ad
Deshabhimani

മുഖ്യമന്ത്രിക്കെതിരെ അണികളിലും പ്രാദേശിക നേതൃത്വങ്ങളിലും അമർഷം രൂക്ഷം; ശ്രീകാര്യത്ത് കണ്ടത് സാമ്പിൾ

V D Satheesan
വെബ് ഡെസ്ക്

Published on Aug 29, 2026, 12:51 PM | 2 min read

തിരുവനന്തപുരം: 100 ദിവസം കൊണ്ട് കോൺ​ഗ്രസുകാർക്ക് തന്നെ ഈ ഭരണം സഹിക്കാൻ കഴിയാതായി. ആ പ്രതിഷേധമാണ് മുഖ്യമന്ത്രിക്കെതിരെ ശ്രീകാര്യത്തിനടുത്ത ചേന്തിയിൽ കണ്ടത്. വി ഡ‍ി സതീശന്റെ ഏകാധിപത്യവും സംഘപരിവാർ അജണ്ട നടപ്പാക്കലും സ്വന്തം പാർടിക്കുള്ളിൽ തന്നെ കടുത്ത അമർഷത്തിന് കാരണമായിരിക്കുകയാണ്. ഇനിയും മൗനം തുടർന്നാൽ ജനങ്ങളുടെ മുഖത്ത് നോക്കാൻ കഴിയില്ലെന്ന സ്ഥിതിയായതോടെയാണ് അണികളും പ്രാദേശിക നേതാക്കളും പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയത്. ചേന്തിയിൽ കണ്ടത് സാമ്പിൾ മാത്രമാണ്. ഇതിന്റെ വിപുലമായ രൂപങ്ങൾ വരും നാളുകളിൽ കേരളമെങ്ങും ഉയർന്നുവരും.


സത്യപ്രതിജ്ഞയ്ക്ക് മുൻപ് എൻഡിഎ നേതാക്കളെ മം​ഗലാപുരത്ത് പോയി കണ്ട സതീശൻ മുഴുവൻ വിഷയങ്ങളിലും സംഘപരിവാർ അജണ്ട നടപ്പാക്കുകയാണ്. മന്ത്രിമാർ പോലും അറിയാതെ അവരുടെ വകുപ്പുകളിലെ കാര്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് തീരുമാനമെടുക്കുകയാണ്. തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞ മുഴുവൻ വാ​ഗ്ദാനങ്ങളിലും യു-ടേൺ അടിക്കുന്നത് പലതവണ കേരളം കണ്ടു. പിഎംശ്രീ അടക്കമുള്ള വിഷയങ്ങളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ വി ഡി സതീശൻ പച്ചക്കള്ളങ്ങൾ തട്ടിവിടുകയാണ്.


മത്സ്യത്തൊഴിലാളികൾ അടക്കമുള്ള മുഴുവൻ ദുർബല വിഭാ​ഗങ്ങളെയും ആക്ഷേപിക്കുകയും അവ​ഗണിക്കുകയുമാണ്. ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും നിരന്തരം ആവർത്തിക്കുന്നു. സതീശന്റെ ഏകാധിപത്യത്തിനെതിരെ പ്രതികരിക്കാൻ മന്ത്രിസഭയിലെ ഒരാൾക്കും ധൈര്യമില്ല. മുസ്ലിം ലീ​ഗ് അടക്കമുള്ള ഘടക കക്ഷികൾ അധികാരത്തിന്റെ ഹരം ആസ്വദിക്കുന്ന തിരക്കിലുമാണ്. ഈ സാഹചര്യത്തിൽ ​ഗതികെട്ടാണ് കോൺ​ഗ്രസ് പ്രവർത്തകരും പ്രാദേശിക നേതാക്കളും പ്രതികരിച്ചു തുടങ്ങുന്നത്. ചേന്തിയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയവരെ കേസിൽ കുടുക്കി ഒതുക്കാനാണ് നീക്കം നടക്കുന്നത്. സതീശന്റെ കൊള്ളരുതായ്മയ്ക്കെതിരെ പ്രതികരിക്കാൻ ഒരുങ്ങിനിൽക്കുന്നവർക്കുള്ള ഭീഷണി മുന്നറിയിപ്പുകൂടിയാണിത്.


മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം വഹിച്ച ചേന്തി അനിലിനെ പാർടി പ്രാഥമിക അം​ഗത്വത്തിൽ നിന്നും പുറത്താക്കി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് അനിലിന്റെ അറസ്റ്റിനെ കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. അനിലിനെ തള്ളി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചാൽ നടപടിയുണ്ടാകുമെന്നും, നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല ഇത്തരം നടപടിയെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. മന്ത്രിയായതോടെ കോൺ​ഗ്രസുകാരനാണെന്ന് മറന്ന മട്ടിലാണ് മുരളീധരൻ. അധികാര ലഹരിയിൽ അപക്വ പ്രതികരണങ്ങളുമായി മുന്നോട്ട് പോകുന്ന മുരളീധരനെതിരെയും അണികളിൽ വലിയ പ്രതിഷേധമുണ്ട്. എന്നാൽ അനിലിനെതിരായ നടപടി ഭൂരിഭാ​ഗം പ്രവർത്തകരും അം​ഗീകരിക്കുന്നില്ല.


പ്രതികരണ ശേഷിയില്ലാതെ ദുർബലരായെങ്കിലും കെ സി വേണു​ഗോപാൽ പക്ഷക്കാരായ മന്ത്രിമാരും കോൺ​ഗ്രസ് നേതാക്കളും ഒരവസരത്തിന് കാത്തിരിക്കുകയാണ്. ചെറിയ വകുപ്പ് നൽകി ഒതുക്കിയതിൽ സണ്ണി ജോസഫിനെ പോലുള്ളവരും കടുത്ത അതൃപ്തിയിൽ തുടരുകയാണ്. പ്രതിസന്ധിയുണ്ടായാൽ സർക്കാരിനെ ബാധിക്കുമെന്നും കിട്ടിയ അധികാരം പോയാലോ എന്നും ഭയന്നാണ് ഇക്കൂട്ടർ അടങ്ങി ഒതുങ്ങി കൂടുന്നത്. പുതിയ കെപിസിസി പ്രസിഡന്റിനെ നിയോ​ഗിക്കാത്തതിലും കോൺ​ഗ്രസിനുള്ളിൽ വ്യാപക പ്രതിഷേധമുണ്ട്.


ഇതോടെ കോൺ​ഗ്രസിലും യുഡിഎഫിലും വലിയ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്. സംഘപരിവാർ പിന്തുണയോടെ ഈ പ്രതിസന്ധികളെല്ലാം അതിജീവിക്കാമെന്നാണ് വി ഡി സതീശൻ കണക്കുകൂട്ടുന്നത്. എന്നാൽ സ്വന്തം പാർടിയെയും നേതൃത്വത്തെയും അവ​ഗണിച്ചുകൊണ്ട് സതീശന് എത്രനാൾ മുൻപോട്ട് പോകാൻ കഴിയുമെന്ന് കണ്ടറിയണം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home