print edition "അമ്മ' ജീവനക്കാരിയെ പുറത്താക്കിയത് റദ്ദാക്കി: ശ്വേത മേനോൻ

ശ്വേത മേനോൻ
കൊച്ചി: ഓഫീസ് ജീവനക്കാരിയായ ആലുവ സ്വദേശിയെ പുറത്താക്കിയ നടപടി റദ്ദാക്കിയതായി താരസംഘടനയായ അമ്മ പ്ര സിഡന്റ് ശ്വേത മേനോൻ. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷമാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. അമ്മ ട്രഷറർ ഉണ്ണി ശിവപാലിന് നിർബന്ധിത അവധി നൽകി. യുവതിയെ പുറത്താക്കിയ നടപടി തെറ്റാണെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. രണ്ട് എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നെടുത്ത തീരുമാനം തെറ്റാണ്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ തൽക്കാലം നടപടിയില്ലെന്നും ശ്വേത പറഞ്ഞു.
മാർച്ച് ആറിന് പരാതി ലഭിച്ചശേഷം അടുത്ത കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്ന് പരാതിക്കാരിയെ അറിയിച്ചിരുന്നു. മറ്റ് തീരുമാനങ്ങൾ അടുത്ത യോഗത്തിനു ശേഷമെടുക്കുമെന്നും ശ്വേത പറഞ്ഞു. താരസംഘടന അമ്മയിൽനിന്ന് അനധികൃതമായി പിരിച്ചുവിട്ടെന്നും മാനസികമായി പീഡിപ്പിച്ചെന്നും പരാതി നൽകിയ യുവതിയിൽനിന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചൊവ്വ വൈകിട്ട് വിശദാംശങ്ങൾ തേടിയിരുന്നു.
അനധികൃതമായി ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും ഓഫീസിൽ ജോലി തുടരാൻ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടും യുവതി പൊലീസിന് പരാതി നൽകിയിരുന്നു. അമ്മ ട്രഷറർ മാനസികമായി പീഡിപ്പിച്ചതായി പ്രസിഡന്റിനും എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കും യുവതി അയച്ച കത്തിൽ ആരോപിച്ചിരുന്നു. പരാതിക്കത്ത് നൽകിയാൽ ജോലിയിൽനിന്ന് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പറഞ്ഞതായും യുവതി ആരോപിച്ചിരുന്നു. ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ നൽകിയ രാജിക്കത്ത് സ്വീകരിച്ചതായും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.










0 comments