രേഖാമൂലം
മുസഫർ അഹമ്മദും വിലക്കുവീണ ‘ബിപ്ലവ് ബൈശാഖി’യും


ശ്രീകുമാർ ശേഖർ
Published on Aug 29, 2026, 12:09 PM | 3 min read
1930 ഡിസംബർ ആറിന് ബ്രിട്ടീഷ് സർക്കാർ ‘ബിപ്ലവ് ബൈശാഖി’ (Storm of Revolution) എന്ന കവിതാസമാഹാരം നിരോധിച്ചു. ബംഗാളിയിലുള്ള ഈ കൃതി ജർമനിയിൽ അച്ചടിച്ച് ഇന്ത്യയിലേക്ക് ഒളിച്ചുകടത്തുകയായിരുന്നു. കവിയുടെ പേര് സൗമ്യേന്ദ്രനാഥ് ടാഗോർ. ലെനിനെപ്പറ്റിയും റോസാ ലക്‌സംബർഗിനെപ്പറ്റിയും ഉള്ളവ ഉൾപ്പെടെ പുസ്‌തകത്തിൽ ആകെ 17 കവിതകളായിരുന്നു.
‘‘ചക്രവാളത്തിൽ അവളുടെ പുടവത്തല പാറിയുലയുന്നു.
ഇതാ, എന്റെ വധു വരുന്നു‐ വിപ്ലവത്തിന്റെ കൊടുങ്കാറ്റായി.’’
എന്നും മറ്റും വരികൾ ഉണ്ടായിരുന്നെങ്കിലും വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരന്റെ ചെറുമകനും കമ്യൂണിസ്റ്റുമായ കവിയുടെ പുസ്‌തകം നിരോധിച്ചത് ഈ വിപ്ലവ ഉള്ളടക്കംമൂലം മാത്രമായിരുന്നില്ല. ആ പുസ്‌തകത്തിൽ അപകടകരമായ ഒരു ‘സമർപ്പണം’ കൂടി ഉണ്ടായിരുന്നു. ആഭ്യന്തരവകുപ്പിലെ പൊളിറ്റിക്കൽ വിഭാഗത്തിന്റെ 29/X/1930 നമ്പർ ഫയലിൽ ഇക്കാര്യമുണ്ട്.
മുസഫർ അഹമ്മദ് 1968ൽ കൊച്ചിയിൽ എട്ടാം പാർടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയപ്പോൾ (ദേശാഭിമാനി ഫോട്ടോ)
‘‘ഇന്ത്യയിലെ ജനകോടികൾക്കായി ആത്മാർഥമായി ജീവിതം സമർപ്പിച്ച ഉദാത്ത മനസ്‌കനായ സുഹൃത്ത്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ക്രൂരബലപ്രയോഗത്താൽ ഇപ്പോൾ തടവറയിൽ കഴിയുന്ന മുസഫർ അഹമ്മദിന്, അദ്ദേഹത്തോടൊപ്പം അതേ പാത പിന്തുടരുന്ന ഒരാളുടെ സ്‌നേഹോപഹാരമായി സമർപ്പിക്കുന്നു.’’ ‐ ഇതായിരുന്നു ബ്രിട്ടീഷ് സർക്കാർ അപായസൂചന കണ്ട ആ വാചകം.
സിപിഐയുടെയും പിന്നീട് സിപിഐ എമ്മിന്റെയും അനിഷേധ്യ നേതാവായിരുന്ന മുസഫർ അഹമ്മദിന്റെ സമരജീവിതം തൊണ്ണൂറു വർഷം മുമ്പ് ഉണർത്തിയ തീവ്രവികാരത്തിന്റെ കണ്ണാടിയാണ് ഈ കവിതാസമർപ്പണവും നിരോധന ഉത്തരവും.
