ബാങ്കുകൾക്ക് നൽകാനുള്ള 22,000 കോടി തന്റെ ബാധ്യതയല്ലെന്ന് സുഭാഷ് ചന്ദ്ര; വിദേശത്ത് വ്യവസായം തുടങ്ങുന്നതായി പരസ്യ പ്രഖ്യാപനം

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് നൽകാനുള്ള 22 000 കോടി രൂപയുടെ കടം രാഷ്ട്രീയ ഒത്താശയിലൂടെ വെട്ടിക്കുറച്ച് നൽകിയതോടെ സുഭാഷ് ചന്ദ്ര വിദേശത്ത് പുതിയ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ബിജെപി മുൻ എംപിയും മാധ്യമ ഭീമനുമായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കടം വെറും 6.5 കോടി രൂപ ആയാണ് കുറച്ചു നൽകിയത്. ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ വഴി നേടിയെടുത്ത ഭീമൻ ഇളവ് വിവാദമായതോടെ സുഭാഷ് ചന്ദ്ര വിശദീകരണവുമായി രംഗത്തെത്തി. ബാധ്യകൾ വ്യക്തിപരമല്ലെന്നും കോര്‍പ്പറേറ്റ് കമ്പനിയുടെ പേരിൽ ഉണ്ടായതാണെന്നും അവകാശപ്പെട്ടു. ഇതിനിടെ സ്വിറ്റ്സര്‍ലൻഡിൽ പുതിയ വ്യവസായം തുടങ്ങുന്നതായി പരസ്യമായി പറയുകയും ചെയ്തു. പാപ്പരത്ത നപടികളുടെ ഭാഗമായി വായ്പാ ഇളവ് അനുവദിച്ച് കിട്ടിയ വ്യക്തിയാണ്.
എസ്സെൽ ഗ്രൂപ്പ് അധ്യക്ഷനും സീ മീഡിയ ഗ്രൂപ്പ് സ്ഥാപകനുമാണ് സുഭാഷ് ചന്ദ്ര. കടം ഒഴിവാക്കി നൽകിയതിന് എതിരെ ബാങ്കുകൾ നിയമനടപടിക്ക് ഒരുങ്ങുകയാണ്. കൂടെ നിൽക്കുന്ന കോര്‍പ്പറേറ്റുകൾക്ക് വായ്പകൾ എടുത്ത് മുങ്ങാൻ ഒത്താശ ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിൽ ഏറ്റവും പുതിയതാണ് സുഭാഷ്ചന്ദ്ര കേസ്. എന്നാൽ ഇത്തവണ ബാങ്കുകൾ നിശ്ശബ്ദമായി സഹിക്കുന്നതിന് പകരം നിയമ നടപടിയെ കുറിച്ച് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വിഡീയോ സന്ദേശത്തിലൂടെയാണ് സുഭാഷ് ചന്ദ്ര ന്യായീകരണങ്ങൾ നടത്തിയത്.
കാശ് പൂഴ്ത്തി
പുതിയ കച്ചവടത്തിന്
ബാധ്യത വ്യക്തിപരമല്ലെന്നാണ് പ്രധാന വാദം. എന്നാൽ ഈ കമ്പനിയുടെ തലവനാണെന്ന് സമ്മതിക്കയും ചെയ്യുന്നു. 45,888 കോടി രൂപയുടെ ആസ്തി മാത്രം ഉണ്ടായിരുന്ന തന്റെ നിലവിലെ ആസ്തി 38 കോടി രൂപ മാത്രമാണെന്നാണ് അവകാശപ്പെടുന്നത്. ഇതിലെ വ്യത്യാസം എങ്ങിനെ വന്നു എന്നതിന് വിശദീകരണമില്ല.
2019 ലാണ് കമ്പനികൾ പ്രതിസന്ധിയിലായത്. അന്ന് 45000 കോടി രൂപയുടെ ബാധ്യയുണ്ടായിരുന്നു. ഇതിൽ 43000 കോടി തിരിച്ചടച്ചു. ഇപ്പോൾ 2000 കോടി മാത്രമാണ ബാക്കിയുള്ളത് എന്നാണ് അവകാശവാദം. വായ്പ എഴുതിത്തള്ളിയ ട്രിബ്യൂണൽ നിശ്ചയിച്ച് നൽകിയിരിക്കുന്നത് വെറും 6.5 കോടിയാണ്. ഇത്രയും ഇളവ് എങ്ങനെ ലഭിച്ചു എന്ന കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നു.
തന്റെ ബിസിനസ് തകർച്ചയിൽ നിരാശയില്ലെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് തുടര്‍ച്ചയായാണ് സ്വിറ്റ്സര്‍ലാൻഡിൽ പുതിയ വ്യവസായം തുടങ്ങുന്നതായി പറയുന്നത്. ഇത് സുഹൃത്തുക്കൾ വഴി ധനസമാഹരണം നടത്തിയാണ് എന്നാണ് വാദം. ഒരു വശത്ത് ട്രിബ്യൂണലിനെ ഇടനിലയാക്കി പാപ്പരത്ത ആനുകൂല്യം നേടി. മറുവശത്ത് സുഹൃത്തുക്കൾ എന്ന മറയിൽ വിദേശത്ത് പുതിയ ബിസിനസ് തുടങ്ങുന്നു. ബാങ്കുകൾക്ക് നൽകാനുള്ളത് സമര്‍ഥമായി നിയമാനുകൂല്യം എന്ന നിലയ്ക്ക് വെട്ടിക്കയും ചെയ്തു.
