print edition ഊരാളുങ്കലിന്റെ നിർമിത മനുഷ്യൻ

കോഴിക്കോട് ഊരാളുങ്കൽ സൈബർ പാർക്കിൽ ചെയർമാൻ രമേശൻ പാലേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ
കോഴിക്കോട്: ‘‘സിമന്റും കന്പിയും മണലും ചേർത്താൽ പാലവും കെട്ടിടങ്ങളും പണിയാം. എന്നാൽ ഞങ്ങൾ അതിനൊപ്പം ആത്മാർഥതയും സത്യസന്ധതയും വിശ്വാസ്യതയും ചേർക്കും. ഞങ്ങൾക്കൊരു വിജയരഹസ്യമുണ്ടെങ്കിൽ അതാകും. തൊഴിലാളികളുടെ വിയർപ്പും ആത്മാർഥതയുമാണ് ഞങ്ങളുടെ മൂലധനം...ഉൗരാളുങ്കലിന്റെ വിജയഗാഥയെക്കുറിച്ചുള്ള ചോദ്യത്തിന് രമേശൻ പാലേരി പറയാറുള്ള മറുപടിയാണിത്.
കൂലിവേലക്കാരുടെ സംഘത്തെ ജനകീയ പ്രതിബദ്ധതയോടെ നയിച്ച രമേശൻ നാല് പതിറ്റാണ്ടോളമായി ഉൗരാളുങ്കലിന്റെ ജീവശ്വാസമായിരുന്നു. വിനയവും കരുതലും സ്വപ്‌നങ്ങളും ചേർന്നൊരു മനുഷ്യൻ. യുഎൽസിസിക്ക് വിമാനത്താവള നിർമാണ കരാർ കിട്ടണം, സഹകരണ സർവ്വകലാശാല വേണം, ദുരന്തനിവാരണത്തിന് മികവുറ്റ സ്ഥാപനം....
ഉൗരാളുങ്കലിനെപ്പറ്റി പുതുസ്വപ്‌നങ്ങൾ ഏറെ ബാക്കിവെച്ചാണ് രമേശൻ പാലേരിയുടെ വിടവാങ്ങൽ. ‘ഉൗരാളുങ്കലിന്റെ നിർമിതമനുഷ്യൻ ’–യുഎൽസിസിഎസ് ശതാബ്ദി ആഘോഷത്തിനെത്തിയ സ്‌പെയിനിൽ നിന്നുള്ള സഹകാരികളും മറ്റും രമേശൻ പാലേരിയെ വിശേഷിപ്പിച്ചതിങ്ങനെയായിരുന്നു. സഹകരണമേഖലയിൽ അസാധ്യമായതൊന്നുമില്ലെന്ന് തെളിയിച്ച് യുഎൽസിസിഎസ് എന്ന പഞ്ചാക്ഷരി ജീവമന്ത്രമായി കൊണ്ടുനടന്നയാളായിരുന്നു രമേശൻ.
അർപ്പിത ജീവിതം: ടി രാജൻ
പാലേരി രമേശന്റെ ജീവിതം ഏതാണ്ട് പതിനഞ്ച് അധ്യായങ്ങളിലായാണ് എഴുതിയത്. മൂന്നുവർഷമെടുത്തു. മുപ്പതോളം അഭിമുഖങ്ങൾ. രമേശന്റെ തിരക്കുതന്നെയായിരുന്നു പുസ്തകരചന നീളാൻ കാരണം. അവസാന അധ്യായം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയപ്പോൾ വായിച്ചുകേൾപ്പിച്ചു. അവസാന അധ്യായം തുടങ്ങുന്നത് ഇടശ്ശേരിയുടെ പ്രശസ്തമായ വരികളോടെയാണ്: "എനിക്ക് രസമീ നിമ്നോന്നതമാം വഴിക്ക് തേരുരുൾ പായിക്കൽ, ഇതേതിരുൾക്കുഴി മേലുരുളട്ടെ
വിടില്ല ഞാനീ രശ്‌മികളെ’. വഴി നിമ്‌നോന്നതങ്ങളായാലും വാഗ്ഭടാനന്ദ ഗുരുവിന്റെ ദർശനം പിൻപറ്റി യാത്ര തുടരുമെന്ന രമേശന്റെ നിശ്ചയദാർഢ്യത്തിന് അനുയോജ്യമാണെന്നുതോന്നി ചേർത്തതാണാ വരികൾ.
2021-ൽ ഞാൻ എഴുതിയ പുനത്തിലിന്റെ ജീവിതം എം ടി വാസുദേവൻ നായർ എം മുകുന്ദന് നൽകി പ്രകാശിപ്പിച്ചു. അന്ന് പുനത്തിൽ സ്മാരക ട്രസ്റ്റ് ഭാരവാഹി എന്ന നിലയിൽ രമേശനും ചടങ്ങിലുണ്ടായിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ എം ടിയുടെ വീട്ടിൽവച്ചായിരുന്നു പുസ്തക പ്രകാശനം.
