ad
Deshabhimani

റംല നെഗറ്റീവ്; പക്ഷേ, കഥ അസ്സൽ പോസിറ്റീവ്‌

 Ramla Blood Donation.jpg
avatar
ഗയ പുത്തലത്ത്‌

Published on Jun 14, 2026, 07:30 AM | 1 min read

കണ്ണൂർ: രക്തദാനത്തിന്റെ വാർത്തയിലൊന്നും സ്‌ത്രീകളുടെ കഥകൾ പൊതുവെ ആരും പറഞ്ഞുകേൾക്കാറില്ല. എന്നാൽ, കതിരൂർ പൊന്ന്യംപാലത്തെ ടി ടി റംലയുടെ ‘ചോരക്കഥ’ നമ്മൾക്കെല്ലാവർക്കും ആവേശമുണ്ടാക്കും. അപൂർവ രക്തഗ്രൂപ്പായ ഒ നെഗറ്റീവാണ്‌ റംല. നെഗറ്റീവ്‌ രക്തത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്‌, റംല രക്തം നൽകിയത്‌ 79 തവണ, ഏറ്റവും ഒടുവിൽ കഴിഞ്ഞ മെയ്‌ മാസത്തിൽ.


22–ാം വയസ്സിലാണ്‌ ആദ്യമായി രക്തം ദാനം ചെയ്യുന്നത്‌. നെഗറ്റീവ്‌ രക്തം കിട്ടാൻ ആളുകൾ കഷ്‌ടപ്പെടുന്നത്‌ കണ്ടിട്ടാണ്‌ രക്തദാനം കൃത്യമായ ജീവിതചര്യയാക്കി മാറ്റുന്നത്‌. തലശേരി മലബാർ കാൻസർ സെന്ററിലാണ്‌ കൂടുതലും രക്തം നൽകിയത്‌. രക്തം നൽകി മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുന്നതിലൂടെ നമ്മൾ കൂടുതൽ സന്തോഷമുള്ളവരായി തീരുകയാണ്‌ ചെയ്യുന്നതെന്ന്‌ റംല പറയുന്നു. കൂടുതൽ രക്തം നൽകിയതിനുള്ള ഇ‍ൗ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചിട്ടുണ്ട്‌. സഹോദരങ്ങളും മക്കളുമൊക്കെ അതേ പാത പിന്തുടർന്ന്‌ രക്തം നൽകുന്നുണ്ട്‌. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം കൂടിയാണ്‌ റംല.


2004 മുതലാണ്‌ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ലോക രക്തദാന ദിനം ആചരിക്കാനാരംഭിക്കുന്നത്‌. ‘മനുഷ്യത്വത്തിന്റെ ഒരു തുള്ളി. രക്തം ദാനം ചെയ്യൂ. ജീവൻ രക്ഷിക്കൂ’ എന്നതാണ്‌ ഇ‍ൗ വർഷത്തെ ദിനാചരണ പ്രമേയം.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home