ad
Deshabhimani

print edition ഈദ്‌ഗാഹിൽ പായസം വിളമ്പി ക്ഷേത്രം; ഇത് കിണാശേരിയിലെ ‘ദി റിയൽ കേരള സ്റ്റോറി’

Palliyarakkal Shree Durga Bhagavathy Temple Eid

പള്ളിയറയ്ക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിന് എത്തിയവർ പരസ്പരം സ്നേഹം പങ്കുവെക്കുന്നു | ഫോട്ടോ: മിഥുൻ അനില മിത്രൻ

avatar
പി ച‍ൗഷ്യാരാഗി

Published on Mar 21, 2026, 03:56 AM | 1 min read

കിണാശേരി / കോഴിക്കോട് : വർഗീയ വേർതിരിവുകളില്ലാത്ത ലോകമെന്നത്‌ സ്വപ്-നങ്ങളിൽ മാത്രം തെളിയുന്ന കിണാശേരിയെന്ന്‌ കരുതുന്നവരുണ്ടാകും. എന്നാൽ കോഴിക്കോട്‌ കിണാശേരിയിൽ ഇത്‌ മാനവികതയുടെയും സ്‌നേഹത്തിന്റെയും യാഥാർഥ്യമാണ്‌. ഇവിടെ, ക്ഷേത്രോത്സവങ്ങൾക്കും പെരുന്നാളിനുമിടയിൽ അതിർവരന്പുകളില്ല. തെയ്യത്തിന്റെ ചന്ദനക്കുറിക്കും പെരുന്നാളിന്റെ മൈലാഞ്ചിയ്ക്കും ഒരേനിറമാണ്‌, ചുവപ്പ്‌.


ഇത്തവണ ആദ്യമെത്തിയ ചെറിയ പെരുന്നാളിൽ കിണാശേരി ജിവിഎച്ച്എസ്എസ് മൈതാനത്ത് ഈദ് നമസ്‌കാരം കഴിഞ്ഞിറങ്ങിയവർക്ക് പായസം നൽകിയാണ് കിണാശേരി പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചത്‌. വിദ്വേഷത്തിലൂടെ കേരളത്തെ തകർക്കുന്നവർക്ക്‌ മറുപടിയായാണ്‌ ഇ‍ൗ ‘റിയൽ കേരള സ്റ്റോറി’.


​നമസ്‌കാരത്തിനെത്തിയ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം രണ്ടായിരത്തിലധികം പേരാണ്‌ പായസമധുരം നുണഞ്ഞത്‌. ഇതോടൊപ്പം പെരുന്നാൾ ആശംസകൾ നേരാനും സ്‌നേഹാശ്ലേഷം പങ്കുവയ്ക്കാനും മനുഷ്യർ ഒത്തുകൂടി.


ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ്‌ തടത്തിൽ ചന്ദ്രൻ ,സെക്രട്ടറി പ്രശോഭ്‌ അടിച്ചിക്കാട്ട്‌, സോൾജിത്ത്‌, സുധാകരൻ കുന്നത്ത്‌, സന്തോഷ്‌ പനയ്‌ക്കൽ കെപിആർ പ്രസാദ്‌ എന്നിവരും വനിതാ ഭാരവാഹികളും ഇ‍ൗദ്‌ഗാഹിലെത്തിയവരെ സ്വീകരിച്ചു. കിണാശേരി ജിവിഎച്ച്എസ്എസ് മൈതാനത്ത് കിണാശേരി മുസ്ലിം സേവാ സംഘമാണ്‌ ഈദ് ഗാഹ് സംഘടിപ്പിച്ചത്. അസ്‌ലം മണലൊടി, ജബ്ബാർ വാഴയിൽ, മെഹറൂഫ് മണലൊടി, ബഷീർ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.


കഴിഞ്ഞ വർഷം ക്ഷേത്രോത്സവം നടക്കുന്നതിനിടെയാണ് ചെറിയ പെരുന്നാൾ വന്നത്. ക്ഷേത്രത്തിൽ കൊടിയേറ്റ്‌ കഴിഞ്ഞ ഉടൻ ക്ഷേത്രഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഈദ് ഗാഹ്‌ ഒരുക്കി. അന്ന്‌ 1500ലധികം പേർ പങ്കെടുത്തു. പിന്നീട്, വൈകിട്ടോടെയാണ്‌ ഉത്സവാഘോഷ പരിപാടികൾ പുനരാരംഭിച്ചത്‌. ക്ഷേത്രത്തിൽ 12 വർഷം കൂടുന്പോൾ നടത്തുന്ന നവീകരണ കലശം 25ന്‌ ആരംഭിച്ച്‌ എപ്രിൽ രണ്ടിന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home