'കറന്റ് എപ്പോ വരുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ മതി..!'; സണ്ണി ജോസഫിന് എട്ടിന്റെ പണിയുമായി കെഎസ്ഇബി ജീവനക്കാർ

തിരുവനന്തപുരം: തുടർച്ചയായ പവർ കട്ടിൽ പരാതി അറിയിക്കാനായി കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച പരാതിക്കാരന് മന്ത്രിയുടെ നമ്പർ നൽകി ജീവനക്കാർ. കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് പരാതിക്കാരന് മന്ത്രിയുടെ നമ്പർ നൽകുകയായിരുന്നു.
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മന്ത്രിയുടെ നമ്പർ നൽകിയ ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് മന്ത്രി.
അതേസമയം, ഒരു ദിവസം തുടർച്ചയായി മൂന്നും നാലും തവണ പവർ കട്ട് ഉണ്ടാകുന്നതിൽ ജനങ്ങൾ സഹകരിക്കണമെന്നും തനിക്ക് അത്ഭുതമൊന്നും കാണിക്കാനാകില്ലെന്നുമായിരുന്നു വൈദ്യുതിമന്ത്രിയുടെ പ്രതികരണം. ഇപ്പോഴത്തെ പ്രതിസന്ധി കേരളത്തിൽ മാത്രമല്ല.
സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ല. മഴക്കുറവാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ ഗണ്യമായി കുറയുകയും ചൂട് കൂടുകയും ചെയ്തു. അതുപോലെ വൈദ്യുതി ഉപഭോഗവും വർധിച്ചു. കേരളത്തിന് 700 മെഗാവാട്ട് വരെ കുറവുണ്ടാകും എന്ന് ഗ്രിഡ് കൺട്രോൾ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
തുടർന്ന് ടെണ്ടറുകൾ ക്ഷണിച്ചിട്ടും ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിഷയം മനസിലാക്കി എല്ലാജനങ്ങളും സഹകരിക്കണം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം സർക്കാരും കെഎസ്ഇബിയും തുടരുകയാണെന്നും മന്ത്രി പറഞ്ഞു.










0 comments