പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി രണ്ടുമണിക്കൂറിനകം പിടിയിൽ

ആലുവ : മോഷണക്കേസിൽ കാലടി പൊലീസ് അറസ്‌റ്റ് ചെയ്ത അസം സ്വദേശി സുകു അലി (25). ആലുവ സബ് ജയിലിൽനിന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസിനെ വെട്ടിച്ച് കടന്നു. രണ്ടുമണിക്കൂറിനകം ആലുവ പൊലീസ് പിടികൂടി. തിങ്കൾ പകൽ 11ന് ആലുവ കോടതിയിൽ ഹാജരാക്കാൻ പോകുന്നവഴിയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിനു സമീപത്തെ ശുചിമുറിയിൽ കയറി വെന്റിലേഷൻവഴി പുറത്തേക്കു ചാടി.
തുടർന്ന് ചീരക്കട അമ്പലത്തിനു സമീപത്തെ റെയിൽപ്പാളത്തിന്റെ പരിസരത്തേക്ക് ഓടി. പ്രതി രക്ഷപ്പെട്ടെന്ന് അറിഞ്ഞ ആലുവ ഇൻസ്പെക്ടർ വി എം കേഴ്സന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിക്കവല പരിസരമാകെ തിരഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുളിഞ്ചോട് ആര്യാസ് ഹോട്ടലിനുപിന്നിൽ ഒളിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി. പ്രതിക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. കസ്‌റ്റഡിയിൽനിന്നു രക്ഷപ്പെട്ടതിന് സുകു അലിക്കെതിരെ ആലുവ പൊലീസ് കേസെടുത്തു.









0 comments