ad
Deshabhimani

മകന്റെ കുടുംബപെൻഷൻ വേണം; പെൻഷണറായ അമ്മയുടെ ആവശ്യം തള്ളി ഹൈക്കോടതി

Luxury tax
വെബ് ഡെസ്ക്

Published on Sep 09, 2026, 09:33 PM | 1 min read

കൊച്ചി: സർക്കാർ ജീവനക്കാരനായിരിക്കെ മരിച്ച മകന്റെ ഭാര്യക്കും പേരക്കുട്ടിക്കും ലഭിക്കുന്ന കുടുംബ പെൻഷനിൽ അവകാശവാദമുന്നയിച്ച്‌, സർവീസ് പെൻഷണർകൂടിയായ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി.


മരുമകൾക്കും 22 വയസ്സുള്ള പേരക്കുട്ടിക്കും തന്നെസംരക്ഷിക്കാൻ ബാധ്യതയുണ്ടെന്നടക്കം ചൂണ്ടിക്കാട്ടി കടവന്ത്ര മുട്ടത്തിൽലെയിൻ നന്ദനത്തിൽ കെ തങ്കമ്മ നൽകിയ ഹർജിയാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ തള്ളിയത്.


വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിക്ക്, പെൻഷൻ കൈപ്പറ്റുന്ന മുത്തശ്ശിയുടെ സംരക്ഷണചുമതല ഏറ്റെടുക്കാൻ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. തങ്കമ്മയുടെ മകൻ ടി രാജ്കുമാർ കെഎസ്ഇബി സീനിയർ സൂപ്രണ്ടായിരിക്കെയാണ് മരിച്ചത്.


ആശ്രിത ആനുകൂല്യത്തിന്റെ ഭാഗമായി തങ്കമ്മയ്‌ക്ക്‌ 12,28,646 രൂപ നൽകിയിരുന്നു. ഇതിനു പുറമെയാണ്‌, മകന്റെ കുടുംബപെൻഷനിൽനിന്ന്‌ മാസം 15,000 രൂപ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇവർ മെയിന്റനൻസ് ട്രിബ്യൂണലിനെ സമീപിച്ചത്‌.


ഫിഷറീസ് വകുപ്പിൽനിന്ന് വിരമിച്ച തങ്കമ്മയ്‌ക്ക് പെൻഷനുപുറമെ ഭർത്താവിന്റെ കുടുംബപെൻഷനും ലഭിക്കുന്നുണ്ടെന്നതടക്കം പരിഗണിച്ച് അപേക്ഷ തള്ളി. ഇതിനെതിരെ നൽകിയ അപ്പീൽ കലക്ടറും തള്ളിയതോടെയാണ് ഹൈക്കോടതിയിലെത്തിയത്‌.


മകന്റെ മരണശേഷം മരുമകളോ അവരുടെ മക്കളോ പിതൃമാതാവിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ബാധ്യസ്ഥരാണോ എന്നതാണ് കോടതി പരിശോധിച്ചത്. മുതിർന്ന പൗരരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച 2007ലെ നിയമപ്രകാരം മരുമകൾക്ക് സംരക്ഷണബാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


എന്നാൽ, മക്കൾ, ബന്ധു എന്നീ ഗണത്തിൽവരുന്ന പേരക്കുട്ടിക്ക്‌ സംരക്ഷിക്കാൻ നിയമപ്രകാരം ബാധ്യതയുണ്ടെന്ന് ഹർജിക്കാരി വാദിച്ചു. ബാങ്ക് വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടി സംരക്ഷിക്കണമെന്നത് യുക്തിരഹിതമായ ആവശ്യമാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.


പെൻഷനും 12 ലക്ഷത്തിലേറെ രൂപയുടെ ആനുകൂല്യവും ലഭിച്ചെന്നതിൽ ഹർജിക്കാരിക്ക് തർക്കമില്ല. തുക കുറഞ്ഞെന്ന പരാതിയും ഉന്നയിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ മകന്റെ ഭാര്യക്ക് ലഭിക്കുന്ന പെൻഷനിൽ അവകാശമുന്നയിക്കാൻ ചട്ടപ്രകാരം കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home