ഈ പുസ്‌തകം ഇറങ്ങുമ്പോൾ മീററ്റ് ഗൂഢാലോചനക്കേസിൽ വിചാരണത്തടവുകാരനായി മീററ്റ് ജില്ലാ ജയിലിലായിരുന്നു ബംഗാളികൾ ‘കാക്ക ബാബു’ എന്ന് വിളിച്ചിരുന്ന മുസഫർ അഹമ്മദ്. തുടരെയുള്ള ഗൂഢാലോചനക്കേസുകളിലൂടെ കമ്യൂണിസത്തെ തകർക്കാനാകുമോ എന്ന പരിശ്രമത്തിലായിരുന്നു ബ്രിട്ടീഷ് സർക്കാർ. പെഷവാർ, കാൺപൂർ കേസുകൾക്ക് പിന്നാലെ മീററ്റ് കേസ് വന്നു. മൂന്ന് കേസിലും മുസഫറിനെ പ്രതിയാക്കി. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പിന്തുണയോടെ സായുധ അട്ടിമറി നടത്തി ബ്രിട്ടീഷ് ചക്രവർത്തിയെ നിഷ്‌കാസനം ചെയ്യാൻ ശ്രമിക്കുന്നു വെന്നായിരുന്നു മീററ്റ് കേസിലെ ആരോപണം. എസ് എ ഡാങ്കേയും മുസഫർ അഹമ്മദും ഉൾപ്പെടെ 31 പ്രതികൾ. 1929 മാർച്ച് 20-‐ന് ആരംഭിച്ച വിചാരണ നാലുവർഷത്തോളം നീണ്ടു.
വിചാരണവേളയിൽ കൂട്ടായും ഒറ്റയ്‌ക്കും രാഷ്‌ട്രീയ പ്രസ്‌താവനകളുമായി പ്രതികൾ കോടതി പ്രചാരണവേദിയാക്കി. ഇംഗ്ലീഷിൽ 42 പേജ് നീളുന്നതാണ് മുസഫർ അഹമ്മദിന്റെ മാത്രം മൊഴി. ഇന്ത്യയുടെ വർഗഘടനയും ദേശീയ പ്രക്ഷോഭം വിജയിക്കേണ്ടതിന്റെ പ്രാധാന്യവും വിപ്ലവത്തിനുള്ള സാധ്യതയുമെല്ലാം മുസഫർ അഹമ്മദ് 1931 ജൂൺ ഒമ്പത് മുതൽ 17 വരെ നീണ്ട വിസ്‌താരത്തിൽ വിശദീകരിച്ചു. കമ്യൂണിസ്‌റ്റാണെന്നും ചെയ്‌തത് ഒക്കെ നാടിനുവേണ്ടിയാണെന്നും സ്ഥാപിച്ചു.
സൗമ്യേന്ദ്രനാഥ് ടാഗോറിന്റെ ‘ബിപ്ലവ് ബൈശാഖി’ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്
പ്രസ്‌താവനയുടെ തുടക്കം ഇങ്ങനെയായിരുന്നു:
‘‘ഞാൻ ഒരു കമ്യൂണിസ്‌റ്റ് വിപ്ലവകാരിയാണ്. ഈ കേസുമായി ബന്ധപ്പെട്ട് 1929 മാർച്ച് 20-‐ന് അറസ്റ്റിലാകുന്നതുവരെ കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഇന്ത്യയുടെ അംഗമായിരുന്നു. അറസ്‌റ്റിലായിരുന്ന ദിവസം ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർടി ഔദ്യോഗികമായി കമ്യൂണിസ്‌റ്റ് ഇന്റർനാഷണലിന്റെ ഭാഗമായിരുന്നില്ല. അംഗസംഖ്യയിൽ ദുർബലരായിരുന്നതിനാലാണ് പാർടിയെ കമ്യൂണിസ്‌റ്റ് ഇന്റർനാഷണലുമായി ഔപചാരികമായി അഫിലിയേറ്റ് ചെയ്യാതിരുന്നത്. എന്നാൽ കമ്യൂണിസ്‌റ്റ് ഇന്റർനാഷണലിന്റെ നയങ്ങളിലും തത്വങ്ങളിലും പരിപാടിയിലും പാർടിക്ക് പൂർണമായ വിശ്വാസമുണ്ടായിരുന്നു. സാഹചര്യങ്ങൾ അനുവദിച്ചത്രയും മികച്ച രീതിയിൽ ഞങ്ങൾ അവ പ്രചരിപ്പിക്കുകയും ചെയ്‌തു.
