ad
Deshabhimani

print edition മൂന്നിലൊന്ന്‌ അധ്യാപകർക്കും സെൻസസ്‌ ഡ്യൂട്ടി; കുട്ടികളെ ആര്‌ പഠിപ്പിക്കും

Teachers

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

avatar
ബിജോ ടോമി

Published on Jun 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പൊതുവിദ്യാലയങ്ങളിലെ മൂന്നിലൊന്ന്‌ അധ്യാപകർക്കും സെൻസസ്‌ ഡ്യൂട്ടി നൽകിയതോടെ അധ്യയന വർഷാരംഭത്തിൽത്തന്നെ സ്‌കൂളുകളുടെ പ്രവർത്തനം താളംതെറ്റുമെന്ന്‌ ആശങ്ക. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ 60,000 അധ്യാപകർക്കാണ്‌ സെൻസസ്‌ ഡ്യൂട്ടി നൽകിയത്‌. പൊതുവിദ്യാലയങ്ങളിലെ 1.75 ലക്ഷം അധ്യാപകരാണ്‌ ആകെയുള്ളത്‌.


ജൂലൈ ഒന്നുമുതൽ 30 വരെ നിശ്‌ചയിക്കപ്പെട്ട പ്രദേശത്തെ വീടുകളിലെത്തി അധ്യാപകർ വിവരങ്ങൾ ശേഖരിക്കണം. ഇ‍ൗ സമയം പൂർണമായും സ്‌കൂ‍ളിൽനിന്ന്‌ വിട്ടുനിൽക്കേണ്ടിവരും. അക്കാദമിക്‌ കലണ്ടർപ്രകാരം ആഗസ്‌ത്‌ 13നാണ്‌ ഓണപ്പരീക്ഷ. പാഠഭാഗം പൂർത്തിയാക്കാൻ ആകെയുള്ളത്‌ 52 പ്രവൃത്തിദിനങ്ങളാണ്‌. ഇതിനിടയിൽ ഒരു മാസത്തോളം അധ്യാപകർ ഇല്ലാത്തത്‌ വലിയ പ്രതിസന്ധിയാകും.


നിലവിലെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളെ 200 കെട്ടിടങ്ങളുള്ള ബ്ലോക്കുകളാക്കി തിരിച്ചാണ്‌ വിവരശേഖരണം. ഒരു എന്യൂമറേറ്ററിന്‌ ഒരു ബ്ലോക്ക്‌ നൽകും. 34 ചോദ്യങ്ങളിൽ വ്യക്‌തത തേടണം. ആറു എന്യൂമറേറ്റർമാർക്ക്‌ ഒരു സൂപ്പർവൈസർ ഉണ്ടാകും. പ്രൈമറി സ്‌കൂൾ അധ്യാപകരെയാണ്‌ എന്യൂമറേറ്റർമാരായി നിയമിച്ചിരിക്കുന്നത്‌. അതിനാൽ ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലാകും വലിയ പ്രതിസന്ധിയുണ്ടാകുക. ചില സ്‌കൂളുകളിൽ പകുതിയിലേറെ അധ്യാപകർ സെൻസസ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെട്ടിട്ടുണ്ട്‌.


സെൻസസിനായി പോകുന്ന അധ്യാപകർക്ക്‌ പകരം ദിവസ വേതനടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ച്‌ പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യമുയരുന്നുണ്ട്‌. സെൻസസ്‌ ജോലിയുള്ള അധ്യാപകർക്ക്‌ ഡ്യൂട്ടി ലീവ്‌ നൽകണമെന്നും സ്ഥലമാറ്റം നിരോധിച്ച ഉത്തരവ്‌ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട്‌ സെൻസസ്‌ സംസ്ഥാന നോഡൽ ഓഫീസർ കെ ബിജുവിന്‌ കെഎസ്‌ടിഎ കത്ത്‌ നൽകി.

സെൻസസിന്റെ പേരിൽ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റം മരവിപ്പിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌ ഇറക്കിയിരുന്നു. സ്ഥാനക്കയറ്റം ഉൾപ്പെടെ നടക്കാത്തതിനാൽ അഞ്ഞൂറിലധികം സ്‌കൂളുകളിലാണ്‌ പ്രധാനാധ്യാപകർ ഇല്ലാത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home