നോവൽ ‐42
തെറം


പി വി ഷാജികുമാർ
Published on Aug 29, 2026, 12:13 PM | 3 min read
മൂലവെട്ടി
അത് മഹേന്ദ്ര നായ്ക് ആയിരുന്നു. മംഗലാപുരത്തെ ഓട്ടുകമ്പനിക്കാരന്‍. കള്ളക്കടത്തുകാരന്‍.
പാട്ടുപ്രാന്തന്‍.
അയാള്‍ മുസ്‌തഫയെ കൂടെക്കൂട്ടി. അവന്റെ കുട്ടിക്കാലം അയാളുടെ കൂട്ടിലായി.
ചാരായം നിരോധിച്ചതുകൊണ്ട് കാസര്‍ഗോട്ട് ലഹരിയുടെ ഹരം തേടുന്നവര്‍ വഴി കാണാതെ വിഷണ്ണരായ കാലമായിരുന്നു. ചാരായം പാവങ്ങള്‍ക്ക് ചെറിയ കാശിന് വിഷമം മാറ്റാനുള്ള വിഷമായിരുന്നു. വൈകുന്നേരംവരെ എല്ല് മുറിയെ പണിയെടുത്ത് അന്തിനേരങ്ങളില്‍ പട്ടയടിച്ച് വേദനകള്‍ മറന്ന് അന്നന്ന് കൂലിയായി കിട്ടുന്നത് അവര്‍ കൂരകളില്‍ ഏല്‍പ്പിക്കും. ചുരുക്കം ചിലര്‍ മാത്രം പട്ടയില്‍ പെട്ട് പട്ടടയിലേക്ക് പൂർണമായി. മറ്റുള്ളവര്‍ക്ക് പൊറുതികേടിന്റെ ജീവിതം മുന്നോട്ടുന്താനുള്ള സഹായി പോലെയായിരുന്നു അത്. ആ സഹായമാണ് ഇല്ലാതെയാകുന്നത്.
ആ വിഷമത്തെ മഹേന്ദ്ര നായ്‌ക്കിനെ പോലെയുള്ളവര്‍ മുതലെടുത്തു.
കർണാടകയില്‍നിന്ന് പാക്കറ്റുകളില്‍ അതിര്‍ത്തികടന്ന് ചാരായം കേരളത്തിലെത്തി. മൂലവെട്ടി എന്നായിരുന്നു നാട്ടുകാര്‍ അതിനിട്ട പേര്. മൂലയ്‌ക്ക് ഒരു വെട്ടുവെട്ടി ആ വെട്ടിലൂടെ ഒറ്റവലിക്ക് അവര്‍ ചാരായം വായിലാക്കി ലഹരിയെ വിളിച്ചുവരുത്തി.
ചിത്രീകരണം: കെ പി മുരളീധരൻ
തുടക്കത്തില്‍ ചാരായക്കടത്തിന്റെ എസ്‌കോര്‍ട്ട് ആയിട്ടായിരുന്നു മുസ്‌തഫ നിന്നത്. മൂലവെട്ടിയുടെ പാക്കറ്റുകളുമായി വണ്ടിയെത്തുമ്പോള്‍ പൊലീസ് സ്ഥലത്തില്ലെന്ന് നോക്കാന്‍ മുസ്‌തഫയും പല പ്രായത്തിലുള്ള കുട്ടികളും ഉജ്ജിറയിലെയും പരിസരദേശങ്ങളിലെയും പൊളിഞ്ഞ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് നോക്കിക്കൊണ്ടിരിക്കും. പൊലീസുവണ്ടി ഉണ്ടെന്നറിഞ്ഞാല്‍ ചൂളമടിക്കും. കള്ളക്കടത്തുമായി വരുന്നവര്‍ വഴിമാറി നില്‍ക്കും.
പതിനഞ്ച് രൂപ ഓരോ എസ്‌കോര്‍ട്ടിനും പ്രതിഫലമായി മുസ്‌തഫയ്‌ക്ക് കിട്ടി.
ആദ്യത്തെ തവണ കിട്ടിയപ്പോള്‍ അത് അവന്‍ സീനത്തിന് നല്‍കി. അവന്‍ പൂർണമായും പണിക്കിറങ്ങിയെന്ന് മനസ്സിലായത് കൊണ്ടാവാം സീനത്ത് അന്ന് തെറിവിളിച്ചില്ല.
കടപ്പുറത്ത് തല പോയ തെങ്ങിന് കീഴില്‍ ചെരിഞ്ഞുകിടക്കുന്നുണ്ടായിരുന്ന തോണിക്കരികില്‍നിന്ന് തോര്‍ത്ത് തലയില്‍ കെട്ടിയ മെലിഞ്ഞ മനുഷ്യന്‍ നാവ് തൊണ്ടയില്‍ കുത്തിക്കൊണ്ട് നൊട്ടയിട്ട് സീനത്തിനെ വിളിച്ചു.