...ഗൂഢാലോചന ഉണ്ടായിരുന്നുവെങ്കിൽ അത് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. എന്നാൽ, എല്ലാ പരിമിതികളും ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല മുൻനിര പോരാളികളിൽ ഒരാളാണെന്ന് അഭിമാനത്തോടെ പറയാൻ എനിക്ക് കഴിയും.’’
കേസിലെ കുറേ ‘തെളിവുകൾ’ മുൻനിർത്തി എന്തു പറയാനുണ്ട് എന്ന മീററ്റ് അഡീഷണൽ സെഷൻസ് ജഡ്ജി വൈ യോർക്കിന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു മുസഫർ അഹമ്മദിന്റെ ഈ വിശദീകരണം.
1933 ജനുവരി 16-‐ന് കോടതി വിധി പറഞ്ഞു. കേസിൽ ഏറ്റവും കടുത്ത ശിക്ഷ മുസഫർ അഹമ്മദിനായിരുന്നു ‐ ജീവപര്യന്തം തടവ്. മറ്റുള്ളവർക്ക് അതിൽ കുറവ് വർഷങ്ങൾ നീണ്ട തടവുശിക്ഷയും. അപ്പീലിൽ കോടതി ശിക്ഷ ഇളവ് ചെയ്യുകയും പ്രതികളെല്ലാം 1933 അവസാനത്തോടെ ജയിൽ മോചിതരാവുകയും ചെയ്‌തു.
മീററ്റ് ഗൂഢാലോചനക്കേസിൽ മുസഫർ അഹമ്മദ് കോടതിയിൽ നൽകിയ മൊഴിയുടെ
ആദ്യപേജ്
ജയിൽമോചനത്തിനുശേഷമുള്ള മുസഫർ അഹമ്മദിന്റെ ജീവിതം കമ്യൂണിസ്‌റ്റ് പാർടിയുടെ വളർച്ചാചരിത്രവുമായി ഇഴപിരിഞ്ഞുകിടക്കുന്നു.
മീററ്റ് കേസിൽ ശിക്ഷാ ഇളവിലൂടെ പുറത്തെത്തിയെങ്കിലും കരുതൽ തടങ്കലിലാക്കി. ഈ ഘട്ടത്തിൽ മുസഫറിന്റെ മോചനം ആവശ്യപ്പെട്ട് സൗമ്യേന്ദ്രനാഥ് ടാഗോർ എഴുതിയ എട്ടുപേജ് ലഘുലേഖയും നാഷണൽ ആർക്കൈവ്സിലുണ്ട്. 1936 ജൂണിൽ മോചിപ്പിച്ചു. എന്നാൽ കൊൽക്കത്തയിൽനിന്ന് നാടുകടത്തിക്കൊണ്ടും കള്ളക്കേസുകളിൽ പ്രതിയാക്കിയും നടപടികൾ തുടർന്നു. കൊൽക്കത്ത തീസിസിനെ തുടർന്ന് 1948-‐ലും ആറുമാസം ജയിലിലടച്ചു. പുറത്തുവന്ന് വീണ്ടും സജീവമായി. ഉൾപാർടി സമരത്തിൽ ഇടതുപക്ഷത്തായിരുന്നു എന്നും.
1964-‐ൽ കൊൽക്കത്തയിൽ ഏഴാം പാർടി കോൺഗ്രസിൽ സിപിഐ എം രൂപീകരിക്കപ്പെടുമ്പോൾ മുസഫർ അഹമ്മദ് തടവറയിലായിരുന്നു. പ്രഥമ കേന്ദ്ര കമ്മിറ്റിയിലേക്ക് സമ്മേളനം അദ്ദേഹത്തെ തെരഞ്ഞെടുത്തു. 1973 ഡിസംബർ 18-‐ന് അന്തരിക്കുംവരെ കേന്ദ്ര കമ്മിറ്റി അംഗമായി തുടർന്നു .









0 comments