പൂരകവരുമാന പദ്ധതി; ഖാദിത്തൊഴിലാളികൾക്ക് 19.5 കോടി

പയ്യന്നൂർ: പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് പൂരകവരുമാന പദ്ധതിപ്രകാരം നടപ്പ് സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ വകയിരുത്തിയ തുകയിൽനിന്ന് ഖാദിത്തൊഴിലാളികൾക്ക്19.5 കോടി രൂപ അനുവദിച്ച് ഉത്തരവായി. ഈ ഇനത്തിൽ ഖാദിക്ക് വകയിരുത്തിയ 39 കോടി രൂപയിൽ 19.5 കോടി രൂപ ആദ്യഘട്ടത്തിൽ വിതരണംചെയ്തിരുന്നു.
സംസ്ഥാന സർക്കാർ നടപ്പാക്കിയ മിനിമംകൂലി ഖാദി സ്ഥാപനങ്ങൾ പൂർണമായും നൽകുന്നില്ല. ഖാദി കമീഷൻ നിശ്ചയിക്കുന്ന കോസ്റ്റ്ചാർട്ട് പ്രകാരമുള്ള കൂലിയാണ് തൊഴിലാളികൾക്ക് നൽകിവരുന്നത്. കോസ്റ്റ്ചാർട്ട് കൂലിയോടൊപ്പം, മിനിമംകൂലിയിൽ എത്താനുള്ള തുക സർക്കാർ നടപ്പാക്കിയ ഇൻകം സപ്പോർട്ട് സ്കീമിൽനിന്നാണ് നൽകുന്നത്. ഇപ്പോൾ അനുവദിച്ച തുക 10 മാസത്തെ കൂലി കുടിശ്ശിക തീർത്ത് നൽകാൻ മതിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
സംസ്ഥാന ബജറ്റിൽ ഖാദി ഉൾപ്പെടെയുള്ള പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ധനസഹായം നൽകാൻ 107 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മിനിമംകൂലി പുതുക്കി നിശ്ചയിക്കാൻ തൊഴിൽവകുപ്പ് നിർദേശം നൽകിയിട്ടുമുണ്ട്. കടുത്ത സാമ്പത്തികഞെരുക്കവും കേന്ദ്ര അവഗണനയും നിലനിൽക്കുന്ന സാഹചര്യത്തിലും, അവശതയനുഭവിക്കുന്ന പരമ്പരാഗത മേഖലയിലെ തൊഴിലാളികളെ ചേർത്തുനിർത്തുന്ന സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ് പുഷ്പലതയും ജനറൽ സെക്രട്ടറി സി കൃഷ്ണനും പറഞ്ഞു.










0 comments