തരുൺമൂർത്തി- മോഹൻലാൽ ചിത്രത്തിന് ശബരിമലയിൽ ഷൂട്ടിങ് അനുമതി

തിരുവനന്തപുരം: തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'അതിമനോഹരം' ചിത്രത്തിന് ശബരിമലയിൽ ഷൂട്ടിങ് അനുമതി. പമ്പ മുതൽ സന്നിധാനം വരെ ചിത്രീകരിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ശബരിമലയിൽ ചിത്രീകരിക്കുക. ഉപാധികളോടെയാണ് അനുമതി. ശബരിമലയേയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങൾ ഉണ്ടാവരുത് എന്നത് ഉൾപ്പെടെയുള്ള ഉപാധികളാണ് വെച്ചത്.
അതേസമയം അതിമനോഹരത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. ഡിസംബർ 24നാണ് ചിത്രത്തിന്റെ ആഗോളറിലീസ്. സിനിമയുടെ 80 ശതമാനം ഷൂട്ടിങും പൂർത്തിയായതായി കഴിഞ്ഞ ദിവസം സംവിധായകൻ തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
തൊടുപുഴയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. രണ്ടാഴ്ചയോളം കൊച്ചിയിലും ചിത്രീകരണം നടന്നു. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം.'ലൗലജൻ' എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക, വ്യക്തി ജീവിതത്തിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.
മീര ജാസ്മിൻ നായികയായി എത്തുന്ന ചിത്രത്തിൽ ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് ചിത്രം നിർമിക്കുന്നത്. തുടക്കം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ കോംബോ ആവർത്തിക്കുമ്പോൾ വൻ പ്രതീക്ഷയിലാണ് പ്രേഷകർ.
രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സംഗീതം: ജെയ്ക് ബിജോയ്, ഛായാഗ്രഹണം: ഷാജി കുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ, ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: മഷർ ഹംസ, കോ-ഡയറക്ടർ: ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർമാർ: അഫ്നാസ്, മൊഹിത് കൃഷണൻ, സ്റ്റിൽസ്: അമൽസി സദർ, പ്രൊഡക്ഷൻ മാനേജർ: ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടവ്: എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ച്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.










0 comments