ഓച്ചിറക്കളിക്ക് ഒരുങ്ങി പടനിലം; അഞ്ഞൂറിനകത്ത് കളി സംഘങ്ങൾ എത്തും


സ്വന്തം ലേഖകൻ
Published on Jun 14, 2026, 07:41 AM | 1 min read
ഓച്ചിറ : ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് പടനിലം ഒരുങ്ങി. രാജഭരണ കാലത്തെ ആയോധനമുറകൾ ഉണർത്തുന്ന ഓച്ചിറക്കളിക്ക് ഓണാട്ടുകരയിലെ കളരികളിൽ പരിശീലനം പൂർത്തിയായി. ഓച്ചിറക്കളി നടക്കുന്ന എട്ടു കണ്ടവും പടനിലവും വൃത്തിയാക്കി കഴിഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പടനിലത്താണ് ഓച്ചിറക്കളി നടക്കുക. ഒരു വയസ്സു മുതൽ 85വയസ്സുവരെയുള്ളവർ പങ്കെടുക്കും.
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽപ്പെട്ട 52 കരകളിലേയും കളരികളിൽ കഴിഞ്ഞ ഒരു മാസമായി പരിശീലനം തകൃതിയായി നടക്കുകയായിരുന്നു.
ഓച്ചിറക്കളിയിൽ പങ്കെടുക്കുന്ന ആശാൻമാർക്കും യോദ്ധാക്കൾക്കുമുള്ള പ്രത്യേക നിറങ്ങളിലുള്ള ബനിയനുകൾ ഭരണസമിതി നൽകും. 500 കളി സംഘങ്ങൾ എത്തുമെന്നാണ് ഓച്ചിറ ക്ഷേത്ര ഭരണസമിതി പ്രതീക്ഷിക്കുന്നത്.
ഇക്കുറി കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ 15 മുതൽ 19വരെ വിപുലമായ കാർഷികമേളയും കന്നുകാലിപ്രദർശനവുമുണ്ട്. കുടുംബശ്രീ, ഓച്ചിറ പഞ്ചായത്ത്, സിപിസിആർഐ, കാർഷിക സർവകലാശാല എന്നിവയുടെ സഹകരണത്തോടെ വിവിധ സ്റ്റാളുകളും പടനിലത്തുണ്ടാകും.
സൈന്യത്തോടൊപ്പം ഇറങ്ങിയ ധീരൻമാർ
കായംകുളം രാജ്യത്തെ ആക്രമിക്കാൻ വേണാട്ടു രാജാവ് ശ്രമിച്ചപ്പോൾ സ്വന്തം രാജ്യത്തെ രക്ഷിക്കാൻ കായംകുളം രാജാവിന്റെ സൈന്യത്തോടൊപ്പം കച്ചകെട്ടിയിറങ്ങിയ ധീരയോദ്ധാക്കളുടെ ഓർമയ്ക്കായാണ് എല്ലാവർഷവും ഓച്ചിറക്കളി നടക്കുന്നത്. ആയോധന കലയുടെ വൈഭവം പ്രകടമാകുന്ന ഓണാട്ടുകരയിലെ പ്രസിദ്ധിയാർജിച്ച ഓച്ചിറക്കളി ഏറെ പ്രത്യേകതകൾ ഉള്ളതാണ്. ചരിത്രസ്മരണകളുമായും ഓച്ചിറയിലെ ആചാരങ്ങൾക്ക് ബന്ധമുണ്ട്.
കളരിപ്പയറ്റിലെ അടവുകൾ തന്നെയാണ് ഓച്ചിറക്കളിക്കും പയറ്റുന്നത്. ആദ്യകാലങ്ങളിൽ ഇരുതല മൂർച്ചയുള്ള കായംകുളം വാളും പരിചയും ഉപയോഗിച്ചിരുന്നു. 1857ൽ ഓച്ചിറകളിക്ക് മാരകായുധങ്ങൾ ഉപയോഗിക്കുന്നത് ദിവാൻ നിരോധിച്ചു. ഇപ്പോൾ അളക്കുകൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ് ഉപയോഗിക്കുന്നത്.









0 comments