ad
Deshabhimani

print edition നിക്ഷേപകരെ കബളിപ്പിച്ചു; കള്ളപ്പണമിടപാടെന്നും ആരോപണം: ടാൽറോപ്പിലെ തട്ടിപ്പ്‌ 
അന്വേഷിക്കണമെന്ന്‌ ജീവനക്കാർ

talrop.jpg
വെബ് ഡെസ്ക്

Published on Jul 14, 2026, 01:34 AM | 1 min read

കൊച്ചി: ടാൽറോപ്‌ കന്പനിയിൽ കള്ളപ്പണമിടപാടും നിക്ഷേപത്തട്ടിപ്പും നടന്നതായി തൊഴിൽത്തട്ടിപ്പിന്‌ ഇരയായവർ. അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്കും എൻഐഎക്കും പരാതി നൽകുമെന്നും തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരുടെ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വലിയ പരിപാടികൾ നടത്തി നിക്ഷേപം സ്വീകരിക്കാൻമാത്രമാണ്‌ കന്പനി ലക്ഷ്യമിട്ടിരുന്നത്‌. മുന്നൂറോളം ജീവനക്കാർക്ക്‌ ആറുമുതൽ 11 മാസംവരെ ശന്പളം കുടിശ്ശികയാണ്‌. ആദ്യമാസം കൃത്യമായി ശന്പളം നൽകും. പിന്നീട്‌ കുറച്ചുമാസത്തേക്ക്‌ നൽകില്ല. ചോദ്യംചെയ്താൽ മുൻഗണനാ പട്ടിക തയ്യാറാക്കി ഒന്നോ രണ്ടോ മാസത്തെ ശന്പളം കൊടുക്കും. നിക്ഷേപം കൊണ്ടുവന്നാൽ ശന്പളം നൽകാമെന്നാണ്‌ പറഞ്ഞിരുന്നത്‌. കന്പനി അധികൃതരെ ഫോൺവിളിച്ചാൽ എടുക്കില്ല.


ഇ–മെയിലിലൂടെയാണ്‌ വിവരങ്ങൾ കൈമാറിയിരുന്നത്‌. ജീവനക്കാരെ സ്ഥിരമായി ഒരു കന്പനിയിൽത്തന്നെ നിർത്താതെ വിവിധ ഉപ കന്പനികളിലായി മാറ്റിനിയമിക്കും. തൊഴിൽതർക്ക കേസുകളിൽനിന്ന്‌ രക്ഷപ്പെടാനായിരുന്നു ഇത്‌.


​നിക്ഷേപകർ പുതുമുഖങ്ങൾ


മുന്നൂറോളം നിക്ഷേപകരാണ്‌ കന്പനിയുടെ പട്ടികയിലുള്ളത്‌. കൂടുതലും ബിസിനസ്‌ മേഖലയിൽ മുൻപരിചയമില്ലാത്തവർ. നിക്ഷേപത്തിനായി സ്ഥലമോ കെട്ടിടമോ കന്പനി ഏറ്റെടുക്കും. തുടർന്ന്‌ നിർമാണത്തിനുള്ള തുകയും നിക്ഷേപകരിൽനിന്ന്‌ വാങ്ങും. ടാൽറോപ്പിന്റെ കന്പനിതന്നെയാണ്‌ നിർമാണവും നടത്തുക. ലാഭവിഹിതവും വാടകയും ഉൾപ്പെടെ വലിയൊരു തുക എല്ലാമാസവും നൽകാമെന്നാണ്‌ നിക്ഷേപകർക്കുള്ള വാഗ്‌ദാനം. പലരും വായ്‌പയെടുത്തും കടംവാങ്ങിയുമാണ്‌ പണം നൽകിയിട്ടുള്ളത്‌. പണം നിക്ഷേപിച്ച നിരവധി പേരാണ്‌ ഇപ്പോൾ വെട്ടിലായതെന്ന്‌ ജീവനക്കാർ പറയുന്നു.


​അങ്കമാലി സ്വദേശിയുടെ 
50 ലക്ഷം തട്ടി


​കംപ്യൂട്ടർ അക്കാദമി സ്ഥാപിക്കാനാണ്‌ ടാൽറോപ്‌ കന്പനി അധികൃതർ അങ്കമാലി സ്വദേശി അബിൻ ജോസഫിൽനിന്ന്‌ 50 ലക്ഷം രൂപ വാങ്ങിയെടുത്തത്‌. ഹോങ്കോങ്ങിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ ഇരിങ്ങാലക്കുട ആളൂരിലുള്ള 30 സെന്റ്‌ സ്ഥലവും കന്പനി കരാർപ്രകാരം ഏറ്റെടുത്തു.


ഇവിടെ 10,000 ചതുരശ്രയടിയിലുള്ള കെട്ടിടം നിർമിക്കുമെന്ന്‌ വിശ്വസിപ്പിച്ചാണ്‌ പണം വാങ്ങിയത്‌. ഒരുലക്ഷം രൂപയ്ക്ക്‌ 1000 രൂപ എന്ന നിലയിൽ മാസം 50,000 രൂപ ലാഭവിഹിതവും കൂടാതെ സ്ഥലവാടകയായി വലിയൊരു തുകയും വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ, കെട്ടിടനിർമാണം പാതിവഴിയിൽ നിലച്ചു. കന്പനി അധികൃതരെ ഫോണിൽ കിട്ടാതെവന്നതോടെയാണ്‌ തട്ടിപ്പ്‌ മനസ്സിലായതെന്നും അബിന്റെ പിതാവ്‌ ജോയി പാറേക്കാട്ടിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അനന്ദു സുൽജിത്ത്‌, അഭിനന്ദ്‌, ഷിഫാസ്‌ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home