വെടിക്കോപ്പ് നിർമാണശാല സ്‌ഫോടനം
print edition ദുരന്ത വ്യാപ്‌തി വർധിപ്പിച്ചത് ‘ബ്ലാസ്റ്റ് ഇഫക്ട്’

വെടിക്കോപ്പ് നിർമാണശാല സ്‌ഫോടനം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലെ പൊട്ടിത്തെറിയിൽ മരണവും പരിക്കിന്റെ വ്യാപ്‌തിയും കൂടാൻ കാരണം ‘ബ്ലാസ്റ്റ് ഇഫക്ട്’. അപകടത്തിൽപ്പെട്ടവർക്ക് തീപ്പൊള്ളലിനേക്കാൾ കൂടുതൽ പരിക്ക് പറ്റിയത് പൊട്ടിത്തെറിയിലാണ്. ശരീരഭാഗങ്ങൾ തിരിച്ചറിയാനാകാത്ത രീതിയിൽ ചിന്നിച്ചിതറിയത് ഇൗ പ്രതിഭാസം കാരണമാണ്. ഇതിനൊപ്പം ആന്തരിക അവയവങ്ങൾ ചെറിയ കഷണങ്ങളായി തകർന്നു.
ബോംബ് സ്‌ഫോടനത്തിന് സമാനമായ പൊട്ടിത്തെറിയാണ് വെടിക്കോപ്പ് നിർമാണശാലയിലുണ്ടായത്. തുടർന്ന് പുറന്തള്ളിയ മർദത്തിലാണ് ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയത്. വായു നിൽക്കുന്ന ശരീര ഭാഗങ്ങൾക്കാണ് ഇതിന്റെ ആഘാതം കൂടുതലുണ്ടായത്. അവയവങ്ങൾ ഇൗ മർദത്തിൽ പൊട്ടിത്തെറിച്ചു. ഇതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്.
വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ അവിടെയുണ്ടായിരുന്ന തൊഴിലാളികൾ വളരെ ദൂരത്തേക്ക് എടുത്ത് എറിയപ്പെടുകയായിരുന്നു. മരിച്ചവരിൽ അധികംപേരുടെയും ശ്വാസകോശം തകർന്നതായും വയർ പൊട്ടിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളിൽ ഉണ്ടായ ക്ഷതമാണ് മരണത്തിനും അതീവ ഗുരുതര പരിക്കിനും ഇടയാക്കിയത്.
ഇതിനൊപ്പം തീപ്പൊള്ളൽ കൂടിയായപ്പോൾ ചികിത്സയും ദുഷ്‌കരമായി. വെടിക്കോപ്പ് നിർമാണത്തിനായി നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചതാണ് ഇത്രയും ഭീകരമായ പൊട്ടിത്തെറിക്ക് വഴിവച്ചതെന്നാണ് കരുതുന്നത്. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗത്തിന്റെ തെളിവുകൾ അന്വേഷകസംഘത്തിന് കിട്ടിയിട്ടുണ്ട്. അനുവദിച്ചതിലും വലിയ തോതിൽ വെടിമരുന്ന് സംഭരിച്ചതും പൊട്ടിത്തെറിയുടെ വ്യാപ്‌തി വർധിപ്പിച്ചു.










0 comments