അന്ന് മിന്നൽവേഗത്തിൽ സർവതും സജ്ജം; ഇന്ന് നാഥനില്ലാതെ ദുരിതാശ്വാസം

2018ലെ പ്രളയത്തിൽ ദുരിതാശ്വാസക്യാമ്പിലെത്തി ജനങ്ങളോട് സംസാരിക്കുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ (ഇടത്), പൊന്നാനിയിൽ മുസ്ലിംലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ (വലത്)
തിരുവനന്തപുരം: 2018ൽ നൂറ്റാണ്ടിലെ മഹാപ്രളയം നേരിട്ട കേരളത്തെ ഒരൊറ്റ മനസോടെ ചേർത്തുനിർത്തി, ഉയർത്തിക്കൊണ്ടുവന്നത് അന്ന് അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ്. സർവതും നഷ്ടമായ ജനങ്ങള്‍ക്ക് രക്ഷയായും ആശ്വാസമായും സർക്കാർ നിലകൊണ്ടു. പ്രളയജലത്തിന് വിട്ടുകൊടുക്കാതെ, പട്ടിണിയിലാക്കാതെ, സാധ്യമായതെല്ലാം തിരിച്ചുവരുമെന്ന ഉറപ്പ് നൽകി സർക്കാർ അവിശ്രമം പ്രവർത്തിച്ചു. എട്ട് വർഷങ്ങൾക്കിപ്പുറം പ്രളയസമാന സാഹചര്യത്തെ കേരളം നേരിടുമ്പോൾ ഇന്ന് അധികാരത്തിലിരിക്കുന്നവർ എന്തുചെയ്യുകയാണെന്ന് ചോദിക്കുകയാണ് ജനങ്ങൾ.
2018 ലെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങ് നടക്കുന്ന അന്നായിരുന്നു ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. രാവിലെ കയറിത്തുടങ്ങിയ വെള്ളത്തിൽ വൈകുന്നേരമായപ്പോൾ ഉയരമുള്ള കെട്ടിടങ്ങൾപോലും മുങ്ങി. അഞ്ഞൂറോളം മനുഷ്യരുടെ ജീവനാണ് നഷ്ടമായത്. വീടുകളും റോഡുകളും എല്ലാം തകർന്നു. എന്നാൽ സമാനതകളില്ലാത്ത ദുരന്തം മുഖാമുഖം വന്നപ്പോൾ വിറങ്ങലിച്ച് നിൽക്കാതെ അടുത്ത നിമിഷംതന്നെ സർവസന്നാഹങ്ങളുമായി സർക്കാർ സജ്ജമായി. പ്രകൃതി ദുരന്തത്തെ നേരിടാൻ മുഴുവൻ വകുപ്പുകളെയും ഏകോപിപ്പിച്ചു. എല്ലാത്തിനും നേതൃത്വമായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ മുന്നിൽനിന്നു.
2018ൽ പ്രളയക്കെടുതി വിലയിരുത്താൻ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽനിന്ന്
നേരത്തെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി തലസ്ഥാനത്ത് കേന്ദ്രീകരിക്കുകയായിരുന്നു ആദ്യം അന്ന് പിണറായി ചെയ്തത്. പ്രളയക്കെടുതി അറിഞ്ഞപ്പോൾതന്നെ ക്ലിഫ് ഹൗസിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി. സെക്രട്ടറിയറ്റിൽ ഒരു നിലയിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓഫീസ് ആരംഭിക്കാൻ നിർദേശം നൽകി. പിന്നെയെല്ലാം അതിശയിപ്പിക്കുന്ന വേഗതയിൽ.
2018ലെ പ്രളയദുരിതാശ്വാസപ്രവർത്തനത്തിന് തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂരിലെത്തിയ സന്നദ്ധപ്രവർത്തകർ
കൺട്രോൾ റൂം ഉടനടി സജ്ജമായി. എയർഫോഴ്സ്, ആർമി, നേവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ചു. ആദ്യ യോഗത്തിൽതന്നെ പങ്കെടുത്ത്, രക്ഷാപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ തീരുമാനിച്ചു. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ രക്ഷകരായി എത്തുന്നത് അവിടെനിന്നാണ്. മത്സ്യത്തൊഴിലാളികളുടെ യോഗം വിളിച്ചുചേർത്ത്, ആവശ്യമായ വള്ളവും ബോട്ടും പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കാൻ നിർദേശിച്ചു. രാത്രിയിൽത്തന്നെ പത്തനംതിട്ട, ആറന്മുള, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ തിരികെപ്പിടിച്ച മത്സ്യബന്ധന ബോട്ടുകൾ എത്തി.
പ്രളയമേഖലയിൽ രക്ഷാപ്രവർത്തനത്തിനായി തിരുവനന്തപുരത്തുനിന്നും ബോട്ടുകൾ പുറപ്പെടുന്നു
പൊതുജനങ്ങൾക്ക് സഹായം ആവശ്യപ്പെടാൻ ഹെൽപ് ലൈൻ നമ്പർ ഒരുക്കി. ദുരിതാശ്വാസക്യാമ്പുകളിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തി. സന്നദ്ധസംഘടനകളെയും വിളിച്ചുകൂട്ടി ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത് ഏകോപിപ്പിച്ചു. കളക്ഷൻ പോയിന്റുകൾ തുടങ്ങിയതുമുതൽ സഹായപ്രവാഹമായി. അതത് ജില്ലകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിമാരെയാണ് അന്ന് ഏകോപനച്ചുമതല ഏൽപ്പിച്ചത്.
