ജീവനക്കാർക്കെതിരായ കനറ ബാങ്ക് മാനേജ്മെന്റിന്റെ പ്രതികാര നടപടി അവസാനിപ്പിക്കണം; ബെഫി

പാലക്കാട് : കനറ ബാങ്ക് പാലക്കാട് ബിഗ് ബസാർ ശാഖയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ തെറ്റുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് ബാങ്ക് മേധാവികൾക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കുന്നതിന് പകരം സ്വകാര്യ ഏജൻസിയായ ക്ലൗഡ്സെക് മുഖേന നോട്ടീസ് അയച്ച കനറ ബാങ്ക് മാനേജ്മെന്റിന്റെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ബെഫി സംസ്ഥാന കമ്മിറ്റി.
വിഷയം ഉന്നയിച്ച സംഘടനാ നേതാവിന്റെ പ്രസ്താവനകൾ പിൻവലിക്കണമെന്നും കൈവശമുള്ള രേഖകൾ സ്വകാര്യ ഏജൻസിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട നടപടി പൊതുമേഖലാ ബാങ്കിന്റെ സുതാര്യതയും ഉത്തരവാദിത്വവും ചോദ്യം ചെയ്യുന്നതാണ്. ക്രമക്കേടുകൾ അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരുന്നതിന് പകരം പരാതി ഉന്നയിച്ചവരെ സമ്മർദ്ദത്തിലാക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമം അംഗീകരിക്കാനാവില്ല.
ഇതിനെതിരെ സെപ്റ്റംബർ 1ന് കനറ ബാങ്ക് പാലക്കാട് റീജണൽ ഓഫീസിന് മുന്നിൽ വൈകിട്ട് ആറിന് ബെഫി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തു എന്ന് ആരോപിച്ച് ജീവനക്കാർക്കെതിരെ ഇപ്പോൾ ഷോക്കോസ് നോട്ടീസ് നൽകി പ്രതികാര നടപടി സ്വീകരിച്ചിരിക്കുകയാണ്. അഞ്ച് ദിവസത്തിനകം വിശദീകരണം നൽകണമെന്ന നിർദ്ദേശം ജീവനക്കാരുടെ സംഘടനാ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും വെല്ലുവിളിക്കുന്നതാണ്.
ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ച സംഘടനാ നേതാവിനെതിരായ സ്വകാര്യ ഏജൻസി നോട്ടീസും പ്രതിഷേധത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരായ ഷോക്കോസ് നോട്ടീസുകളും ഉൾപ്പെടെ രണ്ട് നടപടികളെയും ബെഫി സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു. കനറ ബാങ്ക് മാനേജ്മെന്റിന്റെ ഇത്തരത്തിലുള്ള നടപടികൾ ഉടൻ പിൻവലിക്കണം. അതോടൊപ്പം ബന്ധപ്പെട്ട വിഷയത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി യഥാർത്ഥ തെറ്റുകാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ബെഫി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു. വിഷയത്തിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ സെപ്റ്റംബർ 12ന് ചേരുന്ന ബെഫി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.








0 comments