ad
Deshabhimani

ഹൈക്കമാൻഡ് തീരുമാനം സ്വാ​ഗതം ചെയ്യുന്നുവെന്ന് സണ്ണി ജോസഫ്; ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം

sunny joseph
വെബ് ഡെസ്ക്

Published on May 14, 2026, 01:07 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തീരുമാനം വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട അദ്ദേഹം ഹൈക്കമാൻഡ് നിലപാടിനൊപ്പമാണെന്ന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാൽ പക്ഷത്തിന് വേണ്ടി ശക്തമായി വാദിച്ചയാളാണ് സണ്ണി ജോസഫ്. എന്നാൽ സതീശനെ പ്രഖ്യാപിച്ചതോടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. മാധ്യമങ്ങളുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടങ്ങിയ അദ്ദേഹം, പോകുന്നതിന് തൊട്ടുമുമ്പാണ് വി ഡി സതീശനെ അഭിനന്ദനം അറിയിച്ചത്.


നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പത്തുദിവസം പിന്നിട്ടിട്ടും കോൺഗ്രസിനുള്ളിലെ തർക്കം മൂലം കേരളത്തിൽ ഭരണസ്തംഭനം തുടരുകയായിരുന്നു. ഇതിനിടെയാണ് ഐഐസിസി നിരീക്ഷകരുടെ റിപ്പോർട്ടും സതീശനായി നടത്തിയ പ്രകടനങ്ങളും കണക്കിലെടുത്ത് ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊണ്ടത്. അവസാന നിമിഷം വരെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കാൻ സണ്ണി ജോസഫ് അടക്കമുള്ളവർ രംഗത്തുണ്ടായിരുന്നു. എന്നാൽ ഘടകകക്ഷികളുടെ സമ്മർദം സതീശന് അനുകൂലമായതോടെയാണ് ഹൈക്കമാൻഡ് തീരുമാനം മാറ്റിയതെന്നാണ് വിലയിരുത്തൽ.


നിയമസഭാ കക്ഷി യോഗം ഇന്ന്


മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4 മണിക്ക് നിയമസഭാ ഹാളിൽ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരും പങ്കെടുക്കും. ഈ യോഗത്തിൽ വി ഡി സതീശനെ കക്ഷിനേതാവായി ഔദ്യോഗികമായി നിർദ്ദേശിക്കും. തുടർന്ന് ഘടകകക്ഷി നേതാക്കളുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാകും ഗവർണറെ കാണുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.


ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മുഖ്യമന്ത്രിയെ നിശ്ചയിച്ചെങ്കിലും, മന്ത്രിസഭാ രൂപീകരണത്തിലും ഗ്രൂപ്പ് വീതംവെപ്പ് തുടരുന്നത് വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ പുതിയ കലഹങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home