വായ്പ എടുത്ത വകയിൽ ബാങ്കുകൾക്ക് നൽകാനുള്ള മൊത്തം ക്ലെയിം തുകയുടെ 0.03% മാത്രമാണ് ഇദ്ദേഹത്തിനെതിരെ തിരിച്ചടക്കാൻ എൻ സി എൽ ടി അനുമതിയായിരിക്കുന്നത്. ഈ ഉത്തവിനെതിരെ വായ്പാദാതാക്കളിൽ പ്രധാനിയായ എച്ച്ഡിഎഫ്സി അപ്പീൽ ട്രിബ്യൂണലിനെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ എൽഐസി, ആക്സിസ് ബാങ്ക്, ഐഡിബിഐ, ആര്‍ബിഎൽ ബാങ്ക്, യൂണിയൻ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകളും വായ്പ തിരിച്ചു പിടിക്കാൻ ശ്രമിച്ചേക്കും എന്ന സൂചനയുണ്ട്.
എന്നാൽ ധനകാര്യ മന്ത്രാലയവും ബാങ്കിങ് മേഖലയും ചേർന്ന് എസ്സെൽ ഗ്രൂപ്പിന്റെ കടബാധ്യതകളെയും തിരിച്ചടവുകളെയും കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നടപടികൾ വൈകിപ്പിക്കാനുള്ള ശ്രമമാണ് സുഭാഷ് ചന്ദ്ര നടതുന്നത്. കേന്ദ്ര സര്‍ക്കാരിലും ബിജെപിയിലും തനിക്കുളള സ്വാധീനം ഇതിനായി ഉപയോഗിക്കയും ചെയ്യുന്നു. ഇത് എച്ച്ഡിഎഫ്സിയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ ബാങ്കുകളെ പ്രതിരോധത്തിലുമാക്കുന്നു. തന്റെ നിക്ഷേപങ്ങൾ വിദേശത്തേക്ക് മാറ്റാനുള്ള ശ്രമം പരസ്യമായി പ്രഖ്യാപിക്കാനുള്ള പിന്തുണ ഉറപ്പാക്കിയാണ് കടബാധ്യതയുള്ള ബാങ്കുകൾക്കെതിരെ സുഭാഷ്ചന്ദ്രയുടെ നീക്കം.
രക്ഷപെടുത്തി നൽകിയവര്‍
ബിജെപി ടിക്കറ്റിലാണ് സുഭാഷ് ചന്ദ്ര രാജ്യസഭയിൽ (2016–2022) എത്തുന്നത്. തന്റെ ആത്മകഥയായ The Z Factor ൽ ചെറുപ്പം മുതലുള്ള ആര്‍ എസ് എസ് ബന്ധം പ്രത്യേകം വിവരിക്കുന്നുണ്ട്. മാധ്യമ ബിസിനസ് തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ വളര്‍ച്ച. ഹിന്ദിയിൽ ടെലിവിഷൻ ചാനലും പിന്നാലെ ഡിഷ് ടിവി യും ആരംഭിച്ചു. ആദ്യത്തെ സ്വകാര്യ ഹിന്ദി സാറ്റലൈറ്റ് ടെലിവിഷൻ ചാനലായ സീ ടിവി അന്ന് രാഷ്ട്രീയ തന്ത്രപരമായും പ്രധാന്യവും സ്വാധീനവും നേടി.
എൻസിഎൽടി (NCLT) വായ്പ തള്ളി നൽകാൻ കാരണം പറഞ്ഞത് അദ്ദേഹത്തിന്റെ പക്കൽ വ്യക്തിഗതമായി ആകെ 31.8 കോടി രൂപയുടെ ആസ്തി മാത്രമേ ബാക്കിയുള്ളൂ എന്നാണ്. ഇതിൽ 25 കോടിയുടെ വീടും ഉൾപ്പെടുന്നു. ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്സി കോഡ് (IBC) അനുസരിച്ച് അദ്ദേഹത്തെ പൂർണ്ണമായി പാപ്പരായി പ്രഖ്യാപിച്ചാൽ ബാങ്കുകളുടെ പണം തിരികെ ലഭിക്കില്ല. അതിനാൽ കൈവശമുള്ള പണത്തിൽ നിന്ന് 6.5 കോടി രൂപ റീപേയ്‌മെന്റ് പ്ലാൻ വഴി ഈടാക്കുന്നത് വായ്പാദാതാക്കൾക്ക് വേഗത്തിൽ പണം ലഭിക്കാൻ സഹായിക്കും എന്നും ന്യായീകരിച്ചു.
99.97% ശതമാനം ബാധ്യതയും ഒഴിവാക്കി നൽകാൻ സാഹചര്യം സൃഷ്ടിച്ചു. ഇതിനിടയിലാണ് വിദേശ നിക്ഷേപം നടത്തുന്നതായി സുഭാഷ് ചന്ദ്ര തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.









0 comments