print edition ‘വേണം തമിഴ്‌നാടിന് രാഷ്‌ട്രീയ ബദൽ'

ഡിവൈഎഫ്‌ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എസ് കാർത്തിക്കും പ്രസിഡന്റ് സെൽവരാജും സമ്മേളന നഗരിയിൽ
കെ എ നിധിൻ നാഥ്
Published on Aug 21, 2026, 01:30 AM | 1 min read
തൃശൂർ : തമിഴ്‌നാട്ടിൽ ഇപ്പോഴും ബദൽ രാഷ്‌ട്രീയ സംവിധാനത്തിന്റെ ആവശ്യമുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രഡിഡന്റ് സെൽവരാജ്, സെക്രട്ടറി എസ് കാർത്തിക് എന്നിവർ ‘ദേശാഭിമാനി’യോട് പറഞ്ഞു. ഡിഎംകെ, എഐഎഡിഎംകെ എന്നതിനപ്പുറത്തേക്ക് ഒരു രാഷ്‌ട്രീയ ബദൽ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇൗ ബദൽ സൃഷ്ടിക്കാൻ ഇടതുപക്ഷവും ഡിവൈഎഫ്‌ഐയുമെല്ലാം ശ്രമിക്കുന്നുണ്ട്. ഇതിന്റെ നേട്ടം ഇടതുപക്ഷത്തിനുണ്ടാകും.
50 വർഷത്തിലേറെയായി ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ചതിൽ ജനങ്ങൾക്കുണ്ടായ എതിർപ്പാണ് ടിവികെയ്‌ക്ക് അനുകൂലമായി മാറിയത്. തമിഴ്‌നാട്ടിൽ പലഘട്ടത്തിൽ ഇത്തരം പുതിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. സീമാനും വിജയ്‌കാന്തുമൊക്കെ ഇങ്ങനെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ മറ്റൊരുതലമാണ് ടിവികെയുടെ വിജയമായി മാറിയത്. ടിവികെയ്‌ക്ക് രാഷ്‌ട്രീയ അടിത്തറയില്ലാത്തതിന്റെ പോരായ്‌മകൾ കണ്ടുതുടങ്ങി. ഭരണകാര്യങ്ങളിൽ തുടർച്ചയായി പിഴവുകൾ സംഭവിക്കുകയാണ്. രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും വിദ്യാർഥികൾ പങ്കെടുക്കരുതെന്ന സർക്കാർ ഉത്തരവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പ്രതിഷേധത്തെത്തുടർന്ന് സർക്കാരിന് ഉത്തരവ് പിൻവലിക്കേണ്ടിവന്നു.
ഡിവൈഎഫ്‌ഐ നടത്തുന്ന പ്രക്ഷോഭങ്ങളും ഇടപെടലുകളും സംഘടനയിലേക്ക് കൂടുതൽപേരെ ആകർഷിക്കുന്നുണ്ട്. ദുരഭിമാന ക്കൊലകൾക്കെതിരായി വലിയ ക്യാന്പയിൻ നടത്തുന്നുണ്ട്. ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിന് സമാനമായി തമിഴ്‌നാട്ടിൽ ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിൽ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. നീറ്റ് ഉപേക്ഷിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ഉയർത്തിയുള്ള സമരങ്ങളിൽ ഡിവൈഎഫ്‌ഐ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.










0 comments