തിരസ്‌മരണ
ചിരിപ്പിക്കാത്ത കോമാളി

ബിജു മുത്തത്തി
Published on Aug 29, 2026, 12:02 PM | 10 min read
‘‘വിശപ്പുള്ളവൻ ചെരിപ്പു തിന്നുന്നത്
കണ്ട് ചിരിച്ചവനാണ് ഞാൻ
അന്നത്തെ കോമാളിത്തമോർത്ത്
ഇന്നു ഞാൻ കരയുന്നു''
(എ അയ്യപ്പൻ‐ മുള്ളുതറഞ്ഞ കണ്ണ്)
‘മേള’യിൽ രഘു
ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്
‘കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'‐ സ്വന്തം ജീവിതത്തെ മേള രഘു ഇങ്ങനെ ഒരൊറ്റ വാക്യത്തിൽ പ്രയോഗിക്കുമ്പോൾ ഞങ്ങളുടെ ക്യാമറ ആലപ്പുഴ കടലിനും രഘുവിനും നടുവിലകപ്പെട്ട്് സ്‌തബ്ധമായി നിന്നു. മുഴുവൻ കയ്‌പ്പായിരുന്നെങ്കിൽ അയാൾക്ക് ‘മേള'യിലെ ഗോവിന്ദൻകുട്ടിയെ പോലെ ജീവിതം തുപ്പിക്കളയാമായിരുന്നു. പക്ഷേ വെള്ളിത്തിരയുടെ വലിയ മറവികളോടും മൗനങ്ങളോടും പൊരുതിനിൽക്കാൻ അദ്ദേഹം തയ്യാറായിരുന്നു.
കെ ജി ജോർജിന്റെ സിനിമാഗ്രാഫ് പഠിക്കുന്നവർക്ക് 1980‐ൽ പുറത്തിറങ്ങിയ‘മേള' ഇന്നും ഒരു പാഠപുസ്‌തകമാണ്. എന്നാൽ മേളയിലെ നായകനായ രഘുവിനെ പിന്നീട് എത്ര പേർ അതിനുശേഷം അതേ പ്രഭയിൽ കണ്ടു? സർക്കസിന്റെയും സിനിമയുടെയും മേളകളെല്ലാം തീർന്ന് മറ്റൊരു വിലാസത്തിൽ കഴിയുന്ന രഘുവിനെ ചേർത്തല റെയിൽവേ സ്‌റ്റേഷനു മുന്നിലെ ഒരു തട്ടുകടയിൽ വെച്ചാണ് ഞങ്ങൾ ആദ്യം കണ്ടത്. ജീവിതത്തിൽ ഇനി ഒരു മേളയും ബാക്കിയില്ലെന്നും അല്ലെങ്കിൽ ജീവിതം ഒരൊറ്റ മേളയോടെ അറംപറ്റിയെന്നും കരുതുന്ന മനുഷ്യനുമുന്നിലാണ് ഞങ്ങളെത്തപ്പെട്ടതെന്ന്്് തോന്നി.
വളരെ തുച്ഛമായൊരു പ്രതിഫലത്തിനാണ്് അദ്ദേഹം കൈരളി ടിവിയിൽ ഞാൻ അവതരിപ്പിച്ചിരുന്ന ‘കേരള എക്സ്പ്രസ്്' എന്ന പരിപാടിയുടെ ക്യാമറയ്‌ക്കു മുന്നിലെത്തിയത്്്. ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ അദ്ദേഹം സർക്കസ് കോമാളിയുടെ മേക്കപ്പിട്ട് നിന്നു. ഒരു കലാകാരന്് ജീവിതം പറയാൻ ഈ വേഷത്തിന്റെയൊന്നും ആവശ്യമില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:
‘‘അല്ലെങ്കിൽ ഈ മഹാവേഷം മറന്നുപോകും, മോനേ!’’
ചെങ്ങന്നൂർ കീഴ്‌ചേരിമേൽ മറ്റവന പുത്തൻവീട്ടിൽ രാമകൃഷ്‌ണപിള്ളയുടെയും സരസമ്മയുടെയും മകൻ രഘു സംസാരിച്ചു തുടങ്ങുമ്പോൾ നാലരപ്പതിറ്റാണ്ടു മുമ്പത്തെ മേള വേറൊരു രൂപത്തിൽ മുന്നിൽ തെളിയുന്നതുപോലെ തോന്നി. മേളയ്‌ക്കു ശേഷം എങ്ങോട്ടേക്കോ അദൃശ്യനായ ആ കലാകാരന്റെ അറിയപ്പെടാത്ത ജീവിതത്തിന്റെ ഒരു കൂടാരത്തിനുള്ളിലായി ഞങ്ങൾ.
സർക്കസിൽപോയി കോമാളിവേഷം കെട്ടി ധാരാളം പണം സമ്പാദിച്ച് നാട്ടിലേക്കുവരുന്ന കുള്ളൻ ഗോവിന്ദൻ കുട്ടി (രഘു). കയ്യിൽ ഒരു റേഡിയോയും പിടിച്ച് ബെൽബോട്ടം പാന്റ്‌സും ഷൂവും കൂളിങ് ഗ്ലാസും കഴുത്തിൽ സ്വർണമാലയും വാച്ചുമെല്ലാമായി ഗ്രാമത്തിലേക്കുള്ള അയാളുടെ വരവ് സിനിമ കണ്ട ഒരാളും മറക്കില്ല.
മേളയിൽ രഘുവും മമ്മൂട്ടിയും
പതിമൂന്ന്്് വർഷത്തിന്് ശേഷം ഏകമകൻ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് അമ്മ (ഇരിങ്ങൽ നാരായണി). സർക്കസിൽ അവൻ അവതരിപ്പിക്കുന്ന കോമാളി അഭ്യാസങ്ങളുടെ ആൽബം കാണിക്കുമ്പോൾ അമ്മയ്‌ക്ക് സന്തോഷത്തിനൊപ്പം സങ്കടവുമുണ്ട്്്.
‘ആളുകളെ ചിരിപ്പിക്കാൻ നീ അപകടം പിടിച്ച കളികളൊക്കെ കളിക്കുമോ മോനേ' എന്ന്്്് അമ്മ ചോദിക്കുമ്പോൾ ഗോവിന്ദൻകുട്ടി അൽപ്പം വിഷാദം കലർന്ന ചിരിയോടെ പറയുന്നു: ‘‘പരിശീലിച്ചുറപ്പിച്ചതല്ലേ അമ്മേ എല്ലാം, പിന്നെ ചെറിയ വീഴ്‌ചകളൊക്കെ പറ്റും. അപ്പോഴും ആളുകളൊക്കെ ചിരിക്കും!''
