സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാര വിതരണ ചടങ്ങിൽ പുരസ്‌കാര ജേതാക്കളായ എൻ അശോകൻ, കെ ജി പരമേശ്വരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവരുമായി സൗഹൃദ സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി ശിവൻകുട്ടി, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു എന്നിവർ സമീപം
തിരുവനന്തപുരം
മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ കൈമാറി.
മാധ്യമ പ്രവർത്തകരായ ഏഴാച്ചേരി രാമചന്ദ്രൻ, കെ ജി പരമേശ്വരൻ നായർ, എൻ അശോകൻ എന്നിവർ ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരങ്ങൾ.
ചടങ്ങിൽ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്‌തു. ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം ജഷീന, ഫോട്ടോഗ്രാഫർമാരായ എം എ ശിവപ്രസാദ്, ജയകൃഷ്‌ണൻ ഓമല്ലൂർ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി.
മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. എസ് ഹരികിഷോർ, ഡി സുരേഷ്‌കുമാർ, പ്രഭാവർമ്മ, ആർ എസ് ബാബു, കെ പി റെജി, ടി വി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.










0 comments