ഓൺലൈനിലെ അശ്ലീല ഉള്ളടക്കം തടയണം; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: ഓൺലൈനിലൂടെ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാൻ കർശനനടപടി വേണമെന്ന് സുപ്രീംകോടതി. യുട്യൂബിലുടെയും സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല ഉള്ളടക്കം പ്രചരിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ ഉചിതമായ നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവരുമെന്നും കോടതി പറഞ്ഞു.
അശ്ലീല പരാമർശങ്ങളിലൂടെ വിവാദക്കൊടുങ്കാറ്റുയർത്തിയ യുട്യൂബർ രൺവീർ അല്ലബാദിയയുടെ കേസ് പരിഗണിച്ച ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമർശം. ആവശ്യമായ നിർദേശങ്ങൾ നൽകാൻ അറ്റോർണി ജനറലിനും സോളിസിറ്റർ ജനറലിനും കോടതി നിർദേശംനൽകി.
‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ ഷോയിൽ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് മുംബൈ, ഗുവാഹത്തി, ജയ്‌പുർ എന്നിവിടങ്ങളിൽ രജിസ്‌റ്റർ ചെയ്യപ്പെട്ട കേസുകളികള്‍ ഉപാധികളോടെ അറസ്റ്റ് തടഞ്ഞ കോടതി രൺവീറിനെ രൂക്ഷമായി വിമർശിച്ചു. വൃത്തികെട്ടതും വിലക്ഷണവുമായ മനസ്സിനുടമയാണ് രൺവീറെന്ന് കോടതി നിരീക്ഷിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയിൽനിന്ന് പുരസ്‌കാരം വാങ്ങിയിട്ടുള്ള യുട്യൂബറാണ് രൺവീർ അല്ലബാദിയ.










0 comments