കോമാളിയുടെ വീഴ്‌ചകൾ മനുഷ്യർക്ക്്് ചിരിക്കാനുള്ള വിഷയമാണ്. വീഴ്‌ചകൾ മാത്രമല്ല, ദാരിദ്ര്യത്തിന്റെ ഭീകരതയും കൊടിയ പീഡനവും യുദ്ധവും മരണവുമെല്ലാം മറ്റൊരു കാഴ്‌ചയിൽ ക്രൂരമായ ചിരിയുടെ പ്രസരണകേന്ദ്രങ്ങളാണെന്നാണല്ലോ മഹാനായ ചാപ്ലിന്റെ സിനിമകളെല്ലാം ലോകത്തോട്്് പറഞ്ഞുകൊണ്ടിരുന്നത്്്. ‘ദി ഗോൾഡ് റഷി'ലെ ചാപ്ലിൻ കഥാപാത്രം പട്ടിണി സഹിക്കാനാവാതെ ഷൂസ് വേവിച്ച്്് സ്‌പൂൺ കൊണ്ട്്്് കഴിക്കുന്നതുപോലും ലോകം ആർത്തുചിരിച്ചാണ് കണ്ടത്്്. ‘അന്നത്തെ കോമാളിത്തമോർത്ത് ഇന്നു ഞാൻ കരയുന്നു'വെന്ന്് പിൽക്കാലത്ത് എ അയ്യപ്പൻ എഴുതിയത് ആ സിനിമയുടെ സ്മരണയിലാണ്.
ദുരന്തങ്ങളും കോമഡികളും തമ്മിൽ ജീവിതത്തിൽ വലിയ ദൂരമൊന്നുമില്ലെന്നാണ് ചാപ്ലിനും ലോകമെങ്ങുമുള്ള കോമാളി കഥാപാത്രങ്ങളും ലോകത്തിന് എന്നും കാട്ടിക്കൊടുത്തുകൊണ്ടിരുന്നത്.
1989‐ൽ കമൽഹാസൻ മൂന്നുവേഷങ്ങളിൽ അഭിനയിച്ച സിംഗീതം ശ്രീനിവാസ റാവുവിന്റെ ‘അപൂർവ സഹോദരങ്ങ’ളിൽ കമലിന്റെ ഒരു വേഷം അപ്പു എന്നു പേരായ ഒരു കുള്ളന്റേതാണ്്. കമൽഹാസൻ കാൽ മടക്കിപ്പിടിച്ച് ഏറെ ക്ലേശം സഹിച്ച്് മുട്ടിൽ നടന്ന്്് കുള്ളനായി അഭിനയിച്ചത്് അക്കാലത്ത് വലിയ കയ്യടികൾ നേടുകയുണ്ടായി. ‘ഒത്ത ഉയരമുള്ള മനുഷ്യൻ ലോകത്ത്്് ആദ്യമായി കുള്ളനായി അഭിനയിക്കുന്നു'വെന്ന് പരസ്യം നൽകിയ ആ ചിത്രത്തിൽ ജന്മനാ കുള്ളനായ രഘുവിനും ഒരു വേഷമുണ്ടായിരുന്നു. എന്നാൽ ലോകത്തു തന്നെ ആദ്യമായി ഒരു കുള്ളൻ നായകനായ സിനിമയായിട്ടും ‘മേള'യെ ആരും ആ രീതിയിൽ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ചിരിപ്പിക്കുന്ന കുള്ളനെന്ന സ്ഥിരം വാർപ്പിനപ്പുറം ഇത്തരം മനുഷ്യർ സമൂഹത്തിലനുഭവിക്കുന്ന സംഘർഷങ്ങളുടെയും പ്രതിസന്ധികളുടെയും ജീവിതപ്പകർപ്പായതുകൊണ്ടാണ് കെ ജി ജോർജിന്റെ ‘മേള’ മലയാളത്തിന് മറക്കാനാവാത്തൊരു തിരസ്മരണയാകുന്നത്്്.
തന്റെ ഉയരക്കുറവിനെ അംഗീകരിച്ചും പൊരുത്തപ്പെട്ടും കഴിയുന്ന ‘മേള’യിലെ ഗോവിന്ദൻകുട്ടി ആ കുറവിൽ ഒട്ടും അപകർഷവാനല്ല. ഇനി അങ്ങനെയുണ്ടെങ്കിൽ തന്നെ പണം അയാൾക്ക്്്് അസാധാരണമായ ആത്മവിശ്വാസം നൽകുന്നു. നാട്ടുവഴികളിലൂടെ നഗരത്തിലെ ആർഭാടത്തിന്റെയും പരിഷ്‌കാരത്തിന്റെയും പ്രതീകമായി നടക്കുന്ന ഗോവിന്ദൻകുട്ടിക്കു മുന്നിൽ ശരിക്കും അപകർഷരാവുന്നത്്് വടക്കൻ കേരളത്തിലെ ആ കുഗ്രാമമാണ്്. സമ്പത്തില്ലായ്‌മയാണ് ഏറ്റവും വലിയ വൈകല്യമെന്ന്് തിരിച്ചറിഞ്ഞ്്് ഒരു നാടിനെ തന്റെ ആശ്രിതരെപ്പോലെ നിർത്താൻ ഗോവിന്ദൻകുട്ടിക്ക് കഴിയുന്നു. ‘അറിവില്ലാ പൈതങ്ങളാ'യ കുട്ടികളല്ലാതെ മുതിർന്ന ഒരാൾപോലും ഗോവിന്ദൻകുട്ടിയുടെ ഉയരക്കുറവിനെ പരിഹസിക്കുന്ന ഒറ്റ രംഗംപോലും സിനിമയിലില്ല.
മോഹൻലാലിനൊപ്പം ദശ്യം സിനിമയുടെ
ചിത്രീകരണത്തിനിടയിൽ
പണക്കാരനായ തന്നെ ഗ്രാമം വലിയ അതിശയത്തോടെയും ആരാധനയോടെയും നോക്കുന്നത് ഗോവിന്ദൻകുട്ടി നന്നായി ആസ്വദിക്കുന്നു. ഉയരം കുറഞ്ഞവനെങ്കിലും സമ്പന്നനായ നായകനെ പ്രേമിക്കാൻ ഗ്രാമത്തിലെ പെൺകൊടിമാർ മത്സരിച്ചു. ഒടുവിൽ ഗ്രാമത്തിലെ ഏറ്റവും സുന്ദരിയായ ശാരദ (അഞ്ജലി നായിഡു) എന്ന പെൺകുട്ടി രഘുവിനെ കല്ല്യാണം കഴിക്കുന്നു.