മുസ്‌തഫയുടെ കാശ് കോന്തലയില്‍ മുറുക്കി, പൊക്കിള്‍ വെളിച്ചത്ത് കാണ്‍കെ ലുങ്കി അഴിച്ചുകെട്ടി അവള്‍ തോണിക്കരികിലേക്ക് കാലുകള്‍ നീട്ടിവെച്ചു. അവളുടെ പിന്‍ഭാഗം എട്ടെന്ന് എഴുതുംപോലെ വലുതായി ഇളകി. തലക്കെട്ട് അഴിച്ച് തോര്‍ത്ത് കുഞ്ചിയിലിട്ട് തോണിയും വിട്ട് അയാള്‍ ഇരുട്ടിലൂടെ നടന്നു. സീനത്ത് അയാളെ പിന്തുടര്‍ന്നു.
അവര്‍ നടന്നുപോകുന്നതും വീക്ഷിച്ചുകൊണ്ട് സംഘത്തിലെ മൂത്തൊരു മനുഷ്യന്‍ തന്ന മൂലവെട്ടി കടിച്ചുപൊട്ടിച്ച് കുടിച്ചു. തല ലഹരിയില്‍ വട്ടം കറങ്ങിത്തുടങ്ങിയത് അവര്‍ കണ്ണില്‍നിന്ന് മറഞ്ഞപ്പോള്‍.
കൈകളിലെ രോമങ്ങള്‍ എഴുന്നേല്‍ക്കുന്നത് അവന്‍ അറിഞ്ഞു.
അരക്കെട്ട് കടലായി മാറുന്നു.
ആനന്ദത്തിന്റെ തിരകള്‍ വേലിയേറ്റം ചെയ്യുന്നു...
‘വാ... എഴുന്നേല്‍ക്ക്...'
കല്‍പ്പന കാണിച്ച് മനസ്സ് വിറ വിട്ടുമാറാതെ കല്‍പ്പിച്ചു.
അവന് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല.
അവശേഷിക്കുന്ന മൂലവെട്ടിയും എടുത്ത് അവന്‍ ഇരുട്ടിലൂടെ വേഗത്തില്‍ നടന്നു.
തോണിയും കടന്ന്
കുറ്റിക്കാടും കടന്ന്
പാറക്കൂട്ടവും കടന്ന്
കാട്ടുവാഴകള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന കറുത്തമണ്ണിലെത്തിയപ്പോള്‍ കെട്ടിപ്പിടുത്തത്തിന്റെ ഒച്ച അവനെ വിളിച്ചു.
ഒച്ചയുണ്ടാക്കാതെ അവന്‍ ഒച്ചയിലേക്ക് കടന്നു.
തണ്ടൊടിഞ്ഞ വാഴകള്‍ക്കിടയില്‍ ഉണങ്ങിയ വാഴയിലകള്‍ പായ പോലെ കൂട്ടിവെച്ചതിന് മുകളില്‍ സീനത്ത് മലര്‍ന്നുകിടക്കുന്നത് അവന്‍ കണ്ടു. നിലാവിന്റെ നറുവെട്ടത്തില്‍ അവളുടെ ഉടല്‍നിറം നീലയായി മാറിയിരിക്കുന്നു, നിലാവിന്റെ നാഗം നോവിച്ചത് പോലെ...
അവള്‍ക്ക് മുകളില്‍ രണ്ട് പേര്‍ പോര്‍ത്തട്ടിലെന്ന പോലെ കിതയ്‌ക്കുന്നു.
അവളുടെ ആനന്ദത്തിന്റെ ഒച്ച പാമ്പിന്റെ ചീറ്റല്‍ പോലെ ഉയരുന്നു.
ശീല്‍ക്കാരത്തില്‍ ഭയന്ന് ഇരുട്ട് ഒച്ചയുടെ വാ പൊത്തുന്നു.
നോക്കിക്കൊണ്ട് നില്‍ക്കവെ മുസ്‌തഫയുടെ വലതുകൈ തുടകള്‍ക്കിടയിലേക്ക് താഴ്‌ന്നു. സീനത്തെന്ന കടലിലേക്ക് അവനും ഉള്‍ത്തുടിപ്പോടെ ചേര്‍ന്നിറങ്ങി.
അവളുയര്‍ന്നു.
അവനും...
അവള്‍ പിടഞ്ഞു,
അവന്‍ ചേര്‍ത്തുനിര്‍ത്തി.
അവള്‍ കരഞ്ഞു.
അവന്‍ ചെറുചിരിയോടെ ചുണ്ടുകള്‍ കടിച്ചു.
കടല്‍...
തിരയൊടുങ്ങിയ കടല്‍ ഒച്ചയില്ലാതെ കരഞ്ഞു.
അപ്പോള്‍ കാലങ്ങള്‍പ്പുറത്ത് നിന്നൊരു രാജാവ് അമ്മയെ ഓര്‍ത്ത് കണ്ണീരോടെ കഴുത്തിലേക്ക് ഉടവാള്‍ കുത്തിയിറക്കി.
