Deshabhimani

നടക്കുന്നത് പ്രക്ഷോഭങ്ങൾ അടിച്ചമർത്താനുള്ള ശ്രമം; രാജ്യം ഭരിക്കുന്നത് നവഫാസിസ്റ്റുകൾ: എം വി ജയരാജൻ

MV Jayrajan.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 05:47 PM | 2 min read

തിരുവനന്തപുരം: നവഫാസിസ്റ്റുകളാണ് ഇന്ത്യ ഭരിക്കുന്നത് എന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഡെൽഹിയിലെ ജന്തർ മന്തർ ഇല്ലാതാക്കാനുള്ള കേന്ദ്രനീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം എം വി ജയരാജൻ.


ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജം പകർന്നുനല്കിയിരുന്ന ഡൽഹിയിലാണ് പോരാട്ടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. ബാരിക്കേഡുകളുടെ നഗരമായി രാജ്യ തലസ്ഥാന നഗരിയെ ബിജെപി മാറ്റി.


ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ അലിയടിച്ചുവരുന്ന ജനരോഷത്തെ തടയാൻ പെല്ലറ്റ് ഗണ്ണുകൾക്കോ ഇരുമ്പു ലാത്തികൾക്കോ ജയിൽ വണ്ടികൾക്കോ ബാരിക്കേഡുകൾക്കോ ജലപീരങ്കികൾക്കോ കഴിയുന്നില്ല.


അതുകൊണ്ടാണ് പ്രതിഷേധിക്കാനുള്ള പൊതുയിടങ്ങൾ ഇല്ലാതാക്കുന്നത്. ഒരു കാലത്ത് ഡെൽഹിയിൽ പ്രതിഷേധിക്കാനുള്ള വേദിയായിരുന്നു ബോട്ട് ക്ലബ്ബ്. അത് മാറ്റി ജന്തർ മന്തർ സ്ഥിരം സമരവേദിയായി മാറി. ഒപ്പം പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും അനുവദിച്ചിരുന്നു.


അതും ഇല്ലാതായി. വലിയ റാലികൾക്കായി റാംലീലാ മൈതാനി പലപ്പോഴും അനുവദിച്ചിരുന്നു. കോവിഡിന് ശേഷം അതിലും നിരോധനമുണ്ടായി. ഇനി ജന്തർ മന്തറിന് കൂടി വിലക്കേർപ്പെടുത്തിയാൽ രാജ്യ തലസ്ഥാന നഗരിയിൽ പ്രതിഷേധിക്കാനും സമരം ചെയ്യാനും പൊതുയിടമില്ലാതാവും.


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താൻ ജനാധിപത്യവിരുദ്ധമായും ഭരണഘടനാവിരുദ്ധവുമായ നടപടികളാണ് ബിജെപി സർക്കാർ സ്വീകരിച്ചു വരുന്നത്. 2018ൽ റാംലീലാ മൈതാൻ കേസിലും, 2018ൽ മസ്ദൂർ കിസാൻ ശക്തി സംഗാടൻ കേസിലും സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്.


ഫാസിസ്റ്റുകളും ഏകാധിപതികളും ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുമ്പോൾ ജുഡീഷ്യറിയാണ് ജനങ്ങളുടെ ആശ്രയം. കഴിഞ്ഞ ദിവസങ്ങളിൽ ജുഡീഷ്യറിയിൽ നിന്നും ഉണ്ടായത് നിസ്സംഗതയാണ്. അത് നിരാശ സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാൽ ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത് സുപ്രീംകോടതി റിട്ട് ഹർജിയായി പരിഗണിക്കാമെന്ന് വ്യക്തമാക്കിയത് ആശയ്ക്ക് വക നൽകുന്നുണ്ട്.


ഡെൽഹിയിലെ പൊലീസും സിആർപിഎഫ് അടക്കമുള്ള അർദ്ധസേനകളും ഒരു പാർലമെന്റ് അംഗത്തെ ക്രൂരമായിട്ടാണ് മർദ്ദിച്ചത്. അതും മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ. ഇത്തരം ഹീനമായ നടപടികൾ ഇല്ലാതാക്കണമെങ്കിൽ ജുഡീഷ്യറി ഉണർന്നു പ്രവർത്തിച്ചേ പറ്റൂ. ജുഡീഷ്യറിയിൽ നിന്നും നീതി കിട്ടുന്നില്ലെങ്കിൽ ജനവിരുദ്ധ സർക്കാരിന്റെ വിലക്ക് ലംഘിച്ച് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശത്തിനുവേണ്ടി ജനങ്ങൾ രംഗത്തിറങ്ങിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home