print edition പിരിച്ചുവിട്ട മെന്റർ അധ്യാപകർ സമരത്തിലേക്ക്; ഇന്ന് വയനാട് കലക്ടറേറ്റ് മാർച്ച്


സ്വന്തം ലേഖകൻ
Published on Jun 05, 2026, 12:00 AM | 1 min read
കൽപ്പറ്റ: ജോലിയിൽനിന്ന് സർക്കാർ പിരിച്ചുവിട്ട മെന്റർ അധ്യാപകർ സമരത്തിലേക്ക്. ജോലി നഷ്ടമായ വയനാട്ടിലെ അധ്യാപകർ വെള്ളിയാഴ്‌ച കലക്ടറേറ്റ് മാർച്ച് നടത്തും. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠനപിന്തുണ നൽകാനുമായി എൽഡിഎഫ് സർക്കാർ നിയമിച്ച ഗോത്രവിഭാഗം മെന്റർ അധ്യാപകരെയാണ് യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടത്. വയനാട്ടിൽ 241 പേർക്കും പാലക്കാട് 50 പേർക്കും മലപ്പുറത്ത് 17 പേർക്കും ജോലി നഷ്ടമായി. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിൽപ്പെട്ടവരാണ് അധ്യാപകരിൽ ഭൂരിഭാഗവും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017 മുതൽ ജോലി ചെയ്‌തിരുന്നവരാണ് ഇവർ. ആദിവാസി വിദ്യാർഥികളുടെ പഠനവും അധ്യാപകരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധിയിലായി. അധ്യാപകർ മുൻകൈയെടുത്ത് ഉന്നതികളിൽനിന്ന് എത്തിച്ചിരുന്ന വിദ്യാർഥികളിൽ പലരും ഇൗ അധ്യയനവർഷം സ്‌കൂളിൽ എത്തിയിട്ടില്ല. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഇല്ലാത്തവർ നിരവധിയാണ്. മുൻവർഷങ്ങളിൽ ആധാറും ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും ഉണ്ടാക്കാൻ മുൻകൈയെടുത്തിരുന്നത് മെന്റർ അധ്യാപകരാണ്.
ആദിവാസി ക്ഷേമസമിതിയുടെ (എകെഎസ്) ഇടപെടലിനെ തുടർന്നാണ് എൽഡിഎഫ് സർക്കാർ ഗോത്രബന്ധു പദ്ധതി പ്രകാരം സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ മെന്റർ അധ്യാപകരെ നിയമിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇൗ ആവശ്യം ഉന്നയിച്ചെങ്കിലും അവഗണിച്ചു. യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലും മെന്റർ അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം നിലനിൽക്കുന്പോഴാണ് ഉള്ളവരെ പിരിച്ചുവിട്ടത്. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മെന്റർ അധ്യാപക പ്രതിനിധികൾ വ്യാഴാഴ്‌ച തിരുവനന്തപുരത്ത് പട്ടികവർഗ വകുപ്പ് മന്ത്രി കെ തുളസിയെ കണ്ട് നിവേദനം നൽകി.










0 comments