print edition കൈയടി ആവശ്യപ്പെട്ട് സുരേഷ് ഗോപി, ചോദിച്ചുവാങ്ങാറില്ലെന്ന് എം ബി രാജേഷ്

കൊച്ചി
ബ്രഹ്മപുരം കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്കും കൈയടി ചോദിച്ചുവാങ്ങി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 2023 മാർച്ച് 12ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് അമിത്‌ഷാ ബ്രഹ്മപുരത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും രണ്ടാം മോദി സർക്കാരാണ് പദ്ധതി യാഥാർഥ്യമാക്കിയതെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ഇരുവർക്കും നല്ല കൈയടി വേണമെന്നും സുരേഷ് ഗോപി വേദിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, തങ്ങൾക്ക് കൈയടി ചോദിച്ചുവാങ്ങേണ്ടിവരാറില്ലെന്ന് മന്ത്രി എം ബി രാജേഷ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സർക്കാർ ചെയ്‌ത കാര്യങ്ങൾക്ക് കൈയടി ലഭിക്കുന്നുണ്ട്. ക്രെഡിറ്റ് തർക്കത്തിനില്ല.
അമിത്ഷാ തൃശൂരിൽ വരുന്നതിനുമുമ്പ് ബ്രഹ്മപുരത്തെ പദ്ധതി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സിബിജി പ്ലാന്റ് ബിപിസിഎല്ലിന്റെ കൂടി ആവശ്യമാണ്. സിബിജി പ്ലാന്റിന് താൽപ്പര്യമുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവിനോടാണ് ബിപിസിഎൽ ആദ്യം പറഞ്ഞത്. തദ്ദേശമന്ത്രിയോട് സംസാരിക്കാമോയെന്ന് അവർ ചോദിച്ചു. പി രാജീവ് തന്നെ വിളിച്ചു. തുടർന്ന് തിരുവനന്തപുരത്ത് യോഗം ചേർന്ന് ചർച്ച ചെയ്‌ത് പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്ത് വരാൻപോകുന്ന മറ്റു സിബിജി പ്ലാന്റുകളുടെ ക്രെഡിറ്റ് ആരാണ് എടുക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.
സർക്കാർ ആവശ്യത്തിന് സന്ദേശം അയക്കുന്നതിൽ തെറ്റില്ല. സർക്കാർ പദ്ധതികൾ ജനങ്ങൾ അറിയാതിരിക്കാൻ പെടാപ്പാടുപെടുന്നവരാണ് അസ്വസ്ഥരാകുന്നത്. കേന്ദ്രസർക്കാർ സന്ദേശങ്ങൾ അയക്കുന്നത് മാധ്യമങ്ങൾ ചോദ്യം ചെയ്യാറില്ല. തന്റെ ഫോണിൽ പിഎം ഓഫീസിൽനിന്നുള്ള സന്ദേശം വരാറുണ്ടെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.










0 comments