print edition തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഡിറ്റിങ്ങിന് സോഫ്റ്റ് വെയർ ; ഇൻഫർമേഷൻ കേരള മിഷന് ചുമതല നൽകുന്നതിൽ സർക്കാരിന്റെ നിലപാട് തേടി

കൊച്ചി
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലെയടക്കം വരുമാനം കൃത്യമായി ഓഡിറ്റ് ചെയ്യാൻ സമഗ്ര സോഫ്‌റ്റ്‌വെയർ സജ്ജമാക്കാൻ ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തുന്നതിൽ ഹെെക്കോടതി സർക്കാരിന്റെയും ബോർഡിന്റെയും നിലപാട് തേടി. കെ- സ്മാർട്ട് മാതൃകയിലുള്ള ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതിൽ 10 ദിവസത്തിനകം വിശദീകരണം നൽകാനാണ് ജസ്‌റ്റിസ് വി രാജ വിജയരാഘവൻ, ജസ്‌റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ നിർദേശിച്ചത്.
സമഗ്ര സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള സമയക്രമം കൺസൾട്ടൻസിയായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കിറ്റ്ഫ്ര) ബുധനാഴ്ച കോടതിയെ അറിയിച്ചിരുന്നു. ഡോക്യുമെന്റേഷനും മൊഡ്യൂളുകളും തയ്യാറാക്കാൻ ആറുമാസവും സോഫ്‌റ്റ്‌വെയറിന് രണ്ടുവർഷവും വേണമെന്നാണ് സൂചിപ്പിച്ചത്.
ഡോക്യുമെന്റേഷനുശേഷം ടെൻഡർ വേണ്ടിവരും. അതേസമയം, ടെൻഡറിലേക്ക് പോകാതെ സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനെ ഏൽപ്പിച്ചാൽ ഡോക്യുമെന്റേഷനൊപ്പംതന്നെ സോഫ്റ്റ്‌വെയർ വികസിപ്പിക്കാം. അതിൽ സമയനഷ്ടം കുറയ്ക്കാമെന്നും ചൂണ്ടിക്കാട്ടി.
കെ- സ്മാർട്ട് സംവിധാനം വികസിപ്പിക്കാൻ 70 കോടിയാണ് ചെലവ് വന്നത്. ദേവസ്വം സോഫ്‌റ്റ്‌വെയർ ഇതിലും ചുരുങ്ങിയ ചെലവിൽ സജ്ജമാക്കാം. കെ- സ്മാർട്ട് പ്ലാറ്റ്ഫോമിലെ 40 ശതമാനം സൗകര്യങ്ങളും ഇതിന് പ്രയോജനപ്പെടുത്താമെന്നും കിറ്റ്ഫ്ര എംഡി ഡോ. സന്തോഷ് ബാബു ചൂണ്ടിക്കാട്ടി.
സമഗ്ര സോഫ്റ്റ്‌വെയറിന് ബോർഡ് ചെലവിടുന്ന തുക നഷ്ടമായി കാണേണ്ടതില്ലെന്ന് കോടതി പറഞ്ഞു. കുറ്റമറ്റ അക്കൗണ്ടിങ്ങിലൂടെ പണച്ചോർച്ചയും ക്രമക്കേടുകളും ഒഴിവാക്കാം. വിജയകരമായാൽ കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലേക്കും സംവിധാനം വ്യാപിപ്പിക്കാം. ടെൻഡറില്ലാതെ ഇൻഫർമേഷൻ മിഷന് കരാർ നൽകണമെന്ന നിർദേശത്തിലടക്കം കോടതി വിശദീകരണം തേടി.










0 comments