ad
Deshabhimani

ചക്കപ്പഴ സീസൺ ആരംഭിച്ചു; നെല്ലിയാമ്പതിയിൽ വീണ്ടും ‘ചക്കക്കൊമ്പൻ’

chakkakomban

ചക്കപ്പഴം പറിക്കുന്ന ചക്ക കൊമ്പൻ

വെബ് ഡെസ്ക്

Published on Jun 14, 2026, 07:56 AM | 1 min read

കൊല്ലങ്കോട് : നെല്ലിയാമ്പതി മലനിരകളിൽ ചക്കപ്പഴ സീസൺ ആരംഭിച്ചതോടെ ‘ചക്കക്കൊമ്പൻ’ വീണ്ടും വനമിറങ്ങിത്തുടങ്ങി. നെല്ലിയാമ്പതിയിലെ വനങ്ങളിലും തോട്ടങ്ങളിലും പാടികളിലും പ്ലാവുകളിൽ ചക്ക പഴുത്തുതുടങ്ങുന്നതോടെയാണ് ചക്കക്കൊമ്പന്റെ വരവ്. കഴിഞ്ഞ 10 വർഷത്തിലേറെയായി ചക്കക്കാലത്ത് ഈ ഒറ്റയാൻ നെല്ലിയാമ്പതി കൂനംപാലത്തും പരിസര പ്രദേശങ്ങളിലും സ്ഥിരസാന്നിധ്യമാണ്.


രാത്രികാലങ്ങളിൽ ജനവാസമേഖലയിൽ എത്തുന്ന ചക്കക്കൊമ്പൻ പ്ലാവിൽനിന്ന് ചക്ക പറിച്ച് വയറുനിറയെ കഴിച്ചശേഷമാണ് മടങ്ങുക. ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തും. ആരെയും ഉപദ്രവിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാതെ, ചക്ക തിന്നുകഴിഞ്ഞാൽ ശാന്തനായി കാട്ടിലേക്ക് മടങ്ങുന്നതാണ് രീതി.


​നെല്ലിയാമ്പതിയിലെ കൂനംപാലത്തിന് സമീപത്തെ പ്രദേശമാണ് ചക്കക്കൊമ്പന്റെ പ്രധാന മേച്ചിൽപ്പുറം. ഇന്നേവരെ ആരെയും ശല്യം ചെയ്തിട്ടില്ലാത്തതിനാൽ കുട്ടികളും പ്രായമായവരും അടക്കമുള്ള നാട്ടുകാർക്ക് ആനയുടെ വരവും ചക്കതീറ്റയും ഏറെ കൗതുകമുള്ള കാഴ്ചയാണ്.


​ഒരു ചെറിയ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വ്യാഴം വൈകിട്ട്‌ കൂനംപാലത്ത് എത്തിയ കൊമ്പൻ പതിവുപോലെ ചക്ക ഭക്ഷിച്ച് തിരികെപോയി. വരുംദിവസങ്ങളിലും ചക്കക്കൊമ്പൻ വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് കൂനംപാലം സ്വദേശികൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home