28 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ സ്‌കോട്‌ലൻഡിന് ജയം: ഹെയ്തി പൊരുതി വീണു

ബോസ്റ്റൺ: ലോകകപ്പ് ഫുട്ബോളിൽ, വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് ജയത്തോടെ ആഘോഷിച്ച് സ്‌കോട്‌ലൻഡ്. പൊരുതി കളിച്ച ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടീം കീഴടക്കിയത്. 28-ാം മിനിറ്റിൽ ജോൺ മക്‌ഗിൻ നേടിയ ഗോളാണ് ടീമിന് കരുത്തായത്. കൗണ്ടർ അറ്റാക്കുകളിലൂടെ ഹെയ്തി, സ്കോട്ടിഷ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചെങ്കിലും ഗോൾ നേടാനായില്ല. ജയത്തോടെ ബ്രസീലും മൊറോക്കോയും ഉൾപ്പട്ട ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്റോടെ സ്‌കോട്‌ലൻഡ് ഒന്നാമതെത്തി.
സ്റ്റീവ് ക്ലർക്കെന്ന പരിശീലകന് കീഴിൽ മികച്ച ഫോമിലാണ് സ്‌കോട്‌ലൻഡ് സംഘം കളിക്കുന്നത്. 1998ലെ ലോകപ്പിന് ശേഷം ആദ്യമായാണ് ടീം ലോകവേദിയിലെത്തുന്നത്. അന്നും ബ്രസീലും മൊറോക്കോയും ഉൾപ്പെട്ട ഗ്രൂപ്പിലായിരുന്നു സ്ഥാനം. ബ്രസീലിനോട് 2-1നും മൊറോക്കോയോട് 3-0നും തോറ്റുമടങ്ങുകയായിരുന്നു. നോർവെയോട് 1-1 സമനില നേടിയതാണ് നേട്ടം.
52 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഹെയ്‌തിയുടെ വരവ്. 1974ലായിരുന്നു ഹെയ്‌തിയുടെ ആദ്യ ലോകകപ്പ്. നാല് ടീമുകളുള്ള ഗ്രൂപ്പിൽ അവസാന സ്ഥാനവുമായി മടങ്ങി. ഇറ്റലിയോട് 3–1നും പോളണ്ടിനോട് 7–0നും അർജന്റീനയോട് 4–1നുമായിരുന്നു തോൽവി.









0 comments