സാമുറായ് കുതിപ്പോ ഡച്ച് തന്ത്രമോ

ടെക്‌സാസ്: സാമുറായ് കുതിപ്പിന് ഡച്ച് പട കരുതിവച്ച തന്ത്രമെന്താകും? ലോകകപ്പിലെ ഏറ്റവും ത്രസിപ്പിക്കുന്ന മത്സരങ്ങളിലൊന്നിന് ഡല്ലസ് സ്‌റ്റേഡിയം വേദിയാകും. ഏഷ്യൻ പടയാളികളായ ജപ്പാൻ ഇന്ന് രാത്രി ഒന്നരയ്‌ക്ക് യൂറോപ്യൻ കരുത്തരായ നെതർലൻഡ്‌സിനെ നേരിടും. മൂന്നുവട്ടം ഫൈനലിൽ കാലിടറിയ ഡച്ചുകാർ ഇത്തവണയും സ്വപ്നം കാണുകയാണ്. എന്നാൽ ആദ്യ പോരാട്ടം തന്നെ കടുപ്പമാകും.
കഴിഞ്ഞ ലോകകപ്പിലെ മികവ് ആവർത്തിക്കാനാണ് ജപ്പാന്റെ വരവ്. ഖത്തറിൽ മരണഗ്രൂപ്പിൽ നിന്ന് സ്‌പെയ്‌നിനെയും ജർമനിയെയും അട്ടിമറിച്ച് പ്രീ ക്വാർട്ടർ വരെ കുതിച്ചു. ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ കാലിടറിയെങ്കിലും സമീപകാല ഫുട്‌ബോളിൽ ആധികാരിക പ്രകടനമാണ് കോച്ച് ഹജിമെ മൊറിയാസുവിന്റെ സംഘം നടത്തുന്നത്. യൂറോപ്യൻ ടീമുകൾക്കെതിരെ അവസാന എട്ട് കളിയിൽ ഏഴിലും ജയിച്ചു. ഒരു സമനിലയുമുണ്ട്. സൗഹൃദ പോരിൽ സാക്ഷാൽ ബ്രസീലിനെയും തകർത്തു. വേഗവും ഒരുമയുമാണ് കരുത്ത്. ആക്രമിക്കാനും പ്രതിരോധിക്കാനും 90 മിനിറ്റും കിതയ്‌ക്കാതെ സാമുറായ് കൂട്ടം കളത്തിലുണ്ടാകും. എതിരാളിയുടെ ഒരു നിമിഷത്തെ അശ്രദ്ധ മതി അവർക്ക് മുതലെടുക്കാൻ. തകേഫുസ കുബോ, ദയ്‌ച്ചി കമാദ തുടങ്ങിയ പ്രധാന താരങ്ങളുണ്ട്.
യോഗ്യതാ റൗണ്ടിൽ അജയ്യരായാണ് നെതർലൻഡ്‌സ് ലോകകപ്പിനെത്തുന്നത്. റൊണാൾഡ് കൂമാൻ പരിശീലിപ്പിക്കുന്ന ടീമിൽ ലോകോത്തര താരങ്ങളുണ്ട്. നായകൻ വിർജിൽ വാൻ ഡിക്, ഡെൻസെൽ ഡംഫ്രീസ്, ഫ്രെങ്കി ഡി യോങ്, മെംഫിസ് ഡിപെ, കോഡി ഗാക്‌പോ ഉൾപ്പെടെ സൂപ്പർതാരനിരയാണ്.
1974, 1978, 2010 ലോകകപ്പ് ഫൈനലുകളിലാണ് ഓറഞ്ച് പട ഫൈനലിൽ തോറ്റ് മടങ്ങിയത്. പടിക്കൽ കലമുടക്കുന്ന ടീമെന്ന ചീത്തപേര് മാറ്റാനുറച്ചാണ് വരവ്. കഴിഞ്ഞ തവണ ആവേശകരമായ ക്വർട്ടറിൽ അർജന്റീനയോട് തോറ്റാണ് പുറത്തായത്.









0 comments