വീണ്ടും ആ ഇരുണ്ട കാലമോ? പത്രം കണ്ടവർ ഞെട്ടി, പേജ് മറിച്ചപ്പോൾ ആശ്വാസം; എങ്ങും ചർച്ചയായി പരസ്യം

തിരുവനന്തപുരം: ഇന്ന് രാവിലെ പത്രം നിവർത്തിയ മലയാളികൾ ഒന്ന് അമ്പരന്നു, പിന്നെ ഞെട്ടി. കേരളത്തിലെ പ്രമുഖ മലയാളം-ഇംഗ്ലീഷ് പത്രങ്ങളുടെയെല്ലാം ഒന്നാം പേജിലെ വാർത്തകൾ കണ്ടവർ പത്തു വർഷം പിന്നിലേക്ക് പോയെന്നു കരുതിയാൽ തെറ്റുപറയാനാകില്ല. "ഇന്ന് മുതൽ ലോഡ് ഷെഡിങ്", "കെഎസ്ആർടിസി പൂട്ടലിന്റെ വക്കിൽ", "40 ശതമാനം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ", "പെൻഷനുകൾ മുടങ്ങിയിട്ട് 18 മാസം", "ട്രഷറി കാലി"... ഇങ്ങനെ പോയി വാർത്താ തലക്കെട്ടുകൾ. തങ്ങളുടെ കയ്യിലിരിക്കുന്നത് പഴയ പത്രമാണോ എന്ന് സംശയിച്ച് പലരും തിയതി നോക്കി ഉറപ്പുവരുത്തി.
എന്നാൽ ഈ അമ്പരപ്പ് അധികനേരം നീണ്ടുനിന്നില്ല. പത്രത്തിന്റെ ഒരു പേജ് മറിച്ചതോടെ ചിത്രം മാറി. അവിടെ തെളിഞ്ഞത് കേരളത്തിന്റെ പുരോഗതിയുടെ നേർചിത്രമാണ്. "പവർക്കട്ടില്ലാത്ത പത്തുവർഷങ്ങൾ", "ശമ്പളവും ക്ഷേമവും മുടങ്ങാത്ത കേരളം", "ലാഭത്തിലേറി കെഎസ്ആർടിസി", "പുതു ശോഭയിൽ പൊതുവിദ്യാഭ്യാസം" മുടങ്ങാതെ പെൻഷൻ, കൈനിറയെ ക്ഷേമം... ഇങ്ങനെ വികസനത്തിന്റെയും അതിജീവനത്തിന്റെയും ശുഭവാർത്തകളായിരുന്നു രണ്ടാം പേജിൽ. പ്രതീകാത്മക രൂപകല്പനയാണെന്ന് പേജിൽ കൃത്യമായി രേഖപ്പെടുത്തിയാണ് പത്രങ്ങൾ വിഷയം അവതരിപ്പിച്ചത്.
മറവി ബാധിച്ച മനുഷ്യർക്ക് ഇതൊരു ഓർമപ്പെടുത്തൽ ആണ് എന്നാണ് പത്രപരസ്യം കണ്ട് സോഷ്യൽമീഡിയയിൽ ചിലർ കുറിച്ചത്. പി ആർഡിയുടെ പുതിയ പരീക്ഷണങ്ങൾക്ക് അഭിനന്ദനപ്രവാഹമാണ്. ടെലിവിഷൻ മാധ്യമങ്ങളും പത്രപരസ്യം ഏറ്റുപിടിച്ചതോടെ കേരളം വീണ്ടും പത്ത് വർഷം മുമ്പുള്ള ആ ഇരുണ്ടകാലത്തെക്കുറിച്ച് ചർച്ച ചെയ്തുതുടങ്ങി. അടിസ്ഥാനവികസനത്തിൽ അന്ന് കേരളം എത്രമാത്രം പിന്നിലായിരുന്നുവെന്നും ജനങ്ങളെയാകെ ഓർമിപ്പിക്കുന്നു.
വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ചും വൻതോതിൽ പണംമുടക്കി പിആർ ഏജൻസികളെ നിയോഗിച്ചും ദുർഭരണകാലത്തെ മറച്ചുവെക്കാനും, എൽഡിഎഫിനെതിരെ വ്യാജപ്രചാരണം നടത്താനുമാണ് യുഡിഎഫ് ശ്രമിച്ചിരുന്നത്. ഓരോ സർക്കാരുകളുടെ ഭരണവും വികസന പ്രവർത്തനങ്ങളും ജനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. മാറ്റം തുടങ്ങുന്നതും അവിടെ നിന്നാണ്. വർഗീയതയും അഴിമതിയും ജനവിരുദ്ധ നയങ്ങളും മാത്രം നിറഞ്ഞ യുഡിഎഫ് ഭരണം 2016ൽ ജനരോഷത്തിന്റെ പെരുമഴയിൽ കടപുഴകി. സർവമേഖലയും തകർന്നുകിടന്ന കേരളത്തെ എൽഡിഎഫ് സർക്കാരാണ് കൈപിടിച്ചുയർത്തിയത്.
പിന്നീട് 2021ൽ ചരിത്രമെഴുതിയ തുടർഭരണത്തിലൂടെ എൽഡിഎഫിൽ മലയാളികൾ വിശ്വാസം ഊട്ടിയുറപ്പിച്ചു. വികസന- ക്ഷേമപ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റം സൃഷ്ടിച്ച എൽഡിഎഫ് സർക്കാർ, ലോകത്തിനാകെ മാതൃകയാകുന്ന അനവധി പദ്ധതികളിലൂടെ കേരളത്തെ നമ്പർ വൺ ആക്കി. ആ വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ജനപക്ഷ സർക്കാർ അടുത്ത തലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാെ ഒരു ദശാബ്ദത്തിനപ്പുറവും ഇപ്പുറവുമുള്ള ഭരണ നേട്ടങ്ങൾ ചർച്ച ചെയ്യാൻ പരസ്യം വഴിതെളിച്ചു.










0 comments