തയ്യൽ തൊഴിലാളി പെൻഷൻ മുടങ്ങി; 25,617 പേർ പ്രതിസന്ധിയിൽ, പ്രതിഷേധത്തിനൊരുങ്ങി എകെടിഎ

തിരുവനന്തപുരം: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ പെൻഷൻ വിതരണം സ്തംഭിക്കുന്നു. സെപ്റ്റംബർ മാസത്തെ പെൻഷൻ വിതരണം അട്ടിമറിക്കപ്പെട്ടതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റ് അഞ്ച് മാസം കഴിഞ്ഞിട്ടും ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കാത്തതാണ് നിലവിലെ ഗുരുതരമായ വീഴ്ചകൾക്ക് കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
പെൻഷൻ തടഞ്ഞുവെച്ചത് ബോർഡിന്റെ വീഴ്ചയെന്ന് ആരോപണം
ആഗസ്തിൽ 1,30,350 പെൻഷൻ ഗുണഭോക്താക്കളാണ് തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലുണ്ടായിരുന്നത്. എന്നാൽ ഈ മാസം ഇതിൽ 1,04,733 പേർക്ക് മാത്രമാണ് ചീഫ് ഓഫീസിൽ നിന്നും ഫണ്ട് അനുവദിക്കപ്പെട്ടത്. ബാക്കിവരുന്ന 25,617 പേരുടെ പെൻഷൻ യാതൊരു മുന്നറിയിപ്പുമില്ലാതെ ക്യാൻസൽ ചെയ്യപ്പെടുകയായിരുന്നു.
വർഷങ്ങളായി മുടങ്ങാതെ പെൻഷൻ വാങ്ങിയിരുന്നവരും സാധുക്കളായ തൊഴിലാളികളാണ് ഇതിലൂടെ ദുരിതത്തിലായത്. ഒരിക്കൽ നഷ്ടപ്പെടുന്ന പെൻഷൻ തുക പിന്നീട് ലഭിക്കാൻ സാധ്യതയില്ല. കൃത്യമായി മസ്റ്ററിങ് ചെയ്തിട്ടും ആധാർ കാർഡുമായി ജില്ലാ ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി ലിങ്ക് ചെയ്യാത്തതുകൊണ്ടാണ് പെൻഷൻ ലഭിക്കാത്തതെന്നാണ് അധികൃതരുടെ വിചിത്രമായ ന്യായീകരണം. വർഷാവർഷം കൃത്യമായി മസ്റ്ററിങ് നടത്തിവരുന്ന തൊഴിലാളികളോടുള്ള ഈ ക്രൂരത മനപ്പൂർവമുള്ള വീഴ്ചയാണെന്ന സംശയം ശക്തമാണ്. ഈ നടപടി തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് തൊഴിലാളി സംഘടനകൾ കുറ്റപ്പെടുത്തുന്നു.
സർക്കാർ ഉത്തരവും വ്യാപകമായ പ്രതിസന്ധിയും
സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോർഡുകളിലായി 14,35,450 പെൻഷൻ ഗുണഭോക്താക്കളാണുള്ളത്. ഇതിൽ ലക്ഷക്കണക്കിന് ആളുകൾ ഇതിനകം മസ്റ്ററിങ് പൂർത്തിയാക്കാനുണ്ട്. ഇതിനിടയിലാണ് ആധാർ ഓതന്റിക്കേഷൻ നിർബന്ധമാക്കിക്കൊണ്ട് ധനവകുപ്പ് സെപ്റ്റംബറിൽ ഉത്തരവിറക്കിയത്. നിലവിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർ പോലും ആധാർ ഓതന്റിക്കേഷൻ നടത്തണമെന്ന പുതിയ നിബന്ധന കാരണം അലയേണ്ട അവസ്ഥയിലാണ്. കിടപ്പുരോഗികളും അവശതയനുഭവിക്കുന്നവരുമായ വയോധികർ ഇതിനായി അക്ഷയ കേന്ദ്രങ്ങളിലും ഓഫീസുകളിലും കയറിയിറങ്ങേണ്ടി വരുന്നു.
ശക്തമായ സമരത്തിനൊരുങ്ങി കേരള തയ്യൽ തൊഴിലാളി അസോസിയേഷൻ
അധികൃതരുടെ തൊഴിലാളി വിരുദ്ധ നിലപാടിനെ സംഘടന ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. 14 ജില്ലകളിലുമുള്ള ബാധിക്കപ്പെട്ട 25,000ത്തോളം തൊഴിലാളികളെ കോർത്തിണക്കി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് കേരള തയ്യൽ തൊഴിലാളി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു വ്യക്തമാക്കി.









0 comments