print edition അഭിമാന വിസിൽ

എൻ പി പ്രദീപ്, അനസ് എടത്തൊടിക, റിനോ ആന്റോ

സ്വന്തം ലേഖകൻ
Published on Mar 15, 2026, 01:26 AM | 2 min read
മലപ്പുറം: ഇന്ത്യൻ കുപ്പായമണിഞ്ഞ കേരളത്തിന്റെ അഭിമാന താരങ്ങളെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. ഇന്ത്യക്കായി ഫുട്‌ബോൾ കളിച്ചിട്ടും പലകാരണങ്ങളാൽ ജോലി ലഭിക്കാതെ പോയ എൻ പി പ്രദീപ്(42), റിനോ ആന്റോ(38), അനസ് എടത്തൊടിക(39) എന്നിവർക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എൻ പി പ്രദീപിന് ജലസേചന വകുപ്പിലും റിനോ ആന്റോയ്‌ക്ക് രജിസ്‌ട്രേഷൻ വകുപ്പിലും അനസ് എടത്തൊടികയ്‌ക്ക് പൊലീസ് വകുപ്പിലും ക്ലർക്കായാണ് നിയമനം.
ഇടുക്കി സ്വദേശിയായ പ്രദീപ് ഇന്ത്യൻ ടീമിനായി നെഹ്‌റുകപ്പ്, സാഫ് ഗെയിംസ്, ഏഷ്യകപ്പ് എന്നിവ കളിച്ചു. മഹീന്ദ്ര യുണൈറ്റഡ്, എസ്‌ബിടി, മോഹൻ ബഗാൻ, വിവ കേരള, ചെന്നൈ എഫ്‌സി, മുബൈ എഫ്‌സി ക്ലബ്ബുകൾക്കായി പന്തുതട്ടി. നിലവിൽ കണ്ണൂരിലാണ് താമസം. പഴയകാല താരങ്ങൾ ചേർന്ന് രൂപം നൽകിയ എഫ്13 ഫുട്‌ബോൾ അക്കാദമിയുടെ പ്രധാന സംഘാടകനാണ്.
തൃശൂർ സ്വദേശിയായ റിനോ ആന്റോ 2015ൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്.
കേരള ബ്ലാസ്‌റ്റേഴ്‌സ്, ബംഗളൂരു എഫ്‌സി, ഇൗസ്‌റ്റ് ബംഗാൾ, പഞ്ചാബ് എഫ്‌സി ക്ലബ്ബുകൾക്കായി കളിച്ചു. നിലവിൽ ബംഗളൂരു എഫ്‌സി അണ്ടർ 19 ടീം അസി. കോച്ചാണ്.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അനസ് എടത്തൊടിക 2017ൽ ഇന്ത്യൻ ടീമിൽ ഇടംനേടി. പിന്നീട് പല തവണ ഇന്ത്യൻ പ്രതിരോധം കാത്തു. പുണെ എഫ്‌സി, ഡൽഹി ഡയനാമോസ്, മോഹൻ ബഗാൻ, ജംഷഡ്‌പൂർ, എടികെ തുടങ്ങിയ ക്ലബ്ബുകൾക്കായി കളത്തിലിറങ്ങി.
നിലവിൽ സൂപ്പർ ലീഗ് കേരളയിൽ കളിക്കുന്ന മലപ്പുറം എഫ്‌സി ടീം സ‍്‌കൗട്ടിങ് മാനേജരാണ്.
അൽപ്പം വൈകിയാണെങ്കിലും സർക്കാർ ജോലി ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. നേരത്തെ രണ്ട് തവണ ശ്രമിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങളുണ്ടായി. ഒടുവിൽ ഞങ്ങൾ മുഖ്യമന്ത്രിയെ നേരിട്ടുപോയി കാണുകയായിരുന്നു. മന്ത്രിസഭയിൽ ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. അതുപോലെ ഇപ്പോൾ തീരുമാനം വന്നു- എൻ പി പ്രദീപ്
വലിയ സന്തോഷമുണ്ട്. ഏതാണ്ട് മൂന്നു മാസം മുന്പാണ് മുഖ്യമന്ത്രിയെ നേരിട്ടു കണ്ടത്. നമുക്ക് നോക്കാം എന്ന് അദ്ദേഹം പറഞ്ഞതോടെ പ്രതീക്ഷ യിൽ കാത്തിരിക്കുകയായിരുന്നു. തീർച്ചയായും മുഖ്യമന്ത്രി ഇടപെടലാണ് ജോലി ലഭിക്കാൻ വഴിയൊരുക്കിയത്- റിനോ ആന്റോ









0 comments