ഗോവിന്ദൻകുട്ടി ശാരദയെയും കൂട്ടി നഗരത്തിലെത്തുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. നാട്ടുമ്പുറത്തുനിന്ന് ടൗണിലെത്തുമ്പോൾ ശാരദയുടെ മനസ്സുമാറുന്നതായി ഗോവിന്ദൻകുട്ടി തിരിച്ചറിഞ്ഞു. സർക്കസിലെ മോട്ടോർ സൈക്കിളഭ്യാസിയായ വിജയൻ (മമ്മൂട്ടി) അവരുടെ ജീവിതത്തിലേക്കു വരുന്നതോടെ തമ്പിനു പുറത്തും താൻ കോമാളിയാക്കപ്പെടുകയാണോ എന്ന നിരാശ ഗോവിന്ദൻകുട്ടിയെ പിടികൂടുന്നു.
‘‘മനസ്സൊരു മാന്ത്രികക്കുതിരയായി പായുന്നു
മനുഷ്യൻ കാണാത്ത പാതകളിൽ...''
മുല്ലനേഴി എഴുതി എം ബി ശ്രീനിവാസൻ ഈണം നൽകി യേശുദാസ് പാടിയ ‘മേള’യിലെ ഈ ഗാനം മലയാളത്തിലെ നിത്യഹരിതഗാനങ്ങളിലൊന്നാണ്്. ആ ഗാനം പശ്ചാത്തലത്തിലുണ്ടെന്ന പോലെ രഘുവേട്ടൻ ഞങ്ങളുടെ ക്യാമറയ്‌ക്ക് എടുക്കാനായി കടൽത്തീരത്തൂടെ നടന്നു. സിനിമാ നടനായ മേള രഘുവായി മാത്രമല്ല, ചേർത്തലയിലെ പുത്തൻവെളി ശശിധരനായും.
‘‘എന്റെ ഉയരക്കുറവ് സർക്കസിൽ എനിക്ക് അനുഗ്രഹമായി. വീട്ടുകാരറിയാതെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ ഭാരത് സർക്കസിലെത്തുന്നത്. ഭാരത് സർക്കസിലെ ജോക്കറായി വേഗത്തിൽ ഞാൻ പേരെടുത്തു. ‘മേള’യിലെ ഗോവിന്ദൻകുട്ടിയെപ്പോലെ സർക്കസിൽ എനിക്കും നല്ല ശമ്പളം കിട്ടി. അച്ഛന് കെഎസ്ആർടിസിയിൽ ജോലിയുണ്ടായിരുന്നു. അദ്ദേഹത്തിന് ഞാൻ സർക്കസ് കളിക്കുന്നതൊന്നും ഇഷ്ടമില്ലായിരുന്നു. പലതവണ എന്നെ തിരിച്ചു വിളിച്ചുവെങ്കിലും ഞാൻ മടങ്ങിവന്നില്ല.'' രഘുവിന്റെ ഉള്ളിലും ഓർമകളുടെ തിരയടിക്കുകയാണ്.
തലശ്ശേരിക്കാരാണ് അക്കാലത്ത് രാജ്യത്തെ സർക്കസിന്റെ കൊടിപറത്തിയവർ. സർക്കസ് തലശ്ശേരിക്കാരന് ഉയർന്ന ജീവിതം നൽകി. ‘മേള’യിലെ ഗോവിന്ദൻകുട്ടി എന്ന കുള്ളൻ സർക്കസിന്റെ സാമ്പത്തിക പ്രതാപങ്ങൾ മാറ്റിയെടുത്ത ആ നാടിന്റെ അക്കാലത്തെ ഒരു ജീവിതപ്രതീകമായിരുന്നു.
‘‘തലശ്ശേരിയിൽ അക്കാലത്ത് ഒരു വീട്ടിൽ മൂന്നും നാലും പെൺകുട്ടികളുണ്ടാവും. ബീഡിപ്പണിക്കാരോ മറ്റോ ആയിരിക്കും അച്ഛനമ്മമാർ. കുട്ടികളിൽ രണ്ടുപേരെയെങ്കിലും സർക്കസിലേക്കു വിടും. ഇത്രവർഷത്തേക്ക് സർക്കസ് കമ്പനിയുമായി എഗ്രിമെന്റ് എഴുതി പൈസ വാങ്ങും. അവർ അവിടെ പോയി സർക്കസ് പരിശീലിക്കും. അഭ്യാസം പഠിച്ച ശേഷം ശമ്പളം നിശ്ചയിക്കും. സർക്കസിൽ അക്കാലത്ത് മൂവായിരമൊക്കെ ശമ്പളം വാങ്ങിയവരുണ്ട്. പുറത്ത് ആളുകൾക്ക്് ഇരുപത് രൂപയൊക്കെ ശമ്പളമുണ്ടായിരുന്ന കാലമാണെന്നോർക്കണം.''
സർക്കസ് കഥകളുടെ കലവറയായ ശ്രീധരൻ ചമ്പാടിന്റെ അനുഭവങ്ങളിൽ നിന്നാണ് കെ ജി ജോർജ് ‘മേള'യുടെ ബീജം കണ്ടെത്തുന്നത്. അരവിന്ദന്റെ ‘തമ്പി' (1978)നും എം ടി‐ ഹരിഹരൻ ടീമിന്റെ ‘വളർത്തുമൃഗങ്ങൾ'ക്കും കഥാബീജം നൽകിയത്്് ശ്രീധരൻ ചമ്പാടാണ്. ശ്രീധരൻ ചമ്പാടിന്റെ സർക്കസ് ജീവിതകഥ ഈ ലേഖകന്റെ ‘മനിതർകാലം' (മാതൃഭൂമി ബുക്സ്്്) എന്ന പുസ്‌തകത്തിൽ ദീർഘമായി പ്രതിപാദിച്ചിട്ടുള്ളതുകൊണ്ട് ആവർത്തിക്കുന്നില്ല.
‘മേള’യിൽ കുള്ളനായ ഗോവിന്ദൻകുട്ടിയെ അവതരിപ്പിക്കാൻ പറ്റിയൊരു നടനെ കണ്ടെത്താനുള്ള ചുമതല ശ്രീനിവാസനായിരുന്നു. സർക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിക്കടുത്താണല്ലോ ശ്രീനിവാസന്റെ ജന്മഗ്രാമമായ പാട്യവും.