ചിത്രീകരണം: കെ പി മുരളീധരൻ
ആസക്തിയൊഴിഞ്ഞപ്പോള്‍ ആണുങ്ങള്‍ രണ്ടും സീനത്തിനെ ഉപേക്ഷിച്ച് വടക്കോട്ട് നടന്നു. നിലത്ത് നിന്നെഴുന്നേറ്റ് സീനത്ത് മേലില്‍ പറ്റിപ്പിടിച്ച ഉണങ്ങിയ ഇലകളും പൊടിയും തട്ടിക്കളഞ്ഞ് ഉടുവസ്‌ത്രം ധരിച്ചു. സീനത്ത് കാണാതിരിക്കാന്‍ മുസ്‌തഫ കള്ളിമുള്ളിന്റെ കാടിന് പിറകില്‍ കുനിഞ്ഞിരുന്നു. നിലാവ് ഉറങ്ങാന്‍ കടലിലേക്കിറങ്ങിയിരുന്നു. കടല്‍ നീലയാല്‍ പരന്നുകിടന്നു. ചുറ്റിലുമൊന്ന് നോക്കി സീനത്ത് പുരയിലേക്ക് കാലുകള്‍ നീട്ടുവെച്ചു. അവള്‍ കണ്ണില്‍നിന്ന് മറയുന്നതുവരെ അവന്‍ കള്ളിമുള്‍ക്കാട്ടില്‍നിന്ന് അനങ്ങിയില്ല. എന്തിനാണ് താന്‍ ഇങ്ങനെ ചെയ്‌തതെന്ന് അവന് വിചാരം വന്നു. അതിന് അവന് ആസക്തിയെന്ന ഉത്തരമല്ലാതെ വേറൊന്നും വന്നില്ല. കയ്യിലുണ്ടായിരുന്ന മൂലവെട്ടി പൊട്ടിച്ച് വായിലേക്ക് കമിഴ്‌ത്തി അവന്‍ വിചാരത്തെ മായ്ച്ചുകളഞ്ഞു.
അന്ന് മുതല്‍ സീനത്തിന് മുഖം കൊടുക്കാതിരിക്കാന്‍ അവന്‍ പ്രത്യേകമായി ശ്രദ്ധിച്ചു. സീനത്ത് മുന്നില്‍ വരുമ്പോള്‍ അവന്‍ മാറിനില്‍ക്കുകയോ പിന്തിരിഞ്ഞുനടക്കുകയോ ചെയ്യുക പതിവായി. എന്നാല്‍ പണിയെടുത്ത് കിട്ടുന്നതില്‍ നിന്നൊരു ഭാഗം വീട്ടില്‍ കൊടുക്കാന്‍ അവനൊരിക്കലും മറന്നില്ല. മിണ്ടിയില്ലെങ്കിലെന്ത്, മുഖം തിരിച്ചാലെന്ത് അവന്‍ പൈസ കൊണ്ടുത്തരുന്നുണ്ടല്ലോ എന്ന വിചാരത്തില്‍ അവള്‍ എല്ലാം മായ്ച്ചുകളഞ്ഞു.
എസ്‌കോര്‍ട്ടില്‍ നിന്ന് അവന്‍ മൂലവെട്ടിക്കടത്തിലേക്കും അവിടെനിന്ന് സ്‌പിരിറ്റ് കടത്തിലേക്കും വേഗത്തില്‍ ചുവടുമാറി. അതിരുകവിഞ്ഞ ആത്മവിശ്വാസവും ധൈര്യവും അവന്റെ കൂടപ്പിറപ്പായിരുന്നു. കര്‍ണാടകത്തില്‍നിന്ന് ചെക്ക് പോസ്റ്റില്ലാത്ത പൈവളിഗെയിലെ കൊണാജേ ഭാഗത്തിലൂടെ അവന്‍ ഓട്ടോയില്‍ സ്‌പിരിറ്റ് കടത്തി. 1:4 അനുപാതത്തില്‍ സ്‌പിരിറ്റില്‍നിന്ന് അവന്‍ മദ്യമുണ്ടാക്കി. ഒരു ലിറ്റര്‍ സ്‌പിരിറ്റില്‍നിന്ന് നാല് ലിറ്റര്‍ ചാരായമുണ്ടായി. കളര്‍ കൂട്ടിയാല്‍ അത് വിസ്‌കിയോ ബ്രാണ്ടിയോ ആയി. ഉജ്ജിറയിലെ മനുഷ്യര്‍ വീണ്ടും ലഹരിയുടെ ദഫ്മുട്ട് കളിക്കാന്‍ തുടങ്ങി.
മുസ്‌തഫയുടെ വളര്‍ച്ച വേഗത്തിലായിരുന്നു. ആളും ബലവുമുള്ളവനായി.
വേഗത്തില്‍ തന്നെ അവന് ശത്രുക്കളുമുണ്ടായി.
ഉജ്ജിറയിലെ കളി മാറി.
ഉജ്ജിറയില്‍ രക്തം വീഴാന്‍ തുടങ്ങി . (തുടരും)








0 comments