ചെറുവയൽ രാമന്റെ വിയോഗം നാടിനാകെ നഷ്ടം: പ്രതിപക്ഷ നേതാവ്

ചെറുവയൽ രാമൻ, പിണറായി വിജയൻ
തിരുവനന്തപുരം: പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിന്റെ പാരമ്പര്യ കാർഷിക പൈതൃകത്തിന്റെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ജീവിക്കുന്ന പ്രതീകമായിരുന്ന ചെറുവയൽ രാമന്റെ വിയോഗം നാടിനാകെ നഷ്ടമാണെന്ന് പ്രതിപക്ഷനേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വയനാടിന്റെ മണ്ണിൽ സ്വന്തം ജീവിതം പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷണത്തിനായി അദ്ദേഹം ഉഴിഞ്ഞുവെച്ചു. കഴിഞ്ഞ പത്തു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത്, കൃഷിയെയും പരിസ്ഥിതിയെയും കർഷകരെയും ചേർത്തുപിടിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനകീയ പദ്ധതികളോടെല്ലാം തികഞ്ഞ അനുഭാവമാണ് അദ്ദേഹം പുലർത്തിയത്. കാർഷിക നയരൂപീകരണ വേളകളിലും പരിസ്ഥിതി സംരക്ഷണ ചർച്ചകളിലും അദ്ദേഹം നേരിട്ടെത്തി തന്റെ വിലപ്പെട്ട അനുഭവങ്ങളും നേട്ടങ്ങളും ആശയങ്ങളും പങ്കുവെച്ചിട്ടുണ്ട്.
പല ഘട്ടങ്ങളിലും വ്യക്തിപരമായി നേരിൽ കാണാനും സംസാരിക്കാനും സാധിച്ചിരുന്നു. ലാഭേച്ഛയില്ലാതെ, പുതുതലമുറയിലേക്ക് നാടിൻ്റെ കാർഷിക പാരമ്പര്യം കാത്തുസൂക്ഷിക്കുകയും പുതുതലമുറയ്ക്കത് പകർന്നു നൽകുകയും ചെയ്ത അദ്ദേഹം അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.








0 comments