‘‘കൊയിലാണ്ടിയിൽ ഞങ്ങളുടെ സർക്കസ്്് കളിക്കുമ്പോഴാണ് ശ്രീനി എന്നെ കാണാൻ വന്നത്.'' രഘു ഓർത്തു.
‘‘ഷോകളെല്ലാം നന്നായി നടക്കുന്ന കാലമാണ്. ഒരു കോമാളി പോയാൽ സർക്കസിനെ അത് ബാധിക്കും. ശ്രീനി സർക്കസ് ഉടമയെ കണ്ട് അതിനുള്ള നഷ്ടപരിഹാരം എന്തായാലും അതു നൽകാനുള്ള ഏർപ്പാടാക്കി. അങ്ങനെയാണ് മാനേജരുടെ അനുവാദം വാങ്ങി ഞാൻ കൂത്തുപറമ്പിലെ ഒരു ഗ്രാമത്തിലെ സിനിമാ സെറ്റിലെത്തിയത്. ഞാനാണ് സിനിമയിലെ ഹീറോയെന്ന് പറഞ്ഞപ്പോൾ എനിക്ക്്് ആദ്യമൊന്നും വിശ്വാസം വന്നില്ല. ജയനും നസീറുമൊക്കെ ഹീറോ ആകുന്ന കാലത്ത് ഞാൻ ഹീറോയാവുകയോ? കളിയാക്കാനാണെന്ന് കരുതി. എന്നാൽ ഏഷ്യയിൽ ആദ്യമായി പൊക്കം കുറഞ്ഞ ഒരാളെ നായകനാക്കി താൻ പടമെടുക്കുകയാണെന്ന് ജോർജ്് നേരിട്ട്്് പറഞ്ഞപ്പോൾ വിശ്വാസമായി. ശശിധരനെന്ന എന്റെ പേരുമാറ്റി രണ്ടക്ഷരമുള്ള രഘുവാക്കുന്നതും ജോർജ് സാറാണ്.''
മേള സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംവിധായകൻ കെ ജി ജോർജിനും ക്യാമറാമാൻ രാമചന്ദ്രബാബുവിനുമൊപ്പം രഘുവും സഹ അഭിനേതാക്കളും
സർക്കസിൽനിന്ന് മലയാള സിനിമയിലേക്ക് ചേർത്തലക്കാരനായ രഘുവെത്തിയത് അന്നുവരെയുള്ള മുഴുവൻ നായക സങ്കൽപ്പങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ്. ‘മേള’ തിയറ്ററിലെത്തിയപ്പോൾ അഭിനയിക്കുന്നവരുടെ ടൈറ്റിലിൽ ആദ്യം തെളിഞ്ഞ പേരും രഘുവിന്റേതായിരുന്നു. നാലാമതായിരുന്നു മമ്മൂട്ടിയുടെ പേര് പ്രത്യക്ഷപ്പെട്ടത്. സിനിമ ഹിറ്റായതോടെ രഘു താരമായി. പൊക്കമില്ലെങ്കിലും രഘുവിന്റെ അഭിനയത്തിലെ തലപ്പൊക്കം എല്ലാവരുടെയും ഉള്ളുലച്ചു.
1971‐ൽ ‘അനുഭവങ്ങൾ പാളിച്ച'കളിൽ ബഹദൂറിനൊപ്പമുള്ള ഒരൊറ്റ സീനിൽ വന്ന് മറഞ്ഞുപോയ മമ്മൂട്ടിക്ക് ആദ്യമായി സിനിമയിൽ ഒരു ഡയലോഗ്്് ലഭിച്ചത് 1973‐ൽ അടൂർ ഭാസിക്കൊപ്പം ‘കാലചക്ര'ത്തിലായിരുന്നു. എം ടി എഴുതിയ എം ആസാദിന്റെ ‘വിൽക്കാനുണ്ട്്് സ്വപ്‌നങ്ങളി'ലും കെ ജി ജോർജിന്റെ ‘മേള'യിലും മമ്മൂട്ടിക്ക് വേഷങ്ങൾ ലഭിച്ചത്്് ഏതാണ്ട് ഒരുമിച്ചായിരുന്നു. ആസാദ് പക്ഷേ തന്റെ ‘സ്വപ്‌നങ്ങൾ' എവിടെയും വിൽക്കാനാവാതെ ആത്മഹത്യ ചെയ്‌തു. മമ്മൂട്ടിക്ക്്് പിന്നീട് തന്റെ വൈഭവം തെളിയിക്കാനുള്ള ചവിട്ടുപടിയായത്് ‘മേള' മാത്രം.
മമ്മൂട്ടി എന്ന നടന്റെ മലയാള സിനിമയിലെ മഹായാത്ര തുടങ്ങുന്നത് ‘മേള’യിലെ ഉപനായകനായിക്കൊണ്ടാണെന്നുകൂടി പറഞ്ഞാലേ മേള രഘുവിന്റെ ജീവിതത്തിന്റെയും ശരിയായ ഉയരം നമുക്ക് തിരിച്ചറിയാനാവൂ. ‘മേള’യിൽ നിന്ന് മമ്മൂട്ടി ആദ്യ പ്രതിഫലമായി കൈപ്പറ്റിയത് 750‐രൂപയാണെന്നും രഘു ഓർത്തുപറഞ്ഞു.
‘‘അന്ന് നൂറു രൂപയ്‌ക്കൊക്കെ ഭയങ്കര ഡിമാന്റായിരുന്നു. നൂറുരൂപയുടെ ഒരു നോട്ട് കാണാൻ ബാങ്കിൽ പോകണം. എഴുന്നൂറ്റമ്പത് രൂപ മമ്മൂട്ടിക്ക് എണ്ണിക്കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അക്കാലത്ത്് പി ജി വിശ്വംഭരൻ സാറും ശശികുമാർ സാറുമൊക്കെ പറയാറുണ്ടായിരുന്നു, മമ്മൂട്ടി മലയാളത്തിൽ പിടിച്ചാൽ കിട്ടാത്ത ഉയരത്തിലെത്തുമെന്ന്. ‘മേള’യ്‌ക്ക് ശേഷമാണ് ജോർജ് സാറിന്റെ തന്നെ ‘യവനിക’ പുറത്തുവന്നത്. അതോടെ മമ്മൂട്ടി സൂപ്പറായി. ഇപ്പോഴത്തെ എന്റെ ഈ അവസ്ഥയിൽ എനിക്ക് അദ്ദേഹത്തെ പോയി കാണാനോ എന്തെങ്കിലും ചോദിക്കാനോ ഉള്ള ധൈര്യമില്ല. എന്റെ കാര്യം അദ്ദേഹം തിരക്കാറുണ്ടെന്ന് ഞാനറിഞ്ഞിരുന്നു. അസുഖകാര്യമൊക്കെ അന്വേഷിക്കാറുണ്ടെന്നും കേട്ടു. മമ്മൂട്ടി വിളിച്ചുപറഞ്ഞാണ് എനിക്ക് കമൽഹാസന്റെ അപൂർവ സഹോദരങ്ങളിൽ വേഷം ലഭിച്ചതെന്നും അറിയാം.''
