പൊലീസ് സ്റ്റേഷനിൽ മദ്യപാനം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ചേലക്കര: പൊലീസ് സ്റ്റേഷൻ വളപ്പിലിരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ചേലക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോളി സെബാസ്‌റ്റ്യൻ, സിവിൽ പോലിസ് ഓഫീസർമാരായ അഖിൽ കൃഷ്ണൻ, സജിത് എന്നിവർക്കെതിരെയാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
പൊലീസുകാർ സ്റ്റേഷനിലിരുന്ന് മദ്യപിക്കുന്നുവെന്ന് സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ചേലക്കര എസ്എച്ച്ഒയെ അറിയിക്കാതെ വടക്കാഞ്ചേരി എസ്എച്ച്ഒയോട് സംഭവം അന്വേഷിക്കാൻ കമീഷണർ ചുമതലപ്പെടുത്തി. തുടർന്ന് രാത്രി പതിനൊന്നോടെ ചേലക്കര സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയിൽ ഗ്രേഡ് എസ്ഐയും രണ്ട് സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടെ മദ്യപിച്ചതായി കണ്ടെത്തി.
സ്റ്റേഷന് പുറക് വശത്തെ പൊളിഞ്ഞ കെട്ടിടത്തിലിരുന്ന് ഡ്യൂട്ടിയിലില്ലാത്ത പൊലീസുകാരാണ് മദ്യപിച്ചതെന്നാണ് അനൗദ്യോഗിക വിവരം. കുന്നംകുളം എസിപി മുഖാന്തിരം സിറ്റി പൊലീസ് കമീഷണർക്ക് അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഇവരെ തൃശൂർ റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്യുകയായിരുന്നു.
ചേലക്കര പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ നേതൃത്വത്തിൽ മദ്യപിച്ചതിനെതിരെ ഡിവൈഎഫ്ഐ ചേലക്കര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം ഒ എസ് സജി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ചേലക്കര ബ്ലോക്ക് പ്രസിഡന്റ് പി കൃഷ്ണപ്രസാദ് അധ്യക്ഷനായി. ട്രഷറർ കെ രഞ്ജിത്ത്, ജില്ലാ കമ്മിറ്റി അംഗം എം വിഷ്ണു, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം പി വൃന്ദ എന്നിവർ സംസാരിച്ചു.










0 comments