ad
Deshabhimani

തളിപ്പറമ്പ് സൂ സഫാരി പാർക്ക്: നിർമാണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു

zoosafaripark
വെബ് ഡെസ്ക്

Published on Oct 11, 2025, 12:33 PM | 1 min read

തളിപ്പറമ്പ്: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ ലക്ഷ്യമിടുന്ന തളിപ്പറമ്പ് നാടുകാണിയിലെ നിർദ്ദിഷ്ട സൂ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള തുടർനടപടികളുടെ ഭാ​ഗമായി വിദഗ്ധ സമിതിയെ നിയോഗിച്ചു. പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി വിശദമായ പദ്ധതിരേഖ (DPR) തയ്യാറാക്കുന്നതിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഉത്തരവായി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എം വി ഗോവിന്ദൻ എംഎൽഎ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.


റിട്ടയേർഡ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ജെയിംസ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിലവിൽ വന്നത്. സന്തോഷ് ജോർജ് കുളങ്ങര, വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷൻ, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുള ദേവി, മൃഗശാല വകുപ്പ് മുൻ ഡയറക്ടർ അബു എബ്രഹാം എന്നിവരാണ് മറ്റം​ഗങ്ങൾ.


പാർക്കിനായി നീക്കിവച്ച 252.8 ഏക്കർ ഭൂമി സംസ്ഥാന മ്യൂസിയം - മൃഗശാല വകുപ്പിന് കൈമാറിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. ഡിപിആർ തയ്യാറാക്കുന്നതിനായി സർക്കാർ നേരത്തെ രണ്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചിരുന്നു. ജനുവരി അവസാനത്തോടെ വിദഗ്ധ സമിതി വിശദമായ ഡിപിആർ സർക്കാരിന് സമർപ്പിക്കും. തുടർന്ന് സർക്കാർ അംഗീകാരം ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കും.


കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകുന്നതായിരിക്കും സൂ സഫാരി പാർക്ക്. മൃഗങ്ങളെ കണ്ടുകൊണ്ടുള്ള സഫാരിയാകും പ്രധാന ആകർഷണം. ഇതിനൊപ്പം മ്യൂസിയവും ബയോളജിക്കൽ പ്ലാൻ്റേഷനുമുണ്ടാകും. നിലവിലുള്ള പ്രകൃതി അതേപടി നിലനിർത്തി സ്വാഭാവിക വനവൽക്കരണം നടത്തിയാകും രൂപകൽപ്പന.


ബൊട്ടാണിക്കൽ ഗാർഡൻ, പ്രകൃതിദത്ത ചരിത്ര മ്യൂസിയം, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രമെഴുത്ത്, വലിയ മഴവെള്ള സംഭരണി എന്നിവയും പാർക്കിന്റെ ഭാഗമായി ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home