ബാങ്ക് ജീവനക്കാരനിൽനിന്ന് പണം തട്ടിയെടുത്ത പ്രതി പിടിയിൽ

പന്തീരാങ്കാവ്: ബാങ്ക് ജീവനക്കാരനിൽനിന്ന് പണം തട്ടിയെടുത്ത് മുങ്ങിയ പ്രതി പിടിയിൽ. രാമനാട്ടുകരയിലെ സ്വകാര്യ ബാങ്കായ ഇസാഫിലെ ജീവനക്കാരനിൽനിന്ന് 40 ലക്ഷം രൂപ കവർന്ന കൈമ്പാലം പള്ളിപ്പുറം മിനിയിൽ തൊടിയിൽ ഷിബിൻ ലാലാണ്(മനു–- 35) തൃശൂരിൽ നിന്ന് പിടിയിലായത്. ഇയാളിൽ നിന്ന് 50000 രൂപ കണ്ടെടുത്തു. ഷിബിൻ ലാലിന്റെ മൊബൈൽ ഫോൺ കവർച്ചക്കുശേഷം സ്വിച്ച് ഓഫായിരുന്നു.
പ്രതി ഉപയോഗിച്ച കറുത്ത ജൂപീറ്റർ സ്കൂട്ടർ കോഴിക്കോടൻ കുന്നിൽനിന്ന് ബുധനാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. സുഹൃത്ത് മൂന്നുമാസംമുമ്പ് പണയത്തിന് നൽകിയതാണ് ഈ സ്കൂട്ടർ.
ബുധൻ പകൽ ഒന്നോടെയാണ് സംഭവമുണ്ടായത്. പന്തീരാങ്കാവിലെ അക്ഷയ ഫൈനാൻസിൽ പണയംവച്ച സ്വർണം മാറ്റിവയ്‌ക്കാനാണെന്ന വ്യാജേനയാണ് ഷിബിൻ ലാൽ രാമനാട്ടുകരയിലെ ഇസാഫ് ബാങ്ക് ജീവനക്കാരനൊപ്പം പന്തീരാങ്കാവിൽ എത്തിയത്. ഇസാഫ് ബാങ്ക് ജീവനക്കാരൻ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങുന്ന ബാഗ് അക്ഷയ ഫൈനാൻസിന് മുന്നിലെത്തിയപ്പോൾ നടുറോഡിൽവച്ച് തട്ടിയെടുത്ത് സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. ഇതിനുപിന്നിൽ വൻ ആസൂത്രണമുള്ളതായി സംഭവസ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.









0 comments