സ്‌കൂൾ തുറക്കുംമുന്നേ പാഠപുസ്‌തകം തയ്യാർ

കെബിപിഎസ് അച്ചടി പൂർത്തീകരിച്ച പാഠപുസ്‌തകങ്ങൾ ആലുവയിലെ ജില്ലാ ഡിപ്പോയിൽനിന്ന് സബ് ജില്ലാ കേന്ദ്രങ്ങളിലേക്ക് വിതരണത്തിനായി കുടുംബശ്രീ പ്രവർത്തകർ കെട്ടിവയ്‌ക്കുന്നു
കൊച്ചി
വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുംമുന്നേ മുഴുവൻ ക്ലാസുകളിലെയും പാഠപുസ്‌തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) അച്ചടിച്ച പാഠപുസ്തകങ്ങൾ ജില്ലാ ഹബ്ബുകളിൽ എത്തിച്ച്, സ്കൂൾ സൊസൈറ്റികൾക്ക് വിതരണം ആരംഭിച്ചു. കുടുംബശ്രീവഴിയാണ് പുസ്‌തക വിതരണം. ഒന്നാംവാല്യത്തിൽ ആവശ്യമായ 3,94,97,400 പാഠപുസ്തകങ്ങളിൽ, പുതുതായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതും സ്കൂൾ തുറന്ന് രണ്ടുമാസത്തിനുശേഷം ആവശ്യമായതുമായ ചില പുസ്തകങ്ങൾ ഒഴികെയുള്ളവയാണ് അച്ചടിച്ചത്. ജൂൺ ആദ്യവാരം രണ്ടാംവാല്യം പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങും. ആകെ 6,22,75,400 എണ്ണമാണ് വേണ്ടത്.
ഈ വർഷം പരിഷ്കരിച്ച, പത്താംക്ലാസിലെ പുസ്തകങ്ങൾ ഒമ്പതാംക്ലാസിലെ അധ്യയനം അവസാനിക്കുംമുമ്പേ വിദ്യാർഥികളുടെ കൈകളിലെത്തിച്ചിരുന്നു. മാറ്റമില്ലാതിരുന്ന 1, 3, 5, 7, 9 ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി ഫെബ്രുവരിയിൽത്തന്നെ പൂർത്തിയാക്കി. 2, 4, 6, 8, 10 ക്ലാസുകളിലെ പുതിയ പാഠ്യപദ്ധതിയിൽ പരിഷ്‌കരിച്ച പുസ്തകങ്ങളുടെ ഉള്ളടക്കം ലഭിക്കാൻ താമസം നേരിട്ടെങ്കിലും സർക്കാരിന്റെ തുടർച്ചയായുള്ള ഇടപെടലിൽ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കി. മുൻവർഷം 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചപ്പോഴും സമാനമായി അച്ചടിയും വിതരണവും പൂർത്തിയാക്കിയിരുന്നു.









0 comments