രാമചന്ദ്രന് വിട നൽകി നാട്: മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വെള്ളി പകൽ ഒന്നിനു ശേഷം ഇടപ്പള്ളി ശ്‌മശാനത്തിലായിരുന്നു സംസ്കാരം. വെള്ളി രാവിലെ ഏഴിന് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിലും കുടർന്ന് മാമംഗലം മങ്ങാട്ട് റോഡിലെ ‘നീരാഞ്ജനം’ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. ആയിരങ്ങളാണ് രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും നൂറുകണക്കിനാളുകളുണ്ടായിരുന്നു.
മന്ത്രിമാരായ പി രാജീവ്, എ കെ ശശീന്ദ്രൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവർണർ രാജേന്ദ്ര അർലേക്കർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, മേയർ എം അനിൽകുമാർ, എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.
ബുധൻ രാത്രി എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി പി പ്രസാദ് ഏറ്റുവാങ്ങിയശേഷം റിനൈ മെഡിസിറ്റി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. വർഷങ്ങളോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് അഞ്ചുവർഷംമുമ്പാണ് രാമചന്ദ്രൻ നാട്ടിലെത്തിയത്. തുടർന്ന് പൊതുപ്രവർത്തനവും ചെറിയ ബിസിനസുമായി മാമംഗലത്തായിരുന്നു താമസം. ദുബായിൽനിന്ന് നാട്ടിലെത്തിയ മകൾ ആരതിക്കും പേരക്കുട്ടികൾക്കുമൊപ്പം രാമചന്ദ്രനും ഭാര്യ ഷീലയും അവധി ആഘോഷിക്കാനായി 21ന് രാവിലെയാണ് കശ്മീരിലേക്ക് പോയത്.









0 comments