ad
Deshabhimani

‘ആ സ്വപ്‌നം പൂവണിഞ്ഞു’; ഈ സന്തോഷത്തിന് ഇരട്ടി മാധുര്യം; മന്ത്രിക്ക്‌ വൈകാരിക കുറിപ്പുമായി ദമ്പതികൾ

veena george
വെബ് ഡെസ്ക്

Published on Dec 07, 2025, 07:48 AM | 1 min read

തിരുവനന്തപുരം: പതിനാലുവർഷത്തെ കാത്തിരിപ്പിന് മധുരമായ വിരാമം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ദമ്പതികൾക്ക് കുഞ്ഞുപിറന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാർഥ്യമാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിന് നന്ദി അറിയിച്ച് ദമ്പതികൾ ആരോഗ്യമന്ത്രി വീണാ ജോർജിന് കത്തയച്ചത് സന്തോഷത്തിന് ഇരട്ടി മാധുര്യമേകി.


ആറുവർഷംമുമ്പാണ്‌ ദമ്പതികൾ എസ്എടി ആശുപത്രിയെ സമീപിക്കുന്നത്. സാധാരണക്കാരായ നൂറുകണക്കിന് ദമ്പതികൾക്ക് ആശ്വാസമായി മാറുന്ന ഈ സ്ഥാപനം അവർക്കും പ്രതീക്ഷയേകി. ഈ വർഷം ആദ്യം നടത്തിയ ഐവിഎഫ് എംബ്രിയോ ട്രാൻസ്ഫർ ചികിത്സയിൽ യുവതി ഗർഭം ധരിച്ചു. സെപ്‌തംബറിൽ കുഞ്ഞ് പിറന്നു. പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞ നിമിഷം വിവരിക്കാനാകാത്ത സന്തോഷത്തോടെയാണ് ദമ്പതികൾ പങ്കുവച്ചത്.


സംസ്ഥാനത്തെ സാധാരണക്കാർക്ക് താങ്ങാനാകുന്ന ചെലവിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് എസ്എടി. ഐവിഎഫ് ചികിത്സയിലൂടെ അഞ്ഞൂറിലധികം കുഞ്ഞുങ്ങളെയാണ് ഇതിനകം സമ്മാനിച്ചത്. വൻകിട കോർപറേറ്റ് ആശുപത്രികളെപ്പോലും വെല്ലുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയുള്ളത്.


ഹോർമോൺ ചികിത്സ, സർജറി, ഐവിഎഫ്, ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്‌പേം ഇഞ്ചക്‌ഷൻ സംവിധാനങ്ങളുണ്ട്‌. അർബുദ രോഗികൾക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ചുവയ്‌ക്കാനുള്ള സൗകര്യവുമുണ്ട്‌. ഇതുകൂടാതെ അർബുദമോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ചുവയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗ്രാമും ആരംഭിച്ചു. ചികിത്സാചെലവ് കുറവാണെന്നതിലുപരി, പ്രത്യുൽപ്പാദന ആരോഗ്യത്തെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചും അവർ വിശദമായി പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുത്തു. ഇതൊരു സർക്കാർ ആശുപത്രിയാണെന്ന് തോന്നിയതേയില്ല– സന്തോഷം പങ്കുവച്ച്‌ ദമ്പതികൾ മന്ത്രിക്ക് അയച്ച കത്തിൽ കുറിച്ചു.


തിങ്കള്‍മുതല്‍ ശനിവരെയാണ് ഒപി സേവനം. ദമ്പതികള്‍ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗണ്‍സലിങ്‌ ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ചികിത്സ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home