വെളിച്ചെണ്ണ വില 
പിടിച്ചുനിർത്താൻ സപ്ലൈകോ ; ടെൻഡർ നടപടി പരിഷ്‌കരിച്ചു

supplyco coconut oil price hike
വെബ് ഡെസ്ക്

Published on Jul 15, 2025, 02:19 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്ത്‌ വെളിച്ചെണ്ണ വില ഉയരുന്നതിനിടയിൽ ശക്തമായ ഇടപെടലുമായി ഭക്ഷ്യവകുപ്പ്‌. ഇതിന്റെ ഭാഗമായി കേരളത്തിന്‌ പുറത്തുനിന്നുള്ള വെളിച്ചെണ്ണ വിതരണക്കാർക്ക്‌ ടെൻഡറിൽ പങ്കെടുക്കാൻ സപ്ലൈകോ അവസരം നൽകും. നിലവിൽ കേരളത്തിലുള്ള വിതരണക്കാർക്കായിരുന്നു ടെൻഡറിൽ പങ്കെടുക്കാൻ കഴിയുക. അതിലാണ്‌ മാറ്റം വരുത്തിയത്‌. തിങ്കളാഴ്‌ച സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ ‘കേര’ ബ്രാൻഡ്‌ ഒഴിച്ചുള്ള എണ്ണകൾക്ക്‌ ലിറ്ററിന്‌ 420–450 രൂപവരെയായി.


കേര വെളിച്ചെണ്ണ ലിറ്ററിന്‌ 329.70 രൂപയാണ്‌ സബ്‌സിഡി വില. സബ്‌സിഡി ഇതര വെളിച്ചെണ്ണയ്‌ക്ക്‌ 396.43 ഉം പൊതുവിപണിയിൽ 419 രൂപയുമാണ്‌. ഓണക്കാലത്ത്‌ 15–-20 ലക്ഷം ലിറ്റർ എണ്ണ സപ്ലൈകോ വഴി വിറ്റഴിക്കപ്പെടുമെന്ന്‌ കരുതുന്നു. ഇത്രയും അളവിൽ എണ്ണ മുൻകൂറായി ഉറപ്പുവരുത്തുകയാണ്‌ ലക്ഷ്യം. തങ്ങളുടെ രണ്ട്‌ പ്ലാന്റുകളിലും ഉൽപ്പാദനം കൂട്ടാനാണ്‌ കേരഫെഡ്‌ ആലോചിക്കുന്നത്‌. റേഷൻകടകളിലൂടെ മുൻഗണന കാർഡുകാർക്ക്‌ കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ ലഭ്യമാക്കാനാകുമോ എന്ന കാര്യം ബോർഡ്‌ യോഗം ചർച്ച ചെയ്യുമെന്നും ചെയർമാൻ വി ചാമുണ്ണി പറഞ്ഞു.


ഉന്നതതല യോഗം നാളെ

വെളിച്ചെണ്ണയ്‌ക്ക്‌ വില കൂടുന്ന സാഹചര്യത്തിൽ ബദൽ നടപടികളെ കുറിച്ച്‌ ആലോചിക്കാൻ ബുധനാഴ്‌ച ഉന്നതതലയോഗം ചേരുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കൊപ്ര, തേങ്ങ എന്നിവ പൂഴ്‌ത്തിവയ്‌ക്കുന്നതായി കണ്ടാൽ പരിശോധന നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home