print edition ടാൽറോപ്പിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പും

കൊച്ചി: മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് അടച്ചുപൂട്ടിയ കൊച്ചിയിലെ ടാൽറോപ് പ്രൈവറ്റ് ലിമിറ്റഡിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി പരാതി. സ്‌റ്റീവ് ജോബ്‌സിനെയും മാർക് സക്കർബർഗിനെയും ഇലോൺ മസ്‌കിനെയും സൃഷ്ടിക്കാൻ കേരളത്തിൽ സിലിക്കൺവാലി മാതൃക ഒരുക്കുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചത്.
ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരുടെ പരസ്യപിന്തുണ നിക്ഷേപകരെ വീഴ്‌ത്താൻ പ്രയോജനപ്പെടുത്തി. കേന്ദ്രമന്ത്രിയിൽനിന്നുൾപ്പെടെ അവാർഡുകൾ സ്വീകരിച്ചതും നിക്ഷേപകരുടെ വിശ്വാസം നേടാൻ സഹായിച്ചു.
പത്തുവർഷത്തിനിടെ 1000 കോടിയോളം രൂപ പലരിൽനിന്നായി കന്പനിയുടമകൾ സ്വരൂപിച്ചെന്നാണ് സൂചന. സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകരുണ്ട്. സ്ഥലവും കെട്ടിടവും പണവുമായി മുന്നൂറോളംപേർ 50 ലക്ഷംമുതൽ 10 കോടിവരെ നിക്ഷേപിച്ചു. എന്നാൽ, വാഗ്‌ദാനംചെയ്‌ത ലാഭവിഹിതമോ പ്രതിഫലമോ ലഭിച്ചില്ല.
ഫോണിൽ വിളിച്ചപ്പോൾ കിട്ടാതായതോടെയാണ് കന്പനി പൂട്ടിയ വാർത്ത നിക്ഷേപകർ അറിഞ്ഞത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി സഫീർ നജുമുദ്ദീനാണ് കന്പനി ചെയർമാൻ. സഹോദരൻ സോബിൻ നജുമുദ്ദീൻ, കൊല്ലം കടയ്‌ക്കൽ സ്വദേശികളായ അനസ് അബ്‌ദുൾ ഗഫൂർ, ഷമീർ ഖാൻ, അഫീഫ സലിം എന്നിവർ സഹസ്ഥാപകരും. 2015ൽ രൂപീകരിച്ച് 2017ൽ രജിസ്‌റ്റർ ചെയ്യുന്പോൾ 10 ലക്ഷംരൂപമാത്രമായിരുന്നു മൂലധനം. പലരിൽനിന്നും സ്വീകരിച്ച നിക്ഷേപം ഉപയോഗിച്ചാണ് ഓഫീസുകൾ തുറന്നത്.










0 comments