മലയാളിക്ക് കെ ജി ജോർജ് സ്വയം ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണെന്ന് പറയാറുണ്ട്. അത്രയേറെ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ‘മേള’യുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമാഗ്രാഫ്. മലയാള സിനിമ സ്‌ത്രീകളോടും ജാതിയിൽ താഴ്‌ന്നവരോടും ന്യൂനപക്ഷങ്ങളോടും കാട്ടിയ അതേ അനീതി തന്നെയാണ് കുള്ളന്മാരായ മനുഷ്യരോടും കാട്ടിയിട്ടുള്ളത്. പക്ഷെ, കെ ജി ജോർജ് എന്ന സംവിധായകൻ മറ്റൊരാളായതുകൊണ്ട് മേള മറ്റൊരു സിനിമയായി.
‘‘ആളുകൾ എന്നെ കാണുമ്പോൾ തന്നെ ചിരിക്കും. ഇനി എന്തെങ്കിലും പറ്റിയാൽ കൂടുതൽ ചിരിക്കും. ഒരാൾ ചിരിക്കുമ്പോൾ എല്ലാവരും കൂടെ ചിരിക്കും. അതൊന്നും ആരുടെയും കുറ്റമല്ല. അവിടെ ഞങ്ങൾക്കും വ്യക്തിത്വവും ജീവിതവും കലയുമുണ്ടെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു ജോർജ് സാർ.''
കെ ജി ജോർജിനോടുള്ള തന്റെയും തന്നെപ്പോലുള്ളവരുടെയും കടപ്പാടാണ് രഘു പറയുന്നത്.
സ്വന്തം ജീവിതത്തിന്റെ വേറൊരു പകർപ്പായിരുന്നു രഘുവിന് ‘മേള.' ആ ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായുള്ള ആനന്ദങ്ങളല്ലാതെ സിനിമ രഘുവിന് മറ്റൊന്നും നൽകിയിട്ടില്ല. ‘മേള’യിലെ നായകന് മലയാളത്തിൽ രണ്ടാമതൊരു നായകനാകേണ്ടിയും വന്നിട്ടില്ല. പക്ഷേ ജീവിതം പല വേഷങ്ങളുടെ ഭാവപ്പകർച്ചകളിലേക്ക് ഒരു പ്രതിഫലവും നിർണയിക്കാതെ രഘുവിനെ വഴിതിരിച്ചുവിട്ടു.
മേളയിൽ രഘുവും ശ്രീനിവസനും
‘‘എന്റെ കുടുംബം എന്നെ കാണുന്നത് മേള പോലെയല്ല. അതാണ് എന്റെ ഭാഗ്യം. എന്റെ ഭാര്യക്കും മകൾക്കും സാധാരണ ആളുകളുടെ പൊക്കമുണ്ട്. എന്റെ ഭാര്യക്ക് എന്റെ കൂടെ യാത്ര ചെയ്യാൻ മേളയിലെ ഗോവിന്ദൻകുട്ടിയുടെ ഭാര്യയെപ്പോലെ മടിയില്ല. യാഥാർഥ്യബോധമില്ലായ്‌മയില്ല. പക്ഷേ എനിക്ക്്് ഇടയ്‌ക്കൊക്കെ മടി വരും. ജനം ‘മേള’യിലെ ഗോവിന്ദൻകുട്ടിയെയും ഭാര്യയെും പോലെ തന്നെ ഞങ്ങളെ കാണുമോ എന്ന ഭയം ഇടയ്‌ക്കെല്ലാം എന്നെ പിടികൂടാറുണ്ട്. എന്നാൽ ഇപ്പോൾ അതൊന്നും എന്റെ ചിന്തയിലേയില്ല.''
‘മേള'യാണ് രഘു എന്ന നടനെ സൃഷ്ടിച്ചത്. ഒരുപക്ഷേ, രഘുവില്ലെങ്കിൽ അങ്ങനെയൊരു സിനിമ തന്നെ അസാധ്യമാണ്. രഘുവിന്റെ ജീവിതം തന്നെയാണ് വിശദാംശങ്ങളിൽ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ആ കഥാപാത്രത്തിന്റെയും ജീവിതം. വലിയ സ്വപ്്‌നങ്ങളിലേക്ക് എടുത്തുയർത്തപ്പട്ട മനുഷ്യരുടെ അപ്രതീക്ഷിതമായ തകർച്ചകൾ, അതൊരു കോമാളി വേഷക്കാരന്റേതാകുമ്പോൾ എപ്പോഴും കയ്യടിച്ചു ചിരിക്കാനേ ആളുണ്ടാകൂവെന്നാണ്്് മേളയ്‌ക്കുശേഷവും രഘുവിന്റെ അനുഭവം.
ഒരു കോമാളി എപ്പോഴും കോമാളിയാണ്; സർക്കസിൽ മാത്രമല്ല ജീവിതത്തിലും. അയാളെ കോമാളിവേഷം കെട്ടിക്കുന്ന സമൂഹത്തിനു നേർക്കാണ് എന്നാൽ ശരിക്കും ‘മേള’ വിരൽ ചൂണ്ടുന്നത്. സിനിമയോ സർക്കസോ ഇല്ലാതെ ജീവിതം ഒരു കോമാളിയാത്രയാകുമ്പോൾ രഘുവിനൊപ്പം അവസാനകാലത്ത് തലയറഞ്ഞ്് ചിരിച്ച് കൂടെ നിൽക്കാനുണ്ടായിരുന്നത് രോഗവും ഇല്ലായ്‌മയും അവസരം തേടിയുള്ള നിരന്തരമായ അലച്ചിലും മാത്രമായിരുന്നു.