2018ൽ പ്രളയത്തെതുടർന്ന് വിവിധ സംഘടനകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകിയ സാധനങ്ങൾ തിരുവന്തപുരം പാളയത്തെ കളക്ഷൻ പോയിന്റിൽ
കൺട്രോൾ റൂമിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചും അവലോകനയോഗം ചേർന്ന് വിലയിരുത്തിയും സാധ്യമാകുന്നതത്രയും ജീവൻ സുരക്ഷിതമാക്കി എന്നുറപ്പായശേഷമാണ് പിണറായി ക്യാമ്പുകളിലേക്ക് പോയത്. അന്ന് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയെയും ഒപ്പംകൂട്ടി പ്രളയമേഖലകളിലേക്ക് പോയി നാടാകെ ഒപ്പമുണ്ട് എന്ന സന്ദേശം കൊടുത്തു. പിന്നെയാണ് മലയാളിയുടെ കാതിൽ ഇന്നും ആവേശത്തോടെ മുഴങ്ങുന്ന "നമ്മൾ ഒരുമിച്ചങ്ങ് ഇറങ്ങുവല്ലേ" എന്ന ആഹ്വാനമുണ്ടായത്. അവലോകനയോഗശേഷമുള്ള വാർത്താസമ്മേളനങ്ങളിലൂടെ ജനങ്ങൾക്ക് ആത്മധൈര്യം നൽകാനും പിണറായി വിജയനെന്ന ഭരണാധികാരിക്കായി. റിബീൽഡ് കേരളയിലൂടെ കേരളത്തെ തിരികെപ്പിടിച്ച കാഴ്ചയാണ് പിന്നീട് കണ്ടത്. 2019ലും ആവർത്തിച്ച പ്രളയത്തിൽ സർക്കാർ ജനങ്ങൾക്ക് ആശ്വാസമായിനിന്നു.
ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള ഭക്ഷണസാധനങ്ങൾ എത്തിക്കുന്നു
എന്നാൽ, മുൻകാലങ്ങളേക്കാൾ ഭീകരമായ മഴക്കെടുതി സംഭവിച്ചില്ലെങ്കിലും ഇപ്പോഴുണ്ടായ ദുരിതത്തിൽ സർക്കാർ സംവിധാനങ്ങളാകെ പരാജയപ്പെട്ട കാഴ്ചയാണ് കാണുന്നത്. മഴ മുന്നറിയിപ്പ് നൽകുന്നതിൽപോലും വീഴ്ചയുണ്ടായി. ജനങ്ങൾക്ക് ഒരു അറിയിപ്പും നൽകാതെ ഡാം തുറന്നുവിട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കായില്ല. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതില്‍ കാലതാമസവും നേരിട്ടു.
വെള്ളംകയറി മുങ്ങിയ റാന്നി, ആറന്മുള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒരു ദിവസം പിന്നിട്ടിട്ടും സഹായം എത്തിയില്ലെന്ന് ഭരണപക്ഷ എംഎൽഎമാർ പോലും പരാതിപ്പെടുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടില്ല. തയ്യാറായ സ്ഥലങ്ങളിൽ ഭക്ഷണം എത്തുന്നില്ല. ചുമതലയുള്ള മന്ത്രിമാർ കോൺഗ്രസ് പ്രവർത്തകരെമാത്രം കണ്ട് പോകുകയാണെന്നും പരാതി ഉയരുന്നു.
പൊന്നാനിയിൽ മുസ്ലിംലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ
ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കേണ്ട മുഖ്യമന്ത്രി വി ഡി സതീശൻ ഗുരുതരവീഴ്ചയാണ് വരുത്തുന്നത്. നാട് വെള്ളത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രി സ്വകാര്യപരിപാടികളിൽ തകൃതിയായി പങ്കെടുത്ത് കറങ്ങിനടക്കുന്നു. പൊന്നാനിയിൽ മുസ്ലിംലീഗ് നേതാവിന്റെ വീട്ടിൽ സൽക്കാരത്തിൽ പങ്കെടുക്കാനും ജ്വല്ലറി ഉദ്ഘാടനത്തിന് പോകാനും സമയം കണ്ടെത്തിയ മുഖ്യമന്ത്രി മഴക്കെടുതിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാനേ തയ്യാറായില്ല. സെക്രട്ടറിയറ്റും ഉറങ്ങിയമട്ടാണ്. ഏത് പ്രതിസന്ധിയെയും നേരിടേണ്ട ഭരണസംവിധാനം ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ട് ഒളിച്ചോടുന്നതിന്റെ ദുരന്ത കാഴ്ചയാണ് കേരളം ഇപ്പോൾ കാണുന്നത്.










0 comments