നൽകാനാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.








0 comments