‘‘ജനത്തിനു മുന്നിൽ പല കോമാളിത്തങ്ങൾ കാണിക്കണം. എങ്കിലേ ജനം ചിരിക്കുകയുള്ളൂ. ജനം ചിരിച്ചാലേ ഞങ്ങൾക്ക് ജീവിതമുള്ളൂ. ജനം വെളിയിലിറങ്ങിപ്പറയും ‘ആ കോമാളി കൊള്ളാം, ഈ കോമാളി കൊള്ളാം' എന്നൊക്കെ. അവന്റെ ദുഃഖം എന്താണെന്ന് ആ ജനത്തിനിറിയേണ്ട കാര്യമില്ല. അവന്റെ അമ്മ കിടപ്പിലാണെന്നോ, കുട്ടികൾ പട്ടിണിയാണെന്നോ ഒന്നും അറിയേണ്ട. സർക്കസിലെ കോമാളിയുടെ ദൗത്യം ജനങ്ങളെ ചിരിപ്പിക്കുക എന്നതു മാത്രമാണ്. രാജ്കപൂറിന്റെ സിനിമയിൽ പാടുന്നത്്് കേട്ടിട്ടില്ലേ, ജീനാ യഹാം മർനാ യഹാം!''
1970‐ൽ പുറത്തിറങ്ങിയ രാജ്കപൂറിന്റെ ‘മേരാ നാം ജോക്കർ' രഘുവിന്റെ ‘മേള'യ്‌ക്കും ഒരു പതിറ്റാണ്ട്് മുമ്പ് ബൊളിവുഡ്്് ഇളക്കിമറിച്ചൊരു സർക്കസ്്് പ്രണയകഥയാണ്. മേളയ്്ക്കും ഒരു വർഷം മുമ്പാണ്്് അരവിന്ദന്റെ ‘തമ്പു'ം പുറത്തിറങ്ങിയത്. തമ്പിൽ കോമാളിയായി അഭിനയിച്ചത് തലശേരിക്കാരനായ കക്കോടി കൃഷ്‌ണേട്ടനായിരുന്നു. മേയ്‌ക്കപ്പില്ലാതെ തന്നെ കോമാളിത്തം തോന്നിക്കുന്ന ഒരു മുഖം തേടിയാണ് അരവിന്ദൻ കൃഷ്‌ണേട്ടനിലെത്തിയത്്്. അതേ പേരിലാണ് സിനിമയിലും അദ്ദേഹത്തിന്റെ കഥാപാത്രം. 2022‐ൽ ലോകപ്രശസ്‌തമായ കാൻ ചലച്ചിത്രമേളയിലെ ക്ലാസിക് വിഭാഗത്തിൽ തമ്പ്് പ്രദർശിപ്പിച്ചപ്പോൾ പലരും അത്ഭുതംകൂറിയത് ഒരു അഭിനേതാവേയല്ലാതിരുന്ന കൃഷ്‌ണേട്ടന്റെ അഭിനയം കണ്ടാണ്്. കൃഷ്‌ണേട്ടനെക്കുറിച്ച് മലയാളിക്ക്് ഇപ്പോഴും കൂടുതലൊന്നും അറിയില്ല എന്നതാണ് യാഥാർഥ്യം.
സർക്കസാണ് ജീവിതത്തിലും സിനിമയിലും കക്കോടി കൃഷ്‌ണേട്ടനെയും മേള രഘുവിനെയും കോമാളിയാക്കിയത്്. പല ചേരുവകളിൽ മലയാളത്തിലും ഇതര ഭാഷകളിലും മേളയ്‌ക്കുശേഷവും സർക്കസ്്് സിനിമകൾ തമ്പ്് കെട്ടിയെങ്കിലും അതിൽ ആടിത്തീർത്ത കോമാളി ജീവിതങ്ങളും ആലപിച്ചിരുന്നത്് ഒരർഥത്തിൽ ‘മേരാ നാം ജോക്കറി’ലെ ആ ഗാനം തന്നെയാണ്‐ ‘ജീനാ യഹാം മർനാ യഹാം, ഇസ്‌കെ സിവാ ജാനാ കഹാം‐ ജീവിക്കുന്നത് ഇവിടെ, മരിക്കുന്നതും ഇവിടെ, ഇതുവിട്ട് എവിടെ പോകാനാണ്?' ഇന്ത്യൻ സർക്കസിന്റെ തന്നെ വിലാപഗാനമായി പിന്നീടത്.
മലയാള സിനിമ മണ്ണിൽനിന്നും പ്രസിദ്ധിയുടെ വിണ്ണിലേക്ക്്് എടുത്തുയർത്തി പിന്നെ അതേ വേഗത്തിൽ തന്നെ വലിച്ചെറിഞ്ഞ എത്രയോ കലാകാരന്മാരുണ്ട്. വിസ്മൃതിയുടെ ആ ചരിത്രത്തിലെ മുഖമില്ലാത്ത അനേകം മനുഷ്യരുടെ മുഖമായിരുന്നു രഘു. തന്റെ ജീവിതത്തിന്റെ വലിയ മേളകളെല്ലാം ഏതാണ്ട് അവസാനിച്ചുവെന്നു തന്നെയാണ്് അദ്ദേഹം പറഞ്ഞ വരികൾക്കിടയിലൂടെയെല്ലാം മുഴങ്ങിക്കേട്ടത്്.
‘‘നസീർ സാറിനെ പോലെയുള്ള മനുഷ്യരെയൊന്നും മറക്കാനാവില്ല. വലിയ ആൾക്കൂട്ടത്തിനിടയിൽനിന്ന് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞപ്പോൾ എന്നോടു ചോദിച്ചത് ഭക്ഷണം കഴിച്ചുവോ എന്നാണ്. അതു കേട്ടപ്പോൾ തന്നെ എന്റെ വയറു നിറഞ്ഞു. അങ്ങനെയൊരു വലിയ കലാകാരന് അതൊന്നും ചോദിക്കേണ്ട ആവശ്യമില്ലല്ലോ. അതാണ് അന്നത്തെ കലാകാരന്മാരുടെ സ്നേഹം. നസീർ സാറിന്റെ ‘സഞ്ചാരി'യിൽ എനിക്കൊരു പൊടിവേഷമുണ്ടായിരുന്നു. ‘ദൃശ്യം' പടത്തിന്റെ സെറ്റിൽ ലാൽ സാർ വന്നപ്പോൾ ഞാൻ ബഹുമാനംകൊണ്ട് മാറി നിൽക്കുകയുണ്ടായി. അതുകണ്ടപ്പോൾ അദ്ദേഹം അസിസ്റ്റന്റുമാരോടു ചോദിച്ചു, പുള്ളി എന്തിനാണ് മാറിനിന്നതെന്ന്. പിന്നീട് വന്നപ്പോൾ അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ച് കൂടെയുള്ളവരോടെല്ലാം പറഞ്ഞു, ഞാൻ പഴയൊരു സ്റ്റാറാണെന്ന്്്. എന്നെ അറിയാത്തവരായിരുന്നു അപ്പോൾ അവിടെയുണ്ടായിരുന്ന ഏതാണ്ടെല്ലാവരും. അതാണ് ലാലിന്റെ വലുപ്പം.''
