print edition ട്രാൻസ്ജെൻഡർ അവകാശം തകർക്കുന്ന കേന്ദ്ര നിയമഭേദഗതി ബിൽ പിൻവലിക്കണം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മൗലികാവകാശങ്ങളെയും അവകാശസംരക്ഷണ നിയമങ്ങളെയും തകർക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ട്രാൻസ്‌ജെൻഡർ നിയമ (2019) ഭേദഗതി ബിൽ പിൻവലിക്കണമെന്ന് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. സാമൂഹ്യനീതിക്കുവേണ്ടി ട്രാൻസ്ജെൻഡർ സമൂഹം പൊരുതി നേടിയ വിജയങ്ങളെ അട്ടിമറിക്കുന്ന മനുഷ്യത്വവിരുദ്ധമായ നിയമഭേദഗതിയാണ് കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്നത്.
ക്വിയർ സമൂഹവ്യക്തികളുടെ സ്വയംപ്രഖ്യാപിത ലിംഗനന്മയ്ക്കുള്ള അവകാശത്തെ അംഗീകരിച്ച സുപ്രീംകോടതിയുടെ വിധിയെ ലംഘിക്കുകയാണ് കേന്ദ്രസർക്കാർ. സ്വയം നിർണയാവകാശം എടുത്തുമാറ്റിയതടക്കമുള്ള ഭേദഗതി വരുന്നതോടെ സുപ്രീംകോടതി അംഗീകരിച്ച അവകാശം ഇല്ലാതാകും.
നിർബന്ധിത പരിശോധനയ്ക്ക് ട്രാൻസ്‌ജെൻഡർ വ്യക്തികളെ തള്ളിവിടുന്ന ഭേദഗതി ബില്ലിലെ നിലപാട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികളെ നിർവചിക്കുന്നതിലെ ഭേദഗതി ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ, ജെൻഡർ- ക്വിയർ, നോൺ-ബൈനറി വ്യക്തികൾ എന്നിവരുൾപ്പെടെയുള്ള വിഭാഗങ്ങളെ നിയമസംരക്ഷണ പരിധിയിൽനിന്ന് പുറന്തള്ളും. അവരെ മനുഷ്യാവകാശങ്ങളിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തെ ജനാധിപത്യസമൂഹം അംഗീകരിക്കില്ല. സാമൂഹ്യനീതിക്കായുള്ള എല്ലാ പോരാട്ടങ്ങളോടും മുഖം തിരിക്കുന്ന വർഗീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തനിനിറം വ്യക്തമാക്കാൻ ജനാധിപത്യസമൂഹം ഒന്നിച്ചുണരണമെന്ന് മന്ത്രി ആർ ബിന്ദു പ്രസ്താവനയിൽ അറിയിച്ചു.









0 comments