നേപ്പാൾ പ്രളയം: ഉത്തർപ്രദേശിലെ നദിയിൽ നിന്ന് 3 മൃതദേഹങ്ങൾ കണ്ടെടുത്തു

image courtesy :PTI
കുശിനഗർ: നേപ്പാളിലെ പ്രളയത്തെത്തുടർന്ന് ഒഴുകിയെത്തിയ മൂന്ന് മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലുള്ള ഗന്ധക് നദിയിൽ നിന്ന് കണ്ടെടുത്തു. നേപ്പാൾ അതിർത്തി കടന്നാണ് മൃതദേഹങ്ങൾ ഇന്ത്യൻ പ്രദേശത്തേക്ക് ഒഴുകിയെത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഖദ്ദയിലെ മദൻപൂർ-സുക്രൗലി മേഖലയിലുള്ള ബാരേജ് പില്ലർ നമ്പർ 3-ന് സമീപമാണ് വെള്ളിഴാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്.
സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ നിരീക്ഷണ സംഘമാണ് മൃതദേഹങ്ങൾ കണ്ട് കരയ്‌ക്കെത്തിച്ചത്. മരിച്ചവരെ തിരിച്ചറിയുന്നതിനായി നേപ്പാളിലെ അയൽ ജില്ലകളിലെ അധികൃതർക്ക് വിവരങ്ങൾ കൈമാറി. കഴിഞ്ഞ ദിവസം അയൽജില്ലയായ മഹാരാജ്ഗഞ്ചിലെ പുഴയിൽ നിന്ന് അഴുകിയ നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
എന്നാൽ ഇവ നേപ്പാളിലെ പ്രളയത്തിലും ഉരുൾപൊട്ടലിലും കാണാതായവരുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനുള്ള പരിശോധന നടന്നു വരികയാണ്. മനുഷ്യശരീരങ്ങൾക്ക് പുറമെ വാഹനങ്ങൾ, ഗാർഹിക സാധനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ, ഫർണിച്ചറുകൾ, തടികൾ തുടങ്ങിയവയും വൻതോതിൽ ഗന്ധക് നദിയിലൂടെ ഒഴുകിയെത്തുന്നുണ്ട്.
കരയ്ക്കടിയുന്ന വസ്തുക്കൾ ശേഖരിക്കാനായി ഗ്രാമവാസികൾ നദീതീരങ്ങളിൽ തടിച്ചുകൂടുന്നതിനാൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സാധനങ്ങൾ എടുക്കാനായി ആരും നദിയിൽ ഇറങ്ങരുതെന്നും, ഇത്തരം വസ്തുക്കൾ ഒഴുകിവരുന്നത് കണ്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും ഭരണകൂടം കർശന മുന്നറിയിപ്പ് നൽകി.









0 comments