ചടങ്ങ് കഴിഞ്ഞുള്ള യാത്രക്കിടയിൽ മുകുന്ദൻ പറഞ്ഞു, "യുഎൽസിസിഎസ് ശതാബ്ദി ആഘോഷിക്കുമ്പോൾ രമേശന്റെ ജീവിതം എവിടെയെങ്കിലും രേഖപ്പെടുത്തേണ്ടേ?’.
അന്നത്തെ യാത്രയിൽ മുകുന്ദേട്ടൻ ആ ഭാരം എന്നിൽ ഇറക്കിവച്ചു. സൊസൈറ്റിയുടെ ചരിത്രത്തിൽനിന്ന് ഭിന്നമായ ചരിത്രം രമേശനില്ല. രമേശന്റെ അഭിമുഖങ്ങൾ തീർത്തും നർമ്മമായിരുന്നു. ‘ഞാൻ' എന്ന വാക്ക് അധികമായി കടന്നുവന്നില്ല, പകരം ‘ഞങ്ങൾ' എന്ന് പറഞ്ഞു. വിമർശങ്ങൾ ഉൾക്കൊള്ളും, പക്ഷെ, വിവാദങ്ങൾക്ക് പിന്നാലെ പോകില്ല. ഗുരുദേവൻ അതാണ് ഞങ്ങളെ പഠിപ്പിച്ചത്– രമേശൻ പറയും.
ചെറുപ്പത്തിലേ രമേശന് മാംസപേശികൾ ശോഷിക്കുന്ന രോഗമുണ്ടായിരുന്നു. മാതുവമ്മയാണ് രമേശന്റെ കൈകൾ പിടിച്ചുനോക്കി രോഗം തിരിച്ചറിഞ്ഞത്. അന്ന് ലഭ്യമായ എല്ലാ വിദഗ്‌ധരെയും കാണിച്ചെങ്കിലും പരിഹാരമുണ്ടായില്ല. പലപ്പോഴും കഠിന വേദന അനുഭവിച്ചാണ് സൊസൈറ്റി ജീവനക്കാരനും പ്രസിഡന്റുമൊക്കെയായി പ്രവർത്തിച്ചത്. 18 മണിക്കൂർവരെ ജോലിചെയ്തിരുന്നു.
(പത്രപ്രവർത്തകനായ ലേഖകൻ ഉടൻ പുറത്തിറങ്ങുന്ന ‘പാലേരി രമേശൻ ഒരു വിജയഗാഥ, ഉൗരാളുങ്കലിനൊപ്പം’ എന്ന ജീവചരിത്രത്തിന്റെ രചയിതാവാണ്)
സഹകാരികളിൽ മുൻ നിരക്കാരൻ: പിണറായി
തിരുവനന്തപുരം: കേരളം കണ്ട പ്രമുഖ സഹകാരികളിൽ മുൻനിരക്കാരനാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മൂന്ന് പതിറ്റാണ്ടിലേറെ യുഎൽസിസിഎസിനെ അനന്യ കർമശേഷിയോടെ അദ്ദേഹം നയിച്ചു. രമേശന്റെ വേർപാട് ഊരാളുങ്കൽ സൊസൈറ്റിക്കുണ്ടാക്കുന്ന നഷ്ടം അപരിഹാര്യമാണ്.
വാഗ്‌ഭടാനന്ദ ഗുരുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച തൊഴിലാളിസഹകരണ സംഘം നിർമാണരംഗത്തോടൊപ്പം വിവരസാങ്കേതിക വിദ്യയടക്കം വൈവിധ്യ മേഖലകളിൽ വ്യാപരിക്കുന്ന വലിയ പ്രസ്ഥാനമായി വളർന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്‌മയാണിത്. തൊഴിലാളികൾ നേരിടുന്ന ക്രൂരചൂഷണത്തെ പ്രതിരോധിക്കാൻ രൂപംകൊണ്ട കൂട്ടായ്മ നാടിന്റെ പുരോഗതിയുടെ ചാലകശക്തിയായി.
ഇതിനുപിന്നിൽ രമേശന്റെ അക്ഷീണ പ്രവർത്തനമുണ്ട്. സഹകരണ തത്വങ്ങളിൽ അടിയുറച്ച് തന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യം സ്ഥാപനത്തിന്റെ പുരോഗതിക്കായി ഉപയോഗിച്ചു. ഇൻഫ്രാസ്ട്രക്ചർ, സൈബർ പാർക്ക്, ടൂറിസം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ അനിഷേധ്യ സാന്നിധ്യമാണ് യുഎൽസിസിഎസ്.
പ്രവർത്തനങ്ങളിൽ സമയനിഷ്ഠയും ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതിൽ രമേശന് നിർബന്ധമുണ്ടായിരുന്നു. ഇതാണ് യുഎൽസിസിഎസിനെ ബ്രാൻഡ് ആക്കി മാറ്റിയതും അന്താരാഷ്ടതലത്തിൽ അടയാളപ്പെടുത്തിയതും. കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ഉറ്റവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു– പിണറായി അനുശോചനസന്ദേശത്തിൽ പറഞ്ഞു.










0 comments