മലയാള സിനിമയുടെ ചരിത്രത്തിൽ പലനിലകളിൽ കോമാളിയാക്കപ്പെടുന്നത്്് ഒരൊറ്റയാളല്ല ഒരു ജനത തന്നെയാണ്്്. എന്നാൽ കോമാളിവേഷം കെട്ടി കോമാളിയായത് താൻ മാത്രമായിരിക്കുമെന്നാണ് രഘു സ്വയം വിശേഷിപ്പിക്കുന്നത്. ഒരു സർക്കസ് കോമാളിയായി ജീവിച്ചു തുടങ്ങിയതു കൊണ്ട് ജീവിതം മുഴുക്കെ ആ വേഷം തന്നെ കെട്ടേണ്ടിവരുന്നതായിരുന്നു ഈ മനുഷ്യന്റെ ദുഃഖം.
‘‘ഒരു തവണ സംവിധായകൻ മേജർ രവിയെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു‐ ‘ഞാൻ മേള കണ്ടിരുന്നു. അസാധ്യമായ പടം. ആളിനെ ഇപ്പോഴാണ് നേരിട്ട്്് കാണുന്ന'തെന്ന്. എങ്കിൽ ഒരു ചെറിയ വേഷം തരണം സാർ എന്നു പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു‐‘ഞാൻ പട്ടാളക്കാരുടെ പടമല്ലേ എടുക്കുന്നത്. താങ്കളെപ്പോലൊരു കഥാപാത്രം അതിൽ വരില്ലല്ലോ!' ഞാനപ്പോൾ പുള്ളിയോടു പറഞ്ഞു‐ വെടിവയ്‌ക്കുന്നതിനിടയ്‌ക്ക് ഉണ്ട പെറുക്കിവയ്‌ക്കാൻ ചെറിയ ആളുകൾ വേണ്ടേ, അതായാലും മതിയെന്ന്! അതുകേട്ടപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരും ചിരിച്ചു.''
‘മേള’യ്‌ക്കുശേഷം ‘കരിമ്പിൻ പൂവിനക്കരെ’, ‘അഷ്ടബന്ധം’, ‘അന്തർജനം’, ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’, ‘മുഖചിത്രം’, ‘ഇരിക്കൂ എം ഡി അകത്തുണ്ട്’, ‘ഓ ഫാബി’, ‘ബെസ്‌റ്റ് ആക്ടർ’, ‘ഒരു ഇന്ത്യൻ പ്രണയകഥ’ തുടങ്ങിയ മുപ്പതോളം ചിത്രങ്ങളിൽ രഘു അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ വേഷങ്ങൾ കുറഞ്ഞപ്പോൾ ഇടക്കാലത്ത്് സർക്കസിലേക്കു തന്നെ തിരികെപ്പോയി. സർക്കസിന്റെ അസ്‌തമനകാലത്ത് ഒരു കോമാളിക്കു മാത്രമായി അവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
കമൽഹാസൻ അപൂർവ സഹോദരങ്ങളിൽ
അവിടെനിന്ന്് രണ്ടാമത്തെ മടങ്ങിവരവ് സിനിമയിലേക്കായിരുന്നില്ല, നാടകത്തിലേക്കായിരുന്നു. കെപിഎസിയുടെ രജതജൂബിലി നാടകമായ ‘ഇന്നലെകളിലെ ആകാശത്തിൽ' മരുത് എന്ന തൊഴിലാളി കഥാപാത്രത്തെ രഘു കെപിഎസി ജോൺസണൊപ്പം അരങ്ങിൽ അതിഗംഭീരമാക്കി.
‘‘ഞാൻ ഇടയ്‌ക്ക് ആലോചിക്കാറുണ്ട്, എനിക്ക് പൊക്കമുണ്ടായിരുന്നെങ്കിൽ വേറെ എന്തെങ്കിലും ജോലിക്ക് പോകാമായിരുന്നല്ലോ എന്ന്്്. ഈ സർക്കസൊക്കെ വിട്ട് എവിടേക്കെങ്കിലും പോകാമായിരുന്നെന്ന്. ഇതിപ്പോ ഒരു ‘മേള'യ്‌ക്കു വേണ്ടി എന്നെ ജനിപ്പിച്ചു വിട്ടതുപോലെയാണ്. എന്നെക്കൊണ്ട് എല്ലാവർക്കും പേരായി; മമ്മൂക്കയ്‌ക്കും ജോർജ് സാറിനും ശ്രീനിവാസനുമെല്ലാം. ഞാൻ ആദ്യം പറഞ്ഞതു പോലെ തന്നെ‐ കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട്് തുപ്പാനും വയ്യ.''
‘മേള’യിലെ ഉയരമില്ലാത്ത ആ കഥാപാത്രത്തിന്റെ അടക്കിപ്പിടിച്ച അപകർഷതയും അങ്ങേയറ്റത്തെ ആത്മസംഘർഷവുമായി രഘു പാറക്കൂട്ടങ്ങൾക്കപ്പുറത്തെ കടലിലേക്ക് മറഞ്ഞുപോകും മുമ്പ്്് മമ്മൂട്ടിയോട് അവസാനമായി പറയുന്ന ഡയലോഗ്് ഇതാണ്:
‘‘സ്നേഹത്തിന്റെ അർഥമെന്തെന്ന് വിജയൻ ഇവൾക്ക്്് പറഞ്ഞു കൊടുക്കണം. അവൾക്കതറിഞ്ഞു കൂടാ, അതുകൊണ്ടാ.''
‘മേള’യിലെ ജീവിതപങ്കാളിയുടെ സ്‌നേഹരാഹിത്യംകൊണ്ട് മുറിവേറ്റ ഗോവിന്ദൻകുട്ടിയല്ല ‘മേള’യ്്ക്കു പുറത്തുള്ള ഗോവിന്ദൻകുട്ടി, അതായത് രഘു. അവിടെ അയാൾ ഭാര്യയും മകളുമടങ്ങിയ സ്നേഹബന്ധത്തിന്റെ ഒരു സുദൃഢ വലയത്തിനുള്ളിലാണ്്് അവസാന നിമിഷവും ജീവിച്ചത്്്. അയാൾ തുപ്പിക്കളയാനാവില്ലെന്ന്് പറഞ്ഞ ജീവിതത്തിന്റെ ഒരു മാധുര്യം കുടുംബമായിരുന്നു. അതുകൊണ്ട് ഗോവിന്ദൻകുട്ടി കടലിൽ ചാടിയ നൈരാശ്യങ്ങളുടെ മുനമ്പിൽനിന്ന് വേറെ ചില ചോദ്യങ്ങളോടെ അയാൾ തിരിഞ്ഞു നടന്നു.
തിരിഞ്ഞു നടക്കുമ്പോൾ മേള രഘു എന്തോ പറഞ്ഞത് ഞങ്ങൾ കേട്ടത് ഇങ്ങനെയാണ്‐ ‘ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വേഷം കെട്ടാത്തവരാരുണ്ട്, കോമാളി വേഷം?'
തമ്പ് സിനിമയിലെ രംഗം; ഇരിക്കുന്നത് കക്കോടി കൃഷ്ണൻ
2021 മെയ്്് 03‐ന്് മരണമെന്ന രംഗബോധമില്ലാത്ത കോമാളി കടന്നുവരുംവരെ ജീവിതത്തിന്റെ തമ്പിൽ അയാൾ ഒറ്റയ്‌ക്ക് ആ വേഷമാടി. അതാ കോവിഡ് കാലമായിരുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ്് കുഴഞ്ഞുവീണ രഘുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം അതിനുശേഷം കണ്ണുതുറന്നില്ല. രണ്ടാഴ്‌ചയോളം രഘു അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്നു. ചികിത്സാച്ചെലവിന് ഭാര്യയും മകളും വലുതായി കഷ്ടപ്പെട്ടു. രഘുവിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന മകളുടെ വിവാഹവും മാറ്റിവയ്‌ക്കേണ്ടി വന്നു. രഘു അവസാനമായി അഭിനയിച്ച ‘ദൃശ്യം‐2’ ആമസോൺ പ്രൈമിൽ അപ്പോഴും ആളുകൾ കണ്ടുകൊണ്ടിരുന്നു.
ഒരു വർഷം കഴിഞ്ഞു. വെമ്പനാട്ടുകായലിലൂടെ വെള്ളം എത്രയോ ഒഴുകിപ്പോയി. രഘുവിനെ മലയാളികൾ മറന്നു. 2022 ഫെബ്രുവരിയിൽ രഘുവിന്റെ മകൾ ശിൽപ്പ ശശിധർ വയനാടുള്ള ഡിജിറ്റൽ ആർടിസ്‌റ്റ് അജില അനീഷിന് വാട്സാപ്പിൽ അയച്ച മെസേജ്് അവർ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് മേള രഘുവിനെ ഞങ്ങളിൽ ചിലരെങ്കിലും വീണ്ടും ഓർത്തത്്. ശിൽപ്പയുടെ കുറിപ്പ്് ഇങ്ങനെയാണ്:
മേള രഘുവിന്റെ മകൾ ശിൽപ്പയുടെ വിവാഹ ഫോട്ടോ: ഡിജിറ്റൽ ക്രിയേഷൻ: അജില അനീഷ്
‘‘ഇത് എന്റെ അച്ഛന്റെ ഫോട്ടോ ആണ്. പേര് മേള രഘു. കഴിഞ്ഞ വർഷം മെയ് മൂന്നിനായിരുന്നു അച്ഛന്റെ മരണം. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം. പക്ഷെ അതിന്് കാത്തുനിൽക്കാതെ അച്ഛൻ പോയി. മരിക്കുന്ന സമയംവരെ അച്ഛൻ കോമയിലായിരുന്നു. ഒന്ന് മിണ്ടാൻപോലും കഴിഞ്ഞില്ല. അച്ഛൻ തിരിച്ചുവരും എന്ന പ്രതീക്ഷയിൽ എന്റെ കല്യാണം മാറ്റിവച്ചു. പക്ഷേ അച്ഛൻ തിരിച്ചുവന്നില്ല. അച്ഛന്റെ മരണശേഷം ആറുമാസം കഴിഞ്ഞ് സെപ്‌തംബർ 12‐നായിരുന്നു ഞങ്ങളുടെ വിവാഹം. അച്ഛന് അന്ന് ധരിക്കാൻ വാങ്ങിയ മുണ്ടിന്റെയും ഷർട്ടിന്റെയും പടം കൂടി അയച്ചുതരാം. അച്ഛൻ അത് ഇട്ട് കാണാൻ പറ്റിയില്ല, അതാണ്. ഒരുപക്ഷേ, അച്ഛൻ ഇല്ലാത്തതുകൊണ്ടാവാം ഫോട്ടോയിൽ അമ്മ ചിരിക്കാത്തത്. ഈ ഫോട്ടോയിൽ അച്ഛനെ ചേർത്തതു കണ്ടാൽ അമ്മയുടെ മുഖത്ത് പഴയ ആ ചിരി കാണാൻ കഴിഞ്ഞേക്കും. അമ്മയുടെ പിറന്നാൾ മാർച്ച് രണ്ടിനാണ്. ആ സമയത്ത് എനിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വിലമതിക്കുന്ന സമ്മാനമാകും അത്്.''
മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ രചിച്ച്് ആ രംഗത്ത് ഒരു വേൾഡ് റെക്കോർഡ്് തന്നെ നേടിയിട്ടുള്ള കലാകാരിയാണ് സുൽത്താൻ ബത്തേരിക്കാരിയായ അജില. അജില ആ ചിത്രം മനോഹരമായിത്തന്നെ ചെയ്്്തുകൊടുത്തു. അച്ഛന്റെ ചിത്രത്തോടെ പൂർത്തിയായ ആ കുടുംബചിത്രത്തിന്റെ ഗിഫ്റ്റ്് റാപ്പർ പൊട്ടിച്ച്്് ചിരിക്കുന്ന അമ്മ ശ്യാമളയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട്്്് ശിൽപ്പ അതിനുതാഴെ ഇങ്ങനെ കുറിച്ചു:
‘എല്ലാ ചിത്രങ്ങൾക്കും ഒരു കഥ പറയാനുണ്ട.്'
ഒരുപക്ഷേ, മേള രഘുവിന്റെ ജീവിതമെന്ന ആ കഥാചിത്രത്തിന്റെ അവസാനത്തെ ഏതാനും അടി റീലുകൾ കൂടി കണ്ടതിന്റെ കഥ പറയാനുണ്ടാവുമായിരിക്കും
ആ അമ്മയ്‌ക്കും മകൾക